'ആസ്പത്രിക്കാട്ടി'ലെ മരവും തേവരുടെ ആനയും
അഞ്ചുവര്‍ഷം മുന്‍പാണ്. ഔഷധ നിര്‍മാണരംഗത്ത് രാജ്യാന്തരതലത്തില്‍ വ്യാപിച്ചുകിടക്കുന്ന ഇന്ത്യന്‍ സ്ഥാപനമായിരുന്ന 'റാന്‍ബക്‌സി'യുടെ അമേരിക്കന്‍ ഫാക്ടറികളിലൊന്നിലാണു സംഭവം. അതിലെ ഒരുദ്യോഗസ്ഥന്റെ മകനു ചില്ലറ അസുഖം ബാധിച്ചപ്പോള്‍ ഡോക്ടറെ സമീപിച്ചു. ഡോക്ടര്‍ കുറിച്ചുകൊടുത്തതു റാന്‍ബക്‌സിയുടെ മരുന്നുകള്‍. അതു കഴിച്ചിട്ടു രോഗം ഭേദമായില്ലെന്നല്ല, മൂര്‍ച്ഛിക്കുകയാണു ചെയ്തത്.
പരിഭ്രാന്തനായ ഉദ്യോഗസ്ഥന്‍ മറ്റൊരു ഡോക്ടറുടെ സഹായം തേടി. അദ്ദേഹം നിര്‍ദേശിച്ചതു മറ്റൊരു കമ്പനിയുടെ അതേ മരുന്നായിരുന്നു. അതു കഴിച്ചപ്പോള്‍ മകന്റെ രോഗം ശമിച്ചു. ആ പിതാവിന് ആശ്വാസമായി. എന്നാല്‍, അദ്ദേഹം അവിടംകൊണ്ടു നിര്‍ത്തിയില്ല. ജനിതകമായി ഒരേവര്‍ഗത്തില്‍പ്പെട്ടതാണു രണ്ടു മരുന്നും. 'ബ്രാന്‍ഡ് നെയിമില്‍' മാത്രമാണു വ്യത്യാസം. എന്നിട്ടും രണ്ടുഫലം. ഇതെങ്ങനെ സംഭവിച്ചു.
ഫാക്ടറി ഉദ്യോഗസ്ഥനായതിനാല്‍ അദ്ദേഹത്തിന് ആഭ്യന്തര വിവരങ്ങള്‍ ചോര്‍ത്താന്‍ എളുപ്പമായിരുന്നു. അപ്പോഴാണു ഞെട്ടിപ്പിക്കുന്ന രഹസ്യം വെളിപ്പെട്ടത്. ഔഷധത്തിലടങ്ങിയിട്ടുണ്ടെന്നു പാക്കിങ് ലേബലില്‍ രേഖപ്പെടുത്തിയ ഘടകപദാര്‍ഥങ്ങളില്‍ പലതും ഒഴിവാക്കിയോ നിശ്ചിതയളവില്‍ ചേര്‍ക്കാതെയോ ആണ് റാന്‍ബക്‌സി മരുന്നുല്‍പ്പാദിപ്പിച്ചുകൊണ്ടിരിക്കുന്നത്.
ഔഷധഗുണനിലവാരം നിര്‍ണയിക്കുന്ന അമേരിക്കയിലെ ഫെഡറല്‍ ബ്യൂറോ ഓഫ് ഡ്രഗ്‌സിന് ആ ഉദ്യോഗസ്ഥന്‍ തെളിവുസഹിതം തന്റെ കമ്പനിക്കെതിരേ പരാതിനല്‍കി. പരാതി ശരിയാണെന്നു ബോധ്യപ്പെട്ട ബ്യൂറോ റാന്‍ബക്‌സിക്ക് 500 കോടി ഡോളര്‍ പിഴയിടുകയും കമ്പനിയുടെ മറ്റെല്ലാ ഉല്‍പ്പന്നങ്ങളും ഗുണപരിശോധനയ്ക്കു വിധേയമാക്കാന്‍ നിശ്ചയിക്കുകയും ചെയ്തു. റാന്‍ബക്‌സിക്ക് അമേരിക്കയിലെ ഉല്‍പ്പാദനം അവസാനിപ്പിക്കേണ്ടിവന്നു. വിദേശരാജ്യങ്ങളിലെ ഫാക്ടറികള്‍ ഒന്നൊന്നായി ജപ്പാന്‍ കമ്പനിക്ക് വിറ്റൊഴിവാക്കി. അവരില്‍ നിന്ന് അതു പിന്നീട് 'സണ്‍ ഫാര്‍മ' വാങ്ങി. ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ഔഷധനിര്‍മാതാക്കളില്‍ ആറാം സ്ഥാനത്താണു സണ്‍.
ഇന്ത്യയിലിപ്പോഴും റാന്‍ബക്‌സിയുടെ മരുന്നുകള്‍ എല്ലാ ഫാര്‍മസികളിലും ലഭ്യമാണ്. നമ്മുടെ ഡോക്ടര്‍മാര്‍ അവയുടെ കുറിപ്പടി നല്‍കാറുമുണ്ട്. അമേരിക്കന്‍ സംഭവം നമ്മുടെ വന്‍കിടമാധ്യമങ്ങള്‍ വാര്‍ത്തയാക്കിയതേയില്ല. റാന്‍ബക്‌സിയുടെ പുറമേ പുരട്ടുന്ന വേദനാസംഹാരിയായ 'വോലിനി'യുടെ പരസ്യം നഷ്ടപ്പെടുമെന്ന ഭയമായിരിക്കാം കാരണം. മുന്‍രാജ്യസഭാംഗവും ഇപ്പോള്‍ സി.പി.എം എറണാകുളം ജില്ലാ സെക്രട്ടറിയുമായ പി രാജീവ് മാത്രമാണു ദേശാഭിമാനി വാരികയില്‍ സമകാലീന വിഷയങ്ങളെപ്പറ്റിയെഴുതിയ കോളത്തില്‍ ഈ സംഭവം പരാമര്‍ശിക്കാന്‍ ധൈര്യപ്പെട്ടത്. ഉല്‍പ്പാദനം മുതല്‍ വിപണനം വരെയുള്ള രംഗത്തു മരുന്നുകളുടെ മറവില്‍ നമ്മുടെ നാട്ടില്‍ നടക്കുന്ന തീവെട്ടിക്കൊള്ളയെപ്പറ്റി സൂചിപ്പിക്കാനാണ് ഈ ആമുഖം.
പ്രേമനൈരാശ്യമാണു കൃഷ്‌ണേന്ദുവിനെ ആത്മഹത്യയ്ക്കു നിര്‍ബന്ധിതയാക്കിയത്. മധ്യകേരളത്തിലെ മെട്രോനഗരത്തിലുള്ള ആ വിദ്യാര്‍ഥിനി സഹപാഠിയായ അന്യമതക്കാരനുമായി പ്രണയത്തിലായിരുന്നു. വിവരം പുറത്തായപ്പോള്‍ വീട്ടുകാരുടെയും ബന്ധുക്കളുടെയും കടുത്തഎതിര്‍പ്പുയര്‍ന്നതു സ്വാഭാവികം. തൂങ്ങിമരണം, തീവണ്ടിക്കു തലവയ്ക്കല്‍, കായലില്‍ മുങ്ങിച്ചാവല്‍ എന്നിങ്ങനെ പല ആത്മഹത്യാമാര്‍ഗങ്ങളെപ്പറ്റിയും ആലോചിച്ചു. കാമുകന്‍ ഈ പരിപാടികള്‍ക്കെല്ലാം ഓരോരോ കുറ്റങ്ങളും കുറവുകളും വിദഗ്ധമായി കണ്ടെത്തി അവതരിപ്പിച്ചപ്പോള്‍, മരണത്തെ പുല്‍കാന്‍ തീരുമാനിച്ച കൃഷ്ണ മറ്റു മാര്‍ഗം തേടി.
അലമാരിയല്‍ സൂക്ഷിച്ച കുറേ വാലിയം ഗുളികകള്‍ അവള്‍ക്കു കിട്ടി. 68 കാരനായ അച്ഛന്‍ രാത്രി ഉറങ്ങാന്‍ ദിവസവും അതിലൊരെണ്ണം ഉപയോഗിക്കുന്നുണ്ടെന്ന് അവള്‍ക്കറിയാമായിരുന്നു. അച്ഛന്റെ മരുന്നുപെട്ടിയില്‍നിന്നും കിട്ടി കുറേ ഗുളികകള്‍. അഞ്ച്, പത്ത് മില്ലിഗ്രാമിന്റെ മൊത്തം 127 ഗുളികകള്‍. (ആത്മഹത്യക്ക് എളുപ്പവഴിയാണെന്ന കാരണത്താല്‍ വാലിയം ഗുളികകളുടെ വിപണനത്തിനു സര്‍ക്കാര്‍ നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. അതിനാല്‍, ഡോക്ടര്‍മാര്‍ വീര്യംകുറഞ്ഞ ഉറക്കഗുളികകളേ നിര്‍ദേശിക്കാറുള്ളൂ). ചേട്ടന്റെ വിസ്‌കിക്കുപ്പിയില്‍നിന്നു മൂന്നു പെഗ് കവര്‍ന്നെടുത്തു രാത്രി കൃഷ്‌ണേന്ദു 127 ഗുളികകളും അതിലിട്ടു കഴിച്ച് 'മരണമേ അഹംഭാവിയാകാതേ...' എന്ന പ്രാര്‍ഥനയോടെ കിടന്നുറങ്ങി.
പിറ്റേന്നു കതകില്‍ ആരൊക്കെയോ ശക്തിയായി തട്ടുന്നതുകേട്ടാണു കൃഷ്‌ണേന്ദു പണിപ്പെട്ടു കണ്ണുതുറന്നത്. എഴുന്നേല്‍ക്കാന്‍ ആയാസമുണ്ടെന്നതൊഴിച്ചാല്‍ ഒന്നുംസംഭവിച്ചിട്ടില്ല. വാച്ചില്‍ സമയം 11.30. ജനല്‍ തുറന്നപ്പോള്‍ ഉച്ചവെളിച്ചം അരിച്ചരിച്ച് അകത്തേയ്ക്കു കയറി. സാധാരണഗതിയില്‍ 10 മില്ലിഗ്രാം വാലിയം ഗുളിക 30-40 എണ്ണം കഴിച്ചാല്‍ ഒരാളെ മൃത്യുദേവത അനുഗ്രഹിക്കുമെന്നു വൈദ്യശാസ്ത്രംപറയുന്നതു തെറ്റാണെന്ന് ഇവിടെ തെളിയിക്കപ്പെടുകയായിരുന്നു.
ഇന്ത്യയില്‍ വര്‍ഷംതോറും ശരാശരി ഇരുപതിനായിരം കോടി രൂപയുടെ വ്യാജ,കൃത്രിമ മരുന്നുവില്‍പ്പന നടക്കുണ്ടെന്നു ചില പഠനങ്ങള്‍ പറയുന്നു. അതു കണ്ടെത്തി തടയുന്നതടക്കമുള്ള ഫലപ്രദമായ നടപടികള്‍ കൈക്കൊള്ളാനുള്ള ഒരു സംവിധാനവും ഇവിടെ പ്രായോഗികാടിസ്ഥാനത്തില്‍ നിലവിലില്ല.
മോഹന്‍ലാല്‍, നെടുമുടി വേണു, സോമന്‍, ജഗദീഷ്, ദേവന്‍, ഹീര, ബേബി ശാലിനി തുടങ്ങിയവരഭിനയിച്ച 'നിര്‍ണയം' എന്ന മലയാള ചിത്രം ഒരു 'ക്രൈം തില്ലറാ'യാണു പര്യവസാനിച്ചതെങ്കിലും ചില സ്വകാര്യആശുപത്രികളും ഡോക്ടര്‍മാരിലെ ഏതാനും ക്രിമിനലുകളും ആരോഗ്യരംഗത്തെ അനീതികള്‍ക്ക് എങ്ങനെ കൂട്ടുനില്‍ക്കുകയും പ്രോത്സാഹിപ്പിക്കുകയുംചെയ്യുന്നുവെന്നു വെളിവാക്കുന്നു.
കഴിഞ്ഞവര്‍ഷം സെപ്തംബറില്‍ ഡോ. അരുണ്‍ ഗദ്‌രെയും ഡോ. അഭയ് ശുക്ലയും ചേര്‍ന്നെഴുതി പ്രസിദ്ധീകരിച്ച 'ഡിസെന്റിംഗ് ഡയഗ്‌നോസിസ്' സ്വാര്‍ഥമോഹികളും സത്യസന്ധതയില്ലാവരുമായ ഡോക്ടര്‍മാരും ചില കോര്‍പറേറ്റ് ആശുപത്രികളും രോഗനിദാനശാസ്ത്രവിദഗ്ധരും എങ്ങനെ, ഏതെല്ലാം വിധത്തില്‍ ചൂഷണം ചെയ്യുന്നുവെന്നതിലേയ്ക്കു കൃത്യമായി വെളിച്ചംവീശുന്ന കൃതിയാണ്.
കോര്‍പറേറ്റ് ആശുപത്രികളും അവയിലെ ഡോക്ടര്‍മാരും ഫാര്‍മ കമ്പനികളും തമ്മില്‍ അവിഹിതകൂട്ടുകെട്ടുണ്ടെന്നു ഡിസെന്റിംഗ് ഡയഗ്‌നോസിസ് ഉദാഹരണസഹിതം സമര്‍ഥിക്കുന്നു. ചൂഷണാടിസ്ഥാനത്തിലാണ് അവ പ്രവര്‍ത്തിക്കുന്നത്. ലാഭമുണ്ടാക്കുകയാണു ലക്ഷ്യം. എല്ലാറ്റിന്റെയും അടിസ്ഥാനം കമ്മിഷന്‍. തങ്ങളുടെ മരുന്നുകള്‍ രോഗികള്‍ക്കു നിര്‍ദേശിക്കുന്ന ഡോക്ടര്‍മാര്‍ക്ക് ഒരു സ്റ്റെതസ്‌കോപ്പല്ല, മണിമാളികതന്നെ ഫാര്‍മക്കമ്പനികള്‍ വക സമ്മാനം. (ചില ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്ന മരുന്നുകള്‍ 'നിശ്ചിത'ഫാര്‍മസികളില്‍ മാത്രമേ ലഭിക്കൂ എ ന്നത് ഇതിന്റെ മറ്റൊരു വശം).
ആശുപത്രികള്‍ ആവശ്യമില്ലാത്ത ടെസ്റ്റുകള്‍ നടത്തുന്നതിലും സ്‌പെഷ്യല്‍ പാക്കേജ് എന്ന പേരില്‍ രോഗികളെ പിഴിയുന്നതിലും വിദഗ്ധരായിരിക്കും. മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രികളല്‍ ഓരോ ഡോക്ടര്‍ക്കും നിശ്ചിത ടാര്‍ജറ്റ് സമ്പ്രദായം പോലും നിലവിലുണ്ടെന്ന് ഈ പുസ്തകം സാക്ഷ്യപ്പെടുത്തുന്നു. ഷെയര്‍ ഹോള്‍ഡിങ് സമ്പ്രദായത്തിലാണ് ഇത്തരം ഹോസ്പിറ്റലുകള്‍ ആരംഭിക്കുന്നത്. ഷെയറെടുത്തവര്‍ക്ക് (പണംമുടക്കിയവര്‍ക്ക്) ലാഭം കിട്ടണം. അങ്ങനെ ആശുപത്രികള്‍ വ്യവസായമായി മാറുന്നു.
ഡല്‍ഹിയിലെ ഒരു കോര്‍പറേറ്റ് ആശുപത്രിയുടെ കഥ പറയുന്നുണ്ട് 'ഡിസെന്റര്‍ ഡയഗ്‌നോസിസ്'. അതിന്റെ ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസര്‍ ഒരു 'സാദാ' എം.ബി.ബി.എസുകാരനാണ്. കിഡ്‌നി പ്രശ്‌നവുമായി ഒരു രോഗി ആ ആശുപത്രിയിലെത്തി. ഉന്നതബിരുദമുള്ള വൃക്കരോഗവിദഗ്ധന്‍ സാധാരണ മരുന്നുകൊണ്ടു പ്രശ്‌നം പരിഹരിക്കാവുന്നതേയുള്ളൂവെന്നു നിര്‍ദേശിച്ചപ്പോള്‍ നിര്‍ബന്ധമായും ശസ്ത്രക്രിയ വേണമെന്നായി സി.ഇ.ഒ. അത് അംഗീകരിക്കാതെ തര്‍ക്കിക്കാനൊരുമ്പെട്ട വിദഗ്ധന്റെ ജോലി നഷ്ടപ്പെടലായിരുന്നു ഫലം! (തുടരും)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."