പാവപ്പെട്ടവര്‍ക്കുള്ള സൗജന്യ പയര്‍വര്‍ഗങ്ങള്‍ ലഭ്യതയ്ക്കനുസരിച്ച് നല്‍കും
കൊച്ചി: കേരളത്തിലുള്‍പ്പെടെ രാജ്യത്തെ 20 കോടിയോളം കുടുംബങ്ങള്‍ക്ക് മൂന്നുമാസത്തേയ്ക്ക് ഓരോ കിലോഗ്രാം പയര്‍വര്‍ഗങ്ങള്‍ വീതം സൗജന്യമായി വിതരണം ചെയ്യുന്ന പദ്ധതി ഈ മാസം തുടങ്ങും. പ്രധാന്‍മന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന (പി.എം.ജി.കെ.എ.വൈ) യ്ക്ക് കീഴിലാണ് ഭക്ഷ്യധാന്യങ്ങള്‍ക്കൊപ്പം പയര്‍വര്‍ഗങ്ങള്‍കൂടി വിതരണം ചെയ്യുന്നത്. ഇതിന്റെ ഭാഗമായി സംസ്ഥാനാന്തര ചരക്കുനീക്കം ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്.
17 സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും വിതരണം തുടങ്ങിക്കഴിഞ്ഞു. കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ പയര്‍വര്‍ഗങ്ങളുടെ വിതരണം ഈ ആഴ്ച നടത്താനുള്ള തയാറെടുപ്പിലാണ്.
ലഭ്യതയ്ക്കനുസരിച്ച് ഭക്ഷ്യധാന്യങ്ങള്‍ക്കൊപ്പമാകും ഇവ വിതരണം ചെയ്യുക. ഈ മാസാവസാനത്തോടെ ഇത് പൂര്‍ത്തിയാക്കാനും ലക്ഷ്യമിടുന്നുണ്ടെങ്കിലും ലഭ്യതക്കുറവ് തടസമായേക്കും.
കൊവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധി ഘട്ടത്തില്‍ രാജ്യത്തെ ജനങ്ങള്‍ക്ക് ആവശ്യത്തിനു പോഷകാഹാരം ഉറപ്പാക്കുന്നതിനാണ് ഭക്ഷ്യസുരക്ഷാനിയമത്തിനു കീഴില്‍ വരുന്ന കുടുംബങ്ങള്‍ക്ക് ഓരോ കിലോ പയര്‍വര്‍ഗങ്ങള്‍ വിതരണം ചെയ്യുന്നത്.
പുറംതോട് നീക്കിയ പയറുവര്‍ഗങ്ങളാണ് ഗുണഭോക്താക്കള്‍ക്ക് ലഭിക്കുക. നാഫെഡിനെയാണ് കേന്ദ്രം ഇതിനായി ചുമതലപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ചരക്കുനീക്കം സുഗമമാവാതെ വന്നതോടെ എല്ലാ സംസ്ഥാനങ്ങളിലും പയര്‍വര്‍ഗങ്ങളും മറ്റും വിതരണം ചെയ്യാന്‍ നാഫെഡിന് കഴിയാതിരുന്നത് വിമര്‍ശനം ക്ഷണിച്ചുവരുത്തിയിട്ടുണ്ട്.
കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കീഴിലുള്ള സംഭരണശാലകളിലുള്ള പയര്‍വര്‍ഗങ്ങള്‍ ശേഖരിച്ച്, എഫ്.എസ്.എസ്.എ.ഐ മാനദണ്ഡങ്ങള്‍ക്കനുസരിച്ച ആണ് വിതരണത്തിനായി സംസ്ഥാനങ്ങള്‍ക്ക് ലഭ്യമാക്കുക. ഇവ പിന്നീട് സംസ്ഥാന സര്‍ക്കാരുകള്‍ക്കു കീഴിലെ സംഭരണശാലകളിലേയ്ക്കും തുടര്‍ന്ന് വിതരണത്തിനായി പൊതുവിതരണകേന്ദ്രങ്ങളിലേയ്ക്കും നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."