പൊലിസ് കാവലില്‍ ബിന്ദു പി.എസ്.സി പരീക്ഷയെഴുതി
രാജപുരം (കാസര്‍കോട്): ശബരിമല ദര്‍ശനം നടത്തിയതിലൂടെ വിവാദംസൃഷ്ടിച്ച പത്തനംതിട്ട സ്വദേശിനിയും അധ്യാപികയുമായ ബിന്ദുവിന് പൊലിസ് കാവലില്‍ പി.എസ്.സി പരീക്ഷ. തലശേരി പാലയാട്ട് യൂനിവേഴ്സിറ്റി സെന്ററില്‍ ലീഗല്‍ സര്‍വിസ് അസി. പ്രൊഫസറായി താല്‍ക്കാലിക അടിസ്ഥാനത്തില്‍ ജോലിചെയ്യുന്ന ബിന്ദു ഇന്നലെ നടന്ന കേരള ഖാദി വില്ലേജ് ഇന്ഡസ്ട്രീസില് എല്‍.ഡി ക്ലര്‍ക്ക് തസ്തികയിലേക്കുള്ള പരീക്ഷയാണ് എഴുതിയത്. കാലിച്ചാനടുക്കം ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളായിരുന്നു പരീക്ഷാകേന്ദ്രം.
അധ്യാപന ജോലി വിട്ട് സര്‍ക്കാര്‍ സര്‍വിസില്‍ പ്രവേശിക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് ബിന്ദു പി.എസ്.സി പരീക്ഷ എഴുതിയത്. ഇന്നലെ രാവിലെ നീലേശ്വരത്ത് ട്രെയിനിറങ്ങിയ ബിന്ദുവിന് നീലേശ്വരം പൊലിസ് കനത്ത സുരക്ഷയാണ് ഒരുക്കിയത്. പൊലിസ് കാവലില്‍ തന്നെ കാലിച്ചാനടുക്കത്തെത്തി ബിന്ദു പി.എസ്.സി പരീക്ഷയെഴുതുകയും ചെയ്തു.
കഴിഞ്ഞ ജനുവരി രണ്ടിനാണ് ബിന്ദുവും മലപ്പുറം അങ്ങാടിപ്പുറം സ്വദേശിനി കനക ദുര്‍ഗയും ശബരിമലയില്‍ ദര്‍ശനം നടത്തിയത്. വിവരം അന്നുപുലര്‍ച്ചെ തന്നെ ഇരുവരും ദൃശ്യങ്ങള്‍ സഹിതം നവമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതോടെ പ്രശ്നം വിവാദങ്ങള്‍ക്ക് കാരണമായി. തുടര്‍ന്ന് ഹര്‍ത്താലും ഹര്‍ത്താലിനിടെ അക്രമങ്ങളുമുണ്ടായി. തലശേരി പാലയാട് കാംപസില്‍ കരാര്‍ അടിസ്ഥാനത്തില്‍ അസി. പ്രൊഫസറായി ജോലി ചെയ്തുവരുന്നതിനിടെയാണ് ബിന്ദു ശബരിമല ദര്‍ശനം നടത്തിയത്. തുടര്‍ന്ന് പാലയാട്ടെ കാംപസില്‍ തിരിച്ചെത്തുകയും പൊലിസ് കാവലില്‍ ജോലി ചെയ്തുവരികയുമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."