ഏറ്റുമാനൂര്‍ മത്സ്യമാര്‍ക്കറ്റില്‍ നഗരസഭ പിടിമുറുക്കുന്നു
ഏറ്റുമാനൂര്‍: മത്സ്യമാര്‍ക്കറ്റിലെ വ്യാപാരികള്‍ക്ക് കടിഞ്ഞാണുമായി നഗരസഭാ ആരോഗ്യകാര്യ സ്ഥിരം സമിതി.
ചില്ലറ - മൊത്ത വ്യാപാരശാലകളിലെ വാടക കുത്തനെ വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം ആരോഗ്യ - ശുചിത്വപാലനരംഗത്തെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്ത വ്യാപാരികള്‍ക്കെതിരെ കര്‍ശനടപടികള്‍ സ്വീകരിക്കാനാണ് തീരുമാനം.വിഷാംശം കലര്‍ന്ന മീനാണ് ഏറ്റുമാനൂരിലെ മാര്‍ക്കറ്റില്‍ ലഭിക്കുന്നതെന്ന ആരോപണത്തെ തുടര്‍ന്ന് വ്യാപാരം നന്നേ കുറഞ്ഞ സാഹചര്യത്തിലാണ് നഗരസഭയുടെ തീരുമാനം.
കഴിഞ്ഞ കൗണ്‍സിലില്‍ പാസാക്കിയ പ്രകാരം വാടകയില്‍ ചില്ലറവ്യാപാരികള്‍ക്ക് അഞ്ച് ശതമാനവും മൊത്തവ്യാപാരികള്‍ക്ക് പത്ത് ശതമാനവുമാണ് വര്‍ദ്ധനവ് വരുത്തുക. നിരക്ക് വര്‍ദ്ധനയോടെ പുതുക്കി നല്‍കുന്ന ലൈസന്‍സ് ശുചിത്വ നിര്‍ദ്ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ റദ്ദാക്കുമെന്നാണ് നഗരസഭാ അധികാരികള്‍ മത്സ്യവ്യാപാരികളുടെ യോഗത്തില്‍ അറിയിച്ചത്. എന്നാലിതിനെ എതിര്‍ത്ത ചില കൗണ്‍സിലര്‍മാര്‍ വീണ്ടും യോഗം വിളിച്ച് വാടക കുറയ്ക്കാനുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നു.
കൗണ്‍സില്‍ യോഗതീരുമാനം ആറു മാസത്തിനുശേഷമേ പുനപരിശോധിക്കാനാവു എന്ന നിലപാടില്‍ ആരോഗ്യകാര്യ സ്ഥിരം സമിതി ഉറച്ച് നിന്നതോടെ തീരുമാനം നടപ്പിലാക്കാതിരിക്കാന്‍ പറ്റാത്ത അവസ്ഥയായി. കിയിരിക്കുന്ന സ്റ്റാളും പരിസരവും മാത്രമേ രാത്രിയില്‍ നടക്കുന്ന വ്യാപാരത്തിന് ഉപയോഗിക്കാവു എന്നിരിക്കെ സ്വകാര്യ ബസ് സ്റ്റാന്റും നഗരസഭാ ആഫീസ് പരിസരവും നിരത്തുകളും വൃത്തികേടാക്കുന്ന രീതിയിലുള്ള പ്രവണത ഏറ്റുമാനൂരില്‍ വര്‍ദ്ധിച്ചുവരികയാണ്.
ഇതിനി തുടരാന്‍ അനുവദിക്കില്ലെന്നും മത്സ്യം വെട്ടി വില്‍പന നടത്താന്‍ പാടില്ലെന്നും അവശിഷ്ടങ്ങള്‍ അലക്ഷ്യമായി വലിച്ചെറിയരുതെന്നുമുള്ള നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കാന്‍ പക്ഷെ കച്ചവടക്കാര്‍ തയ്യാറായിട്ടില്ല. എങ്കിലും ലേലവ്യവസ്ഥകള്‍ അംഗീകരിച്ചില്ലെങ്കില്‍ നടപടി കര്‍ശനമാക്കുമെന്ന് തന്നെയാണ് നഗരസഭ ആരോഗ്യസ്ഥിരം സമിതി അധ്യക്ഷന്‍ ടി.പി.മോഹന്‍ദാസ് പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."