അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയത് കേസ് അട്ടിമറിക്കാന്‍: ഡീന്‍ കുര്യാക്കോസ്
കോഴിക്കോട്: കാസര്‍കോട് ഇരട്ടക്കൊലപാതക കേസിലെ ക്രൈംബ്രാഞ്ച് അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയത് കേസ് അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസ്. കാസര്‍കോട് പെരിയയില്‍ കൊല്ലപ്പെട്ട ശരത്‌ലാലിന്റെയും കൃപേഷിന്റെയും ചിതാഭസ്മം വഹിച്ചുകൊണ്ടുള്ള ധീര സ്മൃതിയാത്രയ്ക്ക് മുതലക്കുളത്ത് നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സത്യസന്ധരായ പൊലിസുകാരെ ഒഴിവാക്കാനാണ് നീക്കം. കൊലപാതകത്തില്‍ തെറ്റുപറ്റിയെന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെ ആവര്‍ത്തിക്കുന്നത്. സിപി.എം സെക്രട്ടറിയുടെയും മറ്റു നേതാക്കളുടെയും പ്രതികരണങ്ങള്‍ സത്യമായിരുന്നെങ്കില്‍ യഥാര്‍ഥ പ്രതികളെ അറസ്റ്റ് ചെയ്യുകയാണ് ചെയ്യേണ്ടത്. എന്നാല്‍ കേസ് അന്വേഷിക്കുന്ന സംഘങ്ങളെ മുഴുവനായും മാറ്റുകയാണ് സര്‍ക്കാര്‍ ചെയ്തത്. കാസര്‍കോട്ട് കൊലവിളി പ്രസംഗം നടത്തിയ വി.പി.പി മുസ്തഫയെ ചോദ്യം ചെയ്യാന്‍ പോലും തയാറാകാത്ത പൊലിസ് കൊലപാതകത്തിന്റെ ഗൂഢാലോചനയില്‍ പങ്കെടുത്തവരെ സംരക്ഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ശരത്‌ലാലിന്റെയും കൃപേഷിന്റെയും ചിതാഭസ്മങ്ങള്‍ക്കു മീതെ പുഷ്പങ്ങള്‍ സമര്‍പ്പിച്ചാണ് പ്രവര്‍ത്തകര്‍ വരവേറ്റത്. ചരിത്രകാരന്‍ എം.ജി.എസ് നാരായണന്‍ സ്മൃതി സംഗമം ഉദ്ഘാടനം ചെയ്തു. കോഴിക്കോട് പാര്‍ലമെന്റ് കമ്മിറ്റി പ്രസിഡന്റ് പി.പി നൗഷിര്‍ അധ്യക്ഷനായി. എം.കെ രാഘവന്‍ എം.പി, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷന്‍ സി.ആര്‍ മഹേഷ്, എഴുത്തുകാരന്‍ ടി.പി രാജീവന്‍, കെ.പി.സി.സി നിര്‍വാഹക സമിതി അംഗം കെ.പി ബാബു, മഹിളാ മോര്‍ച്ച ജില്ലാ പ്രസിഡന്റ് ഉഷാദേവി, ഡി.സി.സി ഭാരവാഹികളായ ഒ. അബ്ദുറഹ്മാന്‍, മൊയ്തീന്‍ മാസ്റ്റര്‍, നിജേഷ് അരവിന്ദ്, യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികളായ ശ്രാവണ്‍, എം.പി ആദം മുല്‍സി, വിദ്യാ ബാലകൃഷ്ണന്‍, സി.വി ജിതേഷ്, ജലീല്‍, അസീസ് വാളയാട് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."