നാട്ടുകാര്‍ക്ക് ചെളിയഭിഷേകം
മട്ടന്നൂര്‍: കനത്ത മഴയില്‍ ചെളിയും വെള്ളവും കുത്തിയൊഴുകി വ്യാപക നാശനഷ്ടം. കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ മഴയിലാണ് വന്‍ നാശമുണ്ടായത്. കണ്ണൂര്‍ വിമാനത്താവളത്തിലേക്കുള്ള പ്രധാന റോഡായ മട്ടന്നൂര്‍ വായാന്തോട് കാര പേരാവൂര്‍ റോഡ് വീതി കൂട്ടി നവീകരിക്കുമ്പോള്‍ ചില സ്ഥലങ്ങളില്‍ ഓവുചാല്‍ നിര്‍മിക്കാതെ ഒഴിവാക്കിയതാണ് പ്രദേശവാസികള്‍ക്ക് ദുരിതമായത്.
കാര പേരാവൂരിലെ പത്തോളം വീടുകളിലേക്കും കടകളിലേക്കും ചെളിവെള്ളം കുത്തിയൊലിച്ച് കയറി നാശനഷ്ടങ്ങളുണ്ടായി. കാര പേരാവൂരിലെ എന്‍ അംഗജന്റെ ചലചരക്ക് കട, സമീപത്തെ കീഴല്ലൂര്‍ പഞ്ചായത്ത് കുടുംബ ക്ഷേമ കേന്ദ്രം, റീന സ്റ്റോര്‍, ശശിയുടെ ബാര്‍ബര്‍ ഷോപ്പ്, ടി ഇബ്രാഹിമിന്റെ പലചരക്ക് കട, രാജേഷിന്റെ ടൈലര്‍ ഷോപ്പ് എന്നിവരുടെ കടകളിലും അഡ്വ: വാസു തോട്ടത്തില്‍, സി.സി നാണു നമ്പ്യാര്‍, എന്‍.വി ഷമല്‍, എന്‍.വി രസിത, വിജയന് തുടങ്ങിയവരുടെ വീട്ടുമുറ്റങ്ങളിലും ചെളിവെള്ളം കെട്ടിക്കിടന്നു. വാസുതോട്ടത്തിലിന്റെ മുറ്റം നിറയെ ചെളി വെളളം കെട്ടിക്കിടന്നതിനാല്‍ വീട്ടുകാര്‍ക്ക് പുറത്തിറങ്ങാന്‍ കഴിയാതെയായി. കോടികള്‍ ചിലവിട്ടാണ് വിമാനത്താവളത്തിലേക്ക് നിലവിലുള്ള റോഡ് വീതികൂട്ടി നവീകരിച്ചത്.
മഴ വെള്ളം ഒഴുകിപോകാന്‍ വ്യാപാര സ്ഥാപനങ്ങള്‍ക്കും വീടുകള്‍ക്കു മുന്നിലും ഓവുചാല്‍ നിര്‍മിക്കണമെന്ന് നാട്ടുകാര്‍ പറഞ്ഞിരുന്നുവെങ്കിലും ചില സ്ഥലങ്ങള്‍ ഒഴിവാക്കിയാണ് ഓവുചാല്‍ നിര്‍മിച്ചത്.
റോഡ് ഉയര്‍ത്തി പ്രവൃത്തി നടത്തിയതാണ് കൂടുതലും നാശനഷ്ടമുണ്ടാകാന്‍ ഇടയായത്. സംഭവം അധികൃതരുടെ ശ്രദ്ധയില്‍പെടുത്തിയതായും മഴക്കാലം ആരംഭിക്കുന്നതിനു മുമ്പ് വെള്ളംകയറുന്ന പ്രദേശത്ത് ഓവുചാല്‍ നിര്‍മിക്കാന്‍ അധികൃതര്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ വന്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാനാണ് നാട്ടുകാരുടെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."