നോര്‍ക്കയില്‍ വിദേശ മലയാളി രജിസ്‌ട്രേഷന്‍ 4.13 ലക്ഷം; തൊഴില്‍ നഷ്ടപ്പെട്ടവര്‍ 61,009
തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് സ്വദേശത്തേക്കു മടങ്ങാന്‍ നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്ത വിദേശ മലയാളികളുടെ എണ്ണം 4.13 ലക്ഷമായി. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് 1,50,054 മലയാളികളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതോടെ ലോക്ക് ഡൗണിനെ തുടര്‍ന്ന് കേരളത്തിലേക്കു മടങ്ങാനാഗ്രഹിക്കുന്ന പ്രവാസികളുടെ എണ്ണം 5.63 ലക്ഷമായി ഉയര്‍ന്നു.
വിദേശത്തുനിന്ന് മടങ്ങുന്ന പ്രവാസികളില്‍ 61,009 പേര്‍ തൊഴില്‍ നഷ്ടപ്പെട്ടവരാണ്. രജിസ്റ്റര്‍ ചെയ്തവരില്‍ 9,827 ഗര്‍ഭിണികളും 10,628 കുട്ടികളും 11,256 വയോജനങ്ങളുമുണ്ട്. പഠനം പൂര്‍ത്തിയാക്കിയ 2,902 വിദ്യാര്‍ത്ഥികളും മടങ്ങാനാഗ്രഹിക്കുന്നു.
വാര്‍ഷികാവധിക്കു വരാനാഗ്രഹിക്കുന്ന 70,638 പേരും സന്ദര്‍ശന വിസ കാലാവധി കഴിഞ്ഞ 41,236 പേരും വിസ കാലാവധി കഴിഞ്ഞവരും റദ്ദാക്കപ്പെട്ടവരുമായ 27,100 പേരും മടങ്ങിവരാന്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ജയില്‍ മോചിതരായ 806 പേരും മറ്റുള്ള കാരണങ്ങളാല്‍ 1,28,061 വിദേശ പ്രവാസികളും കേരളത്തിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. രജിസ്റ്റര്‍ ചെയ്ത വിദേശ മലയാളികളുടെ പേരുവിവരവും മുന്‍ഗണനാക്രമവും വിദേശകാര്യ മന്ത്രാലയത്തിനും അതത് രാജ്യങ്ങളിലെ എംബസികള്‍ക്കും അയച്ചുകൊടുക്കാന്‍ നടപടിയായി.
ഇതര സംസ്ഥാന പ്രവാസികളുടെ രജിസേ്ട്രഷനില്‍ കര്‍ണാടകയില്‍ നിന്ന് മടങ്ങിവരാനുള്ളവരുടെ എണ്ണം അര ലക്ഷത്തോളമായി. ഇവിടെനിന്ന് 49,233 പ്രവാസികളാണ് ഇതിനോടകം രജിസ്റ്റര്‍ ചെയ്തത്. തമിഴ്‌നാട്ടില്‍നിന്ന് 45,491 പേരും മഹാരാഷ്ട്രയില്‍ നിന്ന് 20,869 പേരും സ്വദേശത്തേക്കു മടങ്ങാനായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."