നിര്‍ത്തിയിടാന്‍ ഇടമില്ല; മഴ നനഞ്ഞ് അഗ്നിശമന സേനയുടെ വാഹനം
മഞ്ചേരി: അഗ്നിശമന സേനയുടെ വാഹനം മഴയും വെയിലുമേല്‍ക്കാതെ നിര്‍ത്തിയിടാന്‍ സൗകര്യങ്ങളില്ല. മഞ്ചേരി കച്ചേരിപ്പടി ബസ് ടെര്‍മിനലിന്റെ താല്‍കാലിക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഫയര്‍സ്റ്റേഷനില്‍ ഉദ്യോഗസ്ഥര്‍ക്ക് ആവശ്യത്തിനു സൗകര്യങ്ങളുണ്ടെങ്കിലും വാഹനം നിര്‍ത്തിയിടാന്‍ ഇടമില്ലാത്തത് പ്രതിസന്ധിയായിരിക്കുകയാണ്. വേനല്‍ക്കാലത്ത് മരച്ചുവട്ടിലോ മറ്റോ നിര്‍ത്തിയിട്ട് വെയിലിനെ മറികടക്കാം. എന്നാല്‍ മഴക്കാലമായതോടെ മിക്ക ദിവസവും മഴ നനയേണ്ടിവരികയാണ്. മഞ്ചേരിയില്‍ അഗ്നിശമനസേന യൂനിറ്റ് നിലവില്‍ വന്നപ്പോള്‍ മലപ്പുറത്തുനിന്നും എത്തിച്ച പഴയ വാഹനമാണ് നിലവില്‍ ഉപയോഗിച്ചുവരുന്നത്. 4500 ലിറ്റര്‍ വെള്ളം ഉപയോഗിക്കാവുന്ന ഈ വാഹനമാണ് കാരക്കുന്ന്, പാണ്ടിക്കാട്, മങ്കട അരീക്കോട്, തൃപ്പനച്ചി എന്നീ പരിധികളിലെ ദുരന്തങ്ങള്‍ നേരിടാന്‍ ഉപയോഗിക്കുന്നത്. മഞ്ചേരിയില്‍ ഫയര്‍സ്റ്റേഷന്‍ വന്നതിനു ശേഷം 77 ദുരന്തങ്ങള്‍ ഇതിനകം നേരിട്ടുകഴിഞ്ഞതായി അധികൃതര്‍ പറഞ്ഞു. തീ കത്തിയുണ്ടായ ദുരന്തങ്ങളാണ് ഇതിലധികവും. വേനല്‍കാലങ്ങളില്‍ മഞ്ചേരിയിലും പരിസരത്തും വര്‍ധിച്ചുവരുന്ന തീപിടിത്ത ദുരന്തങ്ങളും മറ്റും നേരിടാന്‍ ഈ പഴയ വാഹനം കൊണ്ട് മാത്രം കഴിയുന്നില്ല. ഉള്ള വാഹനമാണങ്കില്‍ പോറലേല്‍ക്കാതെ സൂക്ഷിക്കാന്‍ മതിയായ സൗകര്യങ്ങളും ഇവിടെയില്ല. മഞ്ചേരി അഗ്നിശമന വിഭാഗത്തിനു സ്വന്തമായ കെട്ടിടവും മികച്ച വാഹനങ്ങളും യുദ്ധകാലാടിസ്ഥാനത്തില്‍ ഒരുക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."