കൊല്ലങ്കോട് ടൗണിലെ ഗതാഗതക്കുരുക്കിന് അടിയന്തരപരിഹാരം വേണമെന്ന്
കൊല്ലങ്കോട്: ടൗണില്‍ വര്‍ധിച്ചുവരുന്ന ഗതാഗതക്കുരുക്കിന് അടിയന്തര പരിഹാരം വേണമെന്ന ആവശ്യം ശക്തം. വടവന്നൂര്‍, മുതലമട, പയിലൂര്‍മൊക്ക് ഭാഗത്തു നിന്നും എത്തുന്ന വാഹനങ്ങള്‍ ടൗണിലെത്തുമ്പോള്‍ ലക്ഷ്യസ്ഥലത്തേക്ക് എത്താന്‍ ഗതാഗതതടസം കാരണം ദീര്‍ഘനേരം വൈകുകയാണ്. കുരുവികൂട്ടുമരം മുതല്‍ പയിലൂര്‍മൊക്ക് വരെയുള്ള റോഡിന് വീതി കുറവായതാണ് ഇരുവശത്തേക്കും വാഹനങ്ങള്‍ സഞ്ചരിക്കാന്‍ തടസമാവുന്നത്. റോഡിനിരുവശത്തെ അഴുക്കു ചാലുകളില്‍ സ്ലാബിടാത്തതിനാല്‍ യാത്രക്കാരും വാഹന സഞ്ചാരവഴിയില്‍ തന്നെ നടന്നു പോകേണ്ടിവരുന്നു. ഇതുമൂലം നിരവധി അപകടങ്ങളും ജീവഹാനിവരെയും സംഭവിച്ചിട്ടുണ്ട്.
പയിലൂര്‍മൊക്ക്, മുതലമട എന്നിവിടങ്ങളില്‍ നിന്നും ജില്ലാ ആശുപത്രിയിലേക്ക് അടിയന്തര ചികിത്സയ്ക്കായി രോഗികളുമായി എത്തുന്ന ആംബുലന്‍സും ഗതാഗത തടസത്തില്‍ അകപ്പെട്ട് ദീര്‍ഘനേരം വഴിയിലകപ്പെടാറുണ്ട്. പൊള്ളാച്ചിയില്‍നിന്നും തൃശൂരിലേക്കുള്ള നൂറുക്കണക്കിന് ചരക്കുലോറികളും ഇടുങ്ങിയ റോഡിലെത്തുന്നതും ഗതാഗതതടസം രൂക്ഷമാക്കുകയാണ്.
ചരക്കുലോറികളും ഇതരവാഹനങ്ങളും ടൗണിലെത്താതെ സഞ്ചരിക്കാന്‍ ബൈപാസ് റോഡ് നിര്‍മിക്കണമെന്ന വാഹന യാത്രക്കാരുടെ ആവശ്യം മുടന്തന്‍ ന്യായവാദമുന്നയിച്ച് ബന്ധപ്പെട്ട അധികൃതര്‍ അവഗണിച്ചു വരുന്നതില്‍ പ്രതിഷേധം വര്‍ധിച്ചുവരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."