തകര്‍ന്ന രാജീവ് ഗാന്ധി സ്ക്വയര്‍ പുനര്‍നിര്‍മിക്കാന്‍ നടപടിയായില്ല
മാള: മഹാപ്രളയത്തിന്റെ സ്മാരകം പോലെ മാളയിലെ തകര്‍ന്ന രാജീവ് ഗാന്ധി സ്ക്വയര്‍. മാസങ്ങള്‍ക്കു മുന്‍പുണ്ടായ മഹാപ്രളയത്തില്‍ മാളക്കുളത്തിന് സമീപം നിര്‍മിച്ച രാജീവ് ഗാന്ധി സ്ക്വയര്‍ പൂര്‍ണമായും തകര്‍ന്ന നിലയിലാണ്.
പ്രളയത്തില്‍ മാളക്കുളത്തിന്റെ സംരക്ഷണഭിത്തി പൂര്‍ണമായി തകര്‍ന്നിരിക്കുകയാണ്. കൂടാതെ പാര്‍ക്കിന്റെ ചുറ്റുമതിലും മലവെള്ളപ്പാച്ചിലില്‍ പിഴുതെറിയപ്പെട്ടു. വിശ്രമിക്കുന്നതിനായി ഒരുക്കിയ ചാരുബെഞ്ചുകളും കടപുഴകി. മനോഹാരിതക്കായി നട്ട് വളര്‍ത്തിയ മരങ്ങളും ചെടികളും എല്ലാം നശിച്ച നിലയിലാണ്.
മനോഹരമായി പാകിയ ടൈലുകളും ഇളകി പോയിട്ടുണ്ട്. ഇവിടെ കാടും പുല്ലും വളര്‍ന്നുകൊണ്ടിരിക്കുകയാണ്. 2015ല്‍ വേള്‍ഡ് ബാങ്ക് മാള ഗ്രാമപഞ്ചായത്തിന് നല്കിയ 12 ലക്ഷം രൂപ ചെലവഴിച്ചാണ് മാളക്കുളത്തിന്റെ പരിസരത്തുള്ള പുറംപോക്ക് ഭൂമിയില്‍ രാജീവ് ഗാന്ധി സ്ക്വയര്‍ പണികഴിച്ചത്.
വര്‍ഷങ്ങള്‍ക്കു മുന്‍പ് രാജീവ് ഗാന്ധി മാളക്കുളത്തിന്റെ പരിസരത്തുള്ള പാടത്താണ് ഹെലികോപ്റ്ററില്‍ ഇറങ്ങിയിരുന്നു. അതിന്റെ സ്മാരകമായിട്ടാണ് ഈ വിശ്രമകേന്ദ്രത്തിന് രാജീവ് ഗാന്ധി സ്ക്വയര്‍ എന്ന് നാമകരണം നടത്തിയത്.
ഇന്നിപ്പോള്‍ പാടെ തകര്‍ന്നു കിടക്കുന്ന മാളക്കുളത്തിന്റെ പരിസരത്തുള്ള രാജീവ് ഗാന്ധി സ്ക്വയര്‍ ശ്മശാനം പോലെ ശോകമൂകമായ അവസ്ഥയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."