വിവാദ പരാമര്‍ശങ്ങള്‍ ഒഴിവാക്കി വീണ്ടും കെ.ഇ.ആര്‍ ഭേദഗതി
മലപ്പുറം: കേരള വിദ്യാഭ്യാസ റൂള്‍ ഭേദഗതിയില്‍ കാതലായ മാറ്റങ്ങള്‍ വരുത്തി സര്‍ക്കാര്‍ വീണ്ടും വിജ്ഞാപനമിറക്കി. എയ്ഡഡ് സ്‌കൂളിലെ അധ്യാപക നിയമനം നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ 2016ല്‍ കൊണ്ടുവന്ന വിവാദ ഭേദഗതിയാണ് എതിര്‍പ്പിനെ തുടര്‍ന്ന് പുതിയ മാറ്റങ്ങള്‍ വരുത്തി ഗസറ്റ് വിജ്ഞാപനം ഇറക്കിയത്.
1979 മെയ് 22നു ശേഷമുള്ള ന്യൂലി ഓപ്പണ്‍ സ്‌കൂളുകളിലെ മുഴുവന്‍ ഒഴിവുകളിലും, 1979നു മുന്‍പുള്ള സ്‌കൂളുകളിലെ അഡിഷനല്‍ തസ്തികകളില്‍ 1:1 എന്ന അനുപാതത്തിലും സംരക്ഷണ അധ്യാപകരെ നിയമിക്കണമെന്നായിരുന്നു സര്‍ക്കാരിന്റെ കെ.ഇ.ആര്‍ ഭേദഗതി.
2016 ഡിസംബറില്‍ ഇറക്കിയ ഭേദഗതി 2016 ജനുവരി 29 മുതല്‍ മുന്‍കാല പ്രാബല്യത്തോടെ നടപ്പാക്കിയതുമൂലം 2016 ജൂണില്‍ ജോലിയില്‍ പ്രവേശനം നേടിയ നിരവധി പേര്‍ നിയമനം ലഭിക്കാതെ പ്രയാസത്തിലായിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുന്ന ന്യൂനപക്ഷ മാനേജ്‌മെന്റുകളെവരെ ബാധിക്കുന്ന വിവാദ തീരുമാനം സംബന്ധിച്ച് സുപ്രഭാതം വാര്‍ത്ത നല്‍കിയിരുന്നു.
കെ.ഇ.ആര്‍ ഭേദഗതിയിലെ വിവാദ വ്യവസ്ഥകളെ ചോദ്യം ചെയ്ത് സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ നല്‍കിയ കേസ് നിലവില്‍ ഡിവിഷന്‍ ബെഞ്ചിന്റെ പരിഗണനയിലാണ്.
കേസ് നീണ്ടുപോകുന്നതിനിടെ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്നാണ് ഭേദഗതിയിലെ വിവാദ പരാമര്‍ശങ്ങള്‍ നീക്കി പുതിയ ഉത്തരവിറക്കാന്‍ സര്‍ക്കാര്‍ കോടതിയുടെ അനുമതി തേടിയത്. ഇതോടെ ദൃതിപ്പെട്ട് ഗസറ്റ് വിജ്ഞാപനം ഇറക്കുകയും ചെയ്തിരുന്നു.
1979നുശേഷമുള്ള ന്യൂ സ്‌കൂള്‍ വിഭാഗത്തിനാണ് സര്‍ക്കാരിന്റെ പുതിയ ഭേദഗതി കൂടുതല്‍ ഗുണം ചെയ്യുക.
നിലവില്‍ ന്യൂ സ്‌കൂള്‍ വിഭാഗത്തില്‍പെടുന്ന വിദ്യാലയങ്ങളിലെ മുഴുവന്‍ ഒഴിവുകളിലും സംരക്ഷണ അധ്യാപകരെ നിയമിക്കണമെന്നായിരുന്നു 2016 ലെ ഭേദഗതി. ഇതുമാറ്റി രാജി, റിട്ടയര്‍മെന്റ്്, മരണം തുടങ്ങിയ ഒഴിവുകളില്‍ ഒരെണ്ണം സംരക്ഷണ അധ്യാപകരെയും ബാക്കി തസ്തികകളില്‍ മാനേജര്‍ക്കും നിയമനം നടത്താമെന്നാക്കി. 1979നുശേഷമുള്ള ന്യൂലി ഓപ്പണ്‍ സ്‌കൂളുകളിലെ അധിക തസ്തികകളില്‍ 1:1 എന്ന അനുപാതത്തില്‍ നിയമനം നടത്താമെന്നും പുതിയ കെ.ഇ.ആര്‍ ഭേദഗതിയിലുണ്ട്.
പ്രൊമോഷന്‍ അര്‍ഹത, നിയമനം ലഭിച്ച് ഒരുവര്‍ഷത്തിലധികം ജോലി ചെയ്ത് പുറത്തുനില്‍ക്കുന്നവര്‍, ആശ്രിത നിയമനം തുടങ്ങിയവര്‍ക്ക് സംരക്ഷണ അധ്യാപകരേക്കാള്‍ മുന്‍ഗണന നല്‍കണം.
2016 ജനുവരി 29നുശേഷം തുടങ്ങുന്ന സ്‌കൂളുകള്‍, അപ്‌ഗ്രേഡ് ചെയ്യുന്ന സ്‌കൂളുകള്‍ എന്നിവയില്‍ മുഴുവന്‍ സംരക്ഷണാധ്യാപകരെ നിയമിക്കണം. 2016 ജനുവരി 29 മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് ഭേദഗതി നടപ്പാക്കുന്നതെന്നും വിജ്ഞാപനത്തിലുണ്ട്.
അതേസമയം, നിയമം അനുശാസിക്കുന്നതുപ്രകാരം സംരക്ഷണാധ്യാപകരെ എന്നുമുതലാണോ നിയമിക്കുന്നത് അതടിസ്ഥാനത്തില്‍ മാത്രമേ മറ്റുനിയമനങ്ങള്‍ അംഗീകരിക്കു എന്ന കുരുക്കും വിജ്ഞാപനത്തിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."