വെണ്ടാറിലെ കവര്‍ച്ചാ കേസ്: പ്രതി രക്ഷപ്പെട്ടതായി സൂചന
കൊട്ടാരക്കര: വെണ്ടാറില്‍ പട്ടാപ്പകല്‍ വിദേശമലയാളിയുടെ വീട് കുത്തിത്തുറന്ന് 31 പവന്റെ ആഭരണങ്ങള്‍ കവര്‍ന്ന സംഭവത്തില്‍ പ്രധാന പ്രതി പൊലിസിനെ വെട്ടിച്ചു രക്ഷപ്പെട്ടതായി സൂചന.
ഇയാളെ കേന്ദ്രീകരിച്ചുള്ള അന്വേഷണങ്ങള്‍ ഇപ്പോള്‍ വഴിമുട്ടിയിരിക്കുകയാണ്. കഴിഞ്ഞ ഞായറാഴ്ച പകല്‍ 9 നും 11 നും ഇടയിലാണ് വെണ്ടാര്‍ മനക്കരകാവ് ജങ്ഷനിലുള്ള വിദേശമലയാളി മാത്യുകുട്ടിയുടെ എം.എല്‍ കോട്ടേജില്‍ കവര്‍ച്ച നടന്നത്. മാത്യുക്കുട്ടിയുടെ ഭാര്യ ലില്ലികുട്ടിയും മകള്‍ അഭിയാ മാത്യുവും പ്രാര്‍ഥനയ്ക്കായി പള്ളിയില്‍ പോയ സമയത്തായിരുന്നു മോഷണം. വീടിന്റെ പിന്‍ഭാഗത്ത് വാതില്‍ കൊളുത്ത് മാറ്റി അകത്ത് കടന്ന മോഷ്ടാവ് കിടപ്പുമുറിയിലെ അലമാരിയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങളാണ് കവര്‍ന്നത്. അലമാരയ്ക്കുള്ളില്‍ ചെറിയ അറയിലായിരുന്നു സ്വര്‍ണ്ണം സൂക്ഷിച്ചിരുന്നത്. മറ്റു മുറികളിലോ മറ്റു അലമാരകളിലോ പരിശോധന നടത്താതെയാണ് സ്വര്‍ണം ഇരുന്ന അലമാര മാത്രം കുത്തിത്തുറന്നത്. ബാങ്ക് ലോക്കറില്‍ ഇരുന്ന സ്വര്‍ണം ഒരു ദിവസം മുമ്പ് മാത്രമാണ് വീട്ടില്‍ കൊണ്ടു വച്ചത്. ഇതില്‍ നിന്നും വീടുമായി അടുപ്പമുള്ളവരാണ് മോഷണത്തില്‍ പ്രധാനപങ്കുവഹിച്ചതെന്ന നിഗമനത്തില്‍ പൊലിസ് എത്തിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ ഈ വീടുമായി ബന്ധം പുലര്‍ത്തിയിരുന്നവരേയും പ്രദേശത്ത് ജോലിക്കെത്തുന്നവരേയും വാടകയ്ക്ക് താമസിച്ചുവരുന്നവരേയും മറ്റും അന്വേഷണ സംഘം പുത്തൂര്‍ സ്റ്റേഷനില്‍ വിളിച്ചു വരുത്തി ചോദ്യം ചെയ്തു വരികയായിരുന്നു. ഇക്കൂട്ടത്തില്‍ വെണ്ടാറില്‍ ഒരു സ്ത്രീയോടൊപ്പം കുറെ വര്‍ഷങ്ങളായി കഴിഞ്ഞുവരുന്ന അന്യജില്ലക്കാരനേയും പൊലീസ് ഫോണ്‍ വഴി സ്റ്റേഷനിലേക്ക് വിളിച്ചിരുന്നു. എന്നാല്‍ എത്തിച്ചേരാമെന്ന് ഉറപ്പു നല്‍കിയ ഇയാള്‍ പിന്നീട് മുങ്ങി. ഇയാള്‍ കായംകുളത്തെത്തി ട്രെയിനില്‍ കയറി രക്ഷപ്പെട്ടതായാണ് വിവരം. ഇയാളുടെ ഫോണും ഇപ്പോള്‍ പ്രവര്‍ത്തനരഹിതമാണ്. സംശയിക്കപ്പെടുന്ന ആളെ കസ്റ്റഡിയില്‍ എടുക്കാതെ ഫോണ്‍ വഴി ബന്ധപ്പെട്ടതാണ് ഇയാള്‍ക്ക് രക്ഷപ്പെടാന്‍ അവസരം ഒരുക്കിയതെന്ന ആരോപണം ഉയരുന്നുണ്ട്.
കഴിഞ്ഞ 13 വര്‍ഷമായി ഭര്‍ത്താവ് ഉപേക്ഷിച്ച സ്ത്രീയോടൊപ്പം ഇയാള്‍ വെണ്ടാറില്‍ താമസിച്ചു വരികയായിരുന്നു. മേസ്തിരി പണിക്കാരനായ ഇയാളെ കുറിച്ച് ഒരു വിവരവും നാട്ടുകാര്‍ക്കില്ല. ഒപ്പം താമസിച്ചിരുന്ന സ്ത്രീയെ പൊലീസ് ചോദ്യം ചെയ്‌തെങ്കിലും ഇയാളുടെ യഥാര്‍ഥ സ്ഥലമോ,വിലാസമോ മുന്‍കാല ചരിത്രമോ ലഭിച്ചിട്ടില്ല. ഇയാളുടെ ഫോട്ടോ പോലും താമസസ്ഥലത്തുനിന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഒരു ചടങ്ങില്‍ പങ്കെടുത്ത ഫോട്ടോ ഇപ്പോള്‍ പൊലിസ് സംഘടിപ്പിച്ചിട്ടുണ്ട്.
ഇയാളോടൊപ്പം ജോലി ചെയ്തിരുന്നവരേയും സഹകരിക്കുന്നവരേയും പൊലീസ് ചോദ്യം ചെയ്തു വരുന്നുണ്ടെങ്കിലും ഇയാളുടെ പൂര്‍വ്വകാലത്തേകുറിച്ച് ഒരു വിവരവുംലഭിച്ചിട്ടില്ല. മോഷണം നടന്ന വീടിനോട് ചേര്‍ന്നുള്ള ഒരു ഭാഗത്ത് ഏതാനും മാസം മുമ്പ് ഒപ്പം താമസിച്ചിരുന്ന സ്ത്രീയുമായി പിണങ്ങിയ ഇയാള്‍ വാടകയ്ക്ക് താമസിച്ചിരുന്നു. ഈ സൂചനയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ഇയാളിലേക്ക് നീണ്ടത്. ഇഷ്ടിക കമ്പനിയില്‍ തൊഴിലാളിയായിരിക്കെ ഉണ്ടായ പരിചയത്തിലാണ് ഒപ്പം താമസിച്ചിരുന്ന സ്ത്രീ 13 വര്‍ഷം മുമ്പ് ഇയാളെ കൂടെകൂട്ടിയത്. സംഭവ ദിവസം രാവിലെ തമിഴനാടു സ്വദേശിയായ ആക്രികച്ചവടക്കാരനേയും ഇയാളേയും മനക്കരകാവിലും പരിസരപ്രദേശങ്ങളിലും കണ്ടിരുന്നതായി നാട്ടുകാര്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
കവര്‍ച്ചയുടെ പ്രധാന സൂത്രധാരന്‍ ഇയാളാണെന്ന് നാട്ടുകാര്‍ക്കൊപ്പം പൊലീസും സംശയിക്കുന്നുണ്ട്. തെളിവുകള്‍ ഉപേക്ഷിച്ച് രക്ഷപ്പെട്ട ഇയാള്‍ കൊടും കുറ്റകൃത്യത്തിലേര്‍പ്പെട്ട ശേഷം ഇവിടെ ഒളിവില്‍ കഴിഞ്ഞതാകാമെന്നും സംശയം ബലപ്പെട്ടിട്ടുണ്ട്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ അന്വേഷണം പുരോഗമിച്ചു വരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."