ഉസാമ ബിന്‍ലാദന്റെ മകന്റെ പൗരത്വം സഊദി അറേബ്യ റദ്ദാക്കി
റിയാദ്: അല്‍ ഖാഇദ നേതാവായിരുന്ന ഉസാമ ബിന്‍ ലാദന്റെ മകന് ഹംസ ബിന്‍ ലാദന്റെ പൗരത്വം റദ്ദാക്കിയതായി സഊദി ആഭ്യന്തര മന്ത്രാലയത്തിലെ സിവില്‍ സ്റ്റാറ്റസ് വിഭാഗം അറിയിച്ചു. ഹംസ ബിന്‍ ലാദന്റെ തലക്ക് അമേരിക്ക ഇനാം പ്രഖ്യാപിച്ചതിനു പിന്നാലെയാണ് പൗരത്വം റദ്ദ് ചെയ്തതായുള്ള സഊദിയുടെ വിശദീകരണം പുറത്ത് വന്നത്. എന്നാല്‍, പൗരത്വം റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട് മൂന്ന് മാസം മുന്‍പ് കഴിഞ്ഞ വര്‍ഷം നവംബര്‍ 23 നു രാജകീയ ഉത്തരവ് ഇറങ്ങിയതായും സഊദിയുടെ ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ച അറിയിപ്പില്‍ വ്യക്തമാക്കുന്നുണ്ട്.
ഉസാമയുടെ പിന്‍ഗാമിയായി കരുതുന്ന ഹംസ ബിന്‍ ലാദന് എവിടെയാണെന്നത് ഇപ്പോഴും ദുരൂഹമായി തുടരുകയാണ്. ഇദ്ദേഹത്തെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് 10 ലക്ഷം യു എസ് ഡോളറാണ് അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് പാരിതോഷികം പ്രഖ്യാപിച്ചത്.
2011ല്‍ തന്റെ പിതാവ് ഉസാമ ബിന്‍ ലാദന്റെ വധിച്ചതിനു പകരം ചോദിക്കുമെന്ന് ഹംസ ബിന്‍ ലാദന് ഭീഷണി മുഴക്കിയതയി അമേരിക്ക അറിയിച്ചിരുന്നു. മാതാവിനൊപ്പം ഇറാനിലാണ് ഹംസ വര്‍ഷങ്ങളോളം കഴിഞ്ഞിരുന്നതെന്നും വിശ്വസിക്കപ്പെടുന്നു.
നേരത്തെ ഹംസയുടെ അര്‍ധസഹോദരന്‍ ബ്രിട്ടീഷ് പത്രമായ ഗാര്‍ഡിയനു നല്കിയ അഭിമുഖത്തില്‍ അദ്ദേഹം അഫ്ഗാനിലുള്ളതായി സംശയം പ്രകടിപ്പിച്ചിരുന്നു. ഹംസ എവിടെയാണെന്നതു സംബന്ധിച്ചു ആര്‍ക്കുമറിയിലലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 2001 സെപ്തംബര്‍ 11ന് യുഎസിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമിച്ച മുഹമ്മദ് അത്തയുടെ മകളെയാണ് ഹംസ വിവാഹം ചെയ്തിരിക്കുന്നതെന്നും അര്‍ധ സഹോദരന് പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."