ശാപമോക്ഷം തേടി കേണിച്ചിറ പൂതാടി കോട്ടവയല്‍ റോഡ്
കേണിച്ചിറ: കേണിച്ചിറ പുതാടി റോഡ് തകര്‍ന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും റോഡ് ഗതാഗതയോഗ്യമാക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കാത്തതില്‍ ശക്തമായ പ്രതിഷേധം ഉയരുന്നു.
കേണിച്ചിറ മുതല്‍ പൂതാടി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജംങ്ഷന്‍ വരെ കാല്‍നടയാത്രക്ക് പോലും പറ്റാത്ത വിധമാണ് റോഡ് തകര്‍ന്ന് കിടക്കുന്നത്.
പൊലിസ് സ്‌റ്റേഷന്‍, പുതാടി എയുപി സ്‌കൂള്‍, മഹാക്ഷേത്രം, ശ്രീനാരായണ ഹയര്‍ സെക്കന്‍ഡറി സകൂള്‍, കൊവളയില്‍ സുബ്രഹ്മണ്യ ക്ഷേത്രം എന്നിവിടങ്ങളിലേക്ക് ആയിരക്കണക്കിന് ആളുകള്‍ സഞ്ചരിക്കുന്ന ഈ പാതയോട് പഞ്ചായത്തും ജില്ലാ പഞ്ചായത്ത് അധികൃതരും കടുത്ത അവഗണനയാണ് കാണിക്കുന്നത്. കെ.എസ്.ആര്‍.ടി.സി, സ്വകാര്യ ബസുകളും നൂറു കണക്കിന് ഇതരവാഹനങ്ങളും ഈ റൂട്ടില്‍ സര്‍വീസ് നടത്തുന്നുണ്ട്.
റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപെട്ട് പൂതാടി പ്രദേശത്തെ നാട്ടുകാര്‍ നിരവധി സമരങ്ങളും പ്രക്ഷോഭങ്ങളും നടത്തിയെങ്കിലും ഒരു നടപടിയും ഇതുവരെ ഉണ്ടായില്ല. മാസങ്ങള്‍ക്ക് മുമ്പ് നാട്ടുകാര്‍ സ്വന്തം ചെലവില്‍ റോഡിലെ വലിയ കുഴികള്‍ അടച്ചിരുന്നു. എന്നാല്‍ വീണ്ടും റോഡ് തകര്‍ന്നിരിക്കുകയാണ്.
കേണിച്ചിറ മുതല്‍ കോട്ടവയല്‍ വരദൂര്‍ വരെ അഞ്ച് കിലോമിറ്റര്‍ ദൂരം ടാറിങ്ങ് നടത്തുന്നതിന് ജില്ലാ പഞ്ചായത്ത് ഫണ്ട് അനുവദിച്ചെന്ന് പറയുമ്പോഴും. റോഡ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അനന്തമായി നീണ്ടുപോകുകയാണ്.
കേണിച്ചിറ മുതല്‍ പൂതാടി കോട്ടവയല്‍ വരെ ഇരുചക്ര വാഹനങ്ങള്‍ക്ക് പോലും കടന്നുപോകാന്‍ കഴിയാത്ത അവസ്ഥയാണ്.
വലിയ കുഴികളില്‍ ചാടി വാഹനങ്ങള്‍ക്ക് അറ്റകുറ്റപണിക്ക് വേണ്ടി നല്ല തുക മാറ്റിവെക്കേണ്ടി വരുന്നുണ്ടെന്ന് ഡ്രൈവര്‍മാര്‍ പറയുന്നു.
ഒരു നാടിന്റെ മുഴുവന്‍ ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കുന്ന അധികൃതരുടെ നിലപാടില്‍ പ്രതിഷേധിച്ച് ശക്തമായ സമരവുമായി രംഗത്ത് ഇറങ്ങാനാണ് നാട്ടുകാരുടെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."