ജില്ലയിലെ മികച്ച പഞ്ചായത്തുകളെ തിരഞ്ഞെടുത്തതില്‍ ക്രമക്കേടെന്ന് പരാതി
കോഴിക്കോട്: 2017-18 വര്‍ഷത്തില്‍ ജില്ലയിലെ മികച്ച ഗ്രാമപഞ്ചായത്തുകളെ തിരഞ്ഞെടുത്തതില്‍ വ്യാപകമായി ക്രമക്കേട് നടന്നതായി പരാതി. പെരുവയര്‍, മാവൂര്‍ പഞ്ചായത്ത് ഭാരവാഹികളാണ് പരാതിയുമായി രംഗത്ത് എത്തിയത്.
മികച്ച പ്രവര്‍ത്തനം നടത്തിയ പഞ്ചായത്തുകളെ തഴയുകയും അപേക്ഷിക്കാന്‍ അടിസ്ഥാന യോഗ്യത പോലുമില്ലാത്ത ഗ്രാമപഞ്ചായത്തുകളെ മികച്ചതായി തിരഞ്ഞെടുത്തെന്നുമാണ് പരാതി. മെയിന്റനന്‍സ് ഗ്രാന്റ് ഫണ്ട് 70 ശതമാനവും ടി.എസ്.പി ഫണ്ട് 75 ശതമാനവും ചെലവഴിക്കണമെന്നാണ് അപേക്ഷിക്കാനുള്ള പ്രധാന യോഗ്യത. എന്നാല്‍ സര്‍ക്കാര്‍ നിര്‍ദേശിച്ച ഈ മാനദണ്ഡങ്ങള്‍ ഒന്നുമില്ലാതെയാണ് മികച്ച രണ്ടാമത്തെ ഗ്രാമപഞ്ചായത്തായി കാരശ്ശേരി പഞ്ചായത്തിനെ തിരഞ്ഞെടുത്തതെന്നും അവര്‍ പറഞ്ഞു.
മെയിന്റനന്‍സ് ഫണ്ട് 39.75 ശതമാനവും ടി.എസ്.പി 51.69 ശതമാനവുമാണ് കാരശ്ശേരി പഞ്ചായത്ത് ആകെ ചെലവഴിച്ചത്. പ്രാഥമിക ഘട്ടത്തില്‍ തന്നെ തഴയപ്പെടേണ്ട ഈ പഞ്ചായത്തിനെ തിരഞ്ഞെടുത്തതിനു പിന്നില്‍ രാഷ്ട്രീയ തീരുമാനമാണുള്ളതെന്നും അവര്‍ പറഞ്ഞു. മികച്ച പ്രവര്‍ത്തനവും മുന്‍ഗണനാ യോഗ്യതയുണ്ടായിട്ടും പല പഞ്ചായത്തുകളും അനര്‍ഹര്‍ക്ക് വേണ്ടി തഴയപ്പെടുകയായിരുന്നു.
തിരഞ്ഞെടുപ്പിലെ വിശ്വാസ്യത വീണ്ടെടുക്കാന്‍ പുനഃപരിശോധന നടത്തണമെന്നും തെറ്റായ വിവരങ്ങള്‍ നല്‍കിയ ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരേ നടപടിയെടുക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
ഇതുമായി ബന്ധപ്പെട്ട് പഞ്ചായത്ത് ഡെപ്യൂട്ടി ഡയരക്ടര്‍ക്ക് പരാതി നല്‍കിയതായും അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ പെരുവയല്‍ പഞ്ചായത്ത് പ്രസിഡന്റ് വൈ.വി. ശാന്ത, മാവൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സി. മുനീറത്ത്, പെരുവയല്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.കെ ഷറഫുദ്ദീന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."