പൊതുമരാമത്ത് വൈദ്യുതി ജോലികള്‍ക്ക് ട്രാക്കോ കേബിളുകള്‍ വാങ്ങാന്‍ ധാരണ
കൊച്ചി: പൊതുമരാമത്ത് വകുപ്പിന്റെ മേല്‍നോട്ടത്തില്‍ നടക്കുന്ന വൈദ്യുതീകരണ ജോലികളില്‍ പൊതുമേഖലാ സ്ഥാപനമായ ട്രാക്കോ കേബിള്‍ കമ്പനി ഉല്‍പ്പാദിപ്പിക്കുന്ന ഹൗസ് വയറിങ് കേബിളുകള്‍ കമ്പനിയില്‍ നിന്നും നേരിട്ടു വാങ്ങും.ഹൗസ് വയറിങ് കേബിളുകളുടെ വിപണനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി വിളിച്ചു ചേര്‍ത്ത എഞ്ചിനീയര്‍മാരുടെയും കരാറുകാരുടെയും യോഗത്തിലാണ് ഇതു സംബന്ധിച്ച് ധാരണയായത്.
ട്രാക്കോ കേബിള്‍ കമ്പനിയുടെ ഉല്‍പ്പന്നങ്ങള്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പദ്ധതികള്‍ക്കായി ടെന്‍ഡര്‍ നടപടികള്‍ ഒഴിവാക്കി വാങ്ങണമെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ഇതേത്തുടര്‍ന്നാണ് പൊതുമരാമത്ത് വകുപ്പ് അധികൃതരുടെയും കരാറുകാരുടെയും യോഗം ട്രാക്കോ മാനേജ്‌മെന്റ് വിളിച്ചു ചേര്‍ത്തത്.
ഈ സാമ്പത്തിക വര്‍ഷം 20 കോടി രൂപയുടെ ഹൗസ് വയറിങ് കേബിളുകള്‍ വിറ്റഴിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് കമ്പനി മാനേജിങ് ഡയറക്ടര്‍ സന്തോഷ് കോശി തോമസ് പറഞ്ഞു. പ്രധാന ഉല്‍പ്പന്നങ്ങളായ പവര്‍ കേബിളുകള്‍, കണ്ടക്ടറുകള്‍ എന്നിവയുടെ 200 കോടി രൂപയോളം വരുന്ന ഉല്‍പ്പാദനമാണ് ട്രാക്കോ കേബിള്‍ നടത്തിവരുന്നത്. ഇതിന് പുറമെയാണ് വീടു വയറിങിനാവശ്യമായ കേബിളുകളുടെ ഉല്‍പ്പാദനവും വിപണനവും കമ്പനി ഏറ്റെടുത്തിരിക്കുന്നത്.
എറണാകുളം ഗവ. ഗസ്റ്റ് ഗൗസില്‍ ചേര്‍ന്ന യോഗം പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ വി.വി തോമസ് ഉദ്ഘാടനം ചെയ്തു. ട്രാക്കോ കേബിള്‍സ് സീനിയര്‍ മാനേജര്‍ ഷണ്‍മുഖയ്യ കമ്പനിയുടെ ഉല്‍പ്പന്നങ്ങളെ കുറിച്ച് വിശദീകരിച്ചു. കമേഴ്‌സ്യല്‍ സെല്‍ മാനേജര്‍ എ.ടി മനോജ്, മാര്‍ക്കറ്റിങ് വിഭാഗം അസി. മാനേജര്‍ ബി. അജിത് കുമാര്‍, പൊതുമരാമത്ത് വകുപ്പ് അസി. എഞ്ചിനീയര്‍ പ്രകാശ്, ഇലക്ട്രിക്കല്‍ കോണ്‍ട്രാക്‌ടേഴ്‌സ് അസോസിയേഷന്‍ പ്രതിനിധി വി.ജെ ധര്‍മരാജന്‍, ഷാജി കുറുപ്പശ്ശേരി എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."