ആദ്യ ആഴ്ച കേരളത്തില്‍ എത്തുന്നത് 3150 പ്രവാസികള്‍
ജിദ്ദ: കൊവിഡ് പ്രതിസന്ധിക്കു ഇടയിൽ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പ്രവാസികളുടെ മടക്കം വ്യാഴാഴ്ച മുതല്‍ ആരംഭിക്കുമ്പോള്‍ ആദ്യ ആഴ്ച കേരളത്തില്‍ എത്തുന്നത്
15 സർവ്വീസുകളിലായി 3150 പ്രവാസികള്‍. കൊച്ചി ,കോഴിക്കോട് വിമാനത്താവളങ്ങളിലേക്കാണ് കൂടുതല്‍ സര്‍വീസുകള്‍. തിരുവനന്തപുരത്തേക്കുളള ആദ്യ വിമാനം ഞായറാഴ്ചയെത്തും.
വ്യാഴാഴ്ച നാല് വിമാനങ്ങളിലായി 800 പ്രവാസികള്‍ നാട്ടിലെത്തും.ദുബായില്‍ നിന്ന് രണ്ട് വിമാനങ്ങളും സഊദിയില്‍ നിന്നും ഖത്തറില്‍ നിന്നും ഓരോ വിമാനങ്ങള്‍ വീതവുമാണ് എത്തുന്നത്. ദുബായില്‍ നിന്നുളള ഒരു സര്‍വീസും ഖത്തറില്‍ നിന്നുളള സര്‍വീസും കൊച്ചി വിമാനത്താവളത്തിലേക്കും,മറ്റ് രണ്ട് സര്‍വ്വീസുകള്‍ കോഴിക്കോടേക്കുമാണുളളത്. ആദ്യ ആഴ്ച ഏഴ് രാജ്യങ്ങളില്‍ നിന്നുളളവരാണ് നാട്ടിലെത്തുന്നത്.
ദുബായ്, ഖത്തര്‍, സഊദി, ബഹറൈന്‍,കുവൈത്ത്, ഒമാന്‍, മലേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് 3150 പേരാണ് ജന്മനാട്ടിലേക്ക് തിരിച്ചെത്തുന്നത്. കൂടുതല്‍ പേരെത്തുന്നത് കൊച്ചിയിലാണ്.കോഴിക്കോട് 800 പേരും തിരുവനന്തപുരത്ത് 200 പേരുമാണ് ആദ്യ ആഴ്ച എത്തുന്നത്. ബ്രിട്ടനില്‍ നിന്നും അമേരിക്കയില്‍ നിന്നും മലയാളികള്‍ വരുന്നുണ്ടെങ്കിലും അവര്‍ ആദ്യ ഘട്ടത്തില്‍ ദില്ലി അടക്കം മറ്റ് സ്ഥലങ്ങളിലേക്കാണ് എത്തുന്നത്.
അതേ സമയം ട്രാവല്‍സ് വഴി ടിക്കറ്റ് ലഭിക്കില്ല. സാധാരണ വിമാന സര്‍വീസ് അല്ല ഇത്. പ്രത്യേക സര്‍വീസ് ആണ്. അതുകൊണ്ടുതന്നെ എംബസി വഴി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമേ ടിക്കറ്റ് കിട്ടൂ. എംബസി തയ്യാറാക്കി നല്‍കുന്ന പട്ടിക പ്രകാരം എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഓഫീസുകളില്‍ നിന്നാണ് ടിക്കറ്റ് ലഭിക്കുക.
നാട്ടിലേക്ക് വരാനുള്ള യാത്രാ ടിക്കറ്റ് പ്രവാസി വഹിക്കണം. ക്വാറന്റൈനില്‍ കഴിയാനുള്ള ചെലവും പ്രവാസി തന്നെ വഹിക്കണം. ക്വാറന്റൈന്‍ കാലാവധി കഴിയുമ്പോള്‍ പരിശോധന നടത്തും. രോഗമില്ലെന്ന് കണ്ടാല്‍ വീട്ടിലേക്ക് പോകാന്‍ സാധിക്കും. അതേസമയം, ദുബായിലേക്കും മാലിയിലേക്കും നാവിക സേനയുടെ കപ്പല്‍ പുറപ്പെട്ടിട്ടുണ്ട്. രണ്ടിടത്തേക്കും ഓരോ കപ്പലുകളാണ് പോയിട്ടുള്ളത്. കൊച്ചിയിലേക്ക് പ്രവാസികളുമായി ഈ കപ്പലുകള്‍ തിരിച്ചെത്തും. മാലദ്വീപില്‍ നിന്ന് 700 പേരെ എത്തിക്കും. രണ്ടുദിവസമാണ് യാത്രാ സമയം കണക്കാക്കുന്നത്. കപ്പല്‍ യാത്രയുടെ പണം ഈടാക്കില്ലെന്നാണ് വിവരം.
അതേ സമയം വിമാന ടിക്കറ്റിന്റെ നിരക്ക് എങ്ങനെയായിരിക്കുമെന്നത് പ്രവാസികൾക്ക് ഇടയിൽ ഏറെ ആശങ്കയ്ക്ക് വഴി വച്ചിട്ടുണ്ട്. സാധാരണഗതിയിലുള്ള നിരക്കോ, പ്രതിസന്ധി ഘട്ടത്തില്‍ ഇളവോട് കൂടിയ നിരക്കോ ആയിരിക്കുമെന്ന് ഉറപ്പു പറയാന്‍ സര്‍ക്കാര്‍ തയാറല്ലാത്ത സ്ഥിതിയില്‍ വിശേഷിച്ചും.
മാസങ്ങളായി വിശ്രമിക്കുന്ന എയര്‍ലൈനുകള്‍ നഷ്ടം നികത്താനായി വന്‍തുക പ്രവാസികളുടെ മേല്‍ ടിക്കറ്റ് നിരക്കിന്റെ രൂപത്തില്‍ കെട്ടിവെക്കുമോ എന്നാണ് അവരുടെ ഭയം. നിരക്കിളവ് നല്‍കുമെന്ന് പറയാന്‍ സര്‍ക്കാര്‍ തയാറാകാത്തതിനാല്‍ ഈ ഭയം കൂടുകയാണ്. നാട്ടില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് റെയില്‍വേ ടിക്കറ്റ് നല്‍കുന്നതില്‍പോലും ഉരുണ്ടുകളിച്ച സര്‍ക്കാര്‍ ഇക്കാര്യത്തിലും എന്തെങ്കിലും ചെയ്യുമെന്ന് പ്രതീക്ഷയില്ല.
മാസങ്ങളായി ജോലിയും കൂലിയുമില്ലാതെ, അപ്രതീക്ഷിതമായി നാട്ടിലേക്ക് തിരിക്കേണ്ടി വരുന്നവര്‍ക്ക് ഈ മടങ്ങിപ്പോക്ക് അത്ര ആശ്വാസകരമല്ലെന്നതാണ് യാഥാര്‍ഥ്യം. വിമാനങ്ങളിലെ യാത്രയും സാമൂഹിക അകലം പാലിച്ചായിരിക്കണമെന്നതിനാല്‍, സാധാരണയുടെ പകുതി യാത്രക്കാരെ മാത്രമേ ഓരോ വിമാനത്തിലും കൊണ്ടുപോകാനാകൂ. എന്നാല്‍ നഷ്ടം വഹിക്കാന്‍ വിമാനക്കമ്പനികള്‍ തയാറാവുകയുമില്ല. ആ ഭാരം പ്രവാസികളുടെ മുതുകത്ത് തന്നെയിരിക്കാനാണ് സാധ്യത കൂടുതല്‍.പ്രവാസികളുടെ ചെലവ് സര്‍ക്കാര്‍ വഹിക്കണമെന്ന് വിവിധ പ്രവാസി സംഘടനകളും സാമൂഹിക പ്രവര്‍ത്തകരും ആവശ്യപ്പെട്ടിട്ടുണ്ട്. അതിനിടെ കുവൈത്തിലെ പ്രവാസികള്‍ക്ക് കുറച്ച് ആശ്വാസമുണ്ട്. സൗജന്യമായി നാട്ടിലെത്തിക്കാമെന്ന് അവിടത്തെ സര്‍ക്കാര്‍ പറഞ്ഞിട്ടുണ്ട്. ഇതിനോട് ഇന്ത്യ പ്രതികരിച്ചിട്ടുമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."