അതിഥി തൊഴിലാളികള്‍ക്ക് നാട്ടിലേക്ക് മടങ്ങാനുള്ള ശ്രമം വിഫലമാകുന്നു: ട്രെയിനുകള്‍ കൂട്ടത്തോടെ റദ്ദാക്കി കര്‍ണാടക
കര്‍ണാടക: അതിഥി തൊഴിലാളികള്‍ക്ക് നാട്ടിലേക്ക് മടങ്ങാനുള്ള ട്രെയിനുകള്‍ റദ്ദ് ചെയ്ത് കര്‍ണാടക സര്‍ക്കാര്‍.സംസ്ഥാനത്തെ പ്രമുഖ കെട്ടിട നിര്‍മാതാക്കള്‍ മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് തീരുമാനം.
ബുധനാഴ്ച്ചത്തേക്ക് ക്രമീകരിച്ചിരുന്ന എല്ലാ ട്രെയിനുകളും റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടക സര്‍ക്കാര്‍ ദക്ഷിണമേഖല റെയില്‍വേയ്ക്ക് കത്തും അയച്ചു.
കര്‍ണാടക അതിഥി തൊഴിലാളികള്‍ക്കായുള്ള നോഡല്‍ ഓഫീസര്‍ എന്‍. മഞ്ജുനാഥ പ്രസാദാണ് റെയില്‍വേയ്ക്ക് കത്തയച്ചത്. ബംഗളരുവില്‍ നിന്ന് ബീഹാറിലേക്ക് പോകാനിരുന്ന മൂന്ന് ട്രെയിനുകളാണ് നിലവില്‍ റദ്ദ് ചെയ്തിരിക്കുന്നത്. ഇതോടെ ആയിരകണക്കിന് അതിഥി തൊഴിലാളികള്‍ നാട്ടിലേക്ക് മടങ്ങാന്‍ സാധിക്കാതെ കര്‍ണാടകയില്‍ കുടുങ്ങിക്കിടക്കുകയാണ്.
സ്വന്തം നാടുകളിലേക്ക് മടങ്ങാനുള്ള തീരുമാനത്തില്‍നിന്ന് പിന്മാറണമെന്ന് കുടിയേറ്റ തൊഴിലാളികളോട് അഭ്യര്‍ഥിക്കാന്‍ സംസ്ഥാന മന്ത്രിമാരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് കെട്ടിട നിര്‍മാതാക്കളുമായി നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെ കര്‍ണാടക മുഖ്യമന്ത്രി യെദ്യൂരപ്പ ട്വീറ്റ് ചെയ്തു.
അതേ സമയം ചൊവ്വാഴ്ച്ച കര്‍ണാടകയില്‍ നിന്ന് 1199 പേര്‍ നാട്ടിലേക്ക് മടങ്ങിയിരുന്നു. 35 കിലോമീറ്റര്‍ ദൂരം നടന്ന് റെയില്‍വേ സ്റ്റേഷനലെത്തിയ നിരവധി തൊഴിലാളികളെ മുന്‍കൂര്‍ രജിസ്‌ട്രേഷന്‍ നടത്തിയില്ലെന്ന് കാണിച്ച് തിരിച്ചയക്കുകയാണ് ബി.എസ് യെദിയൂരപ്പ സര്‍ക്കാര്‍ ചെയ്തത്.
തൊഴിലാളികള്‍ക്കു വേണ്ട സൗകര്യങ്ങളെല്ലാം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും കെട്ടിട നിര്‍മാണം സംസ്ഥാനത്ത് പുനരാരംഭിച്ചു കഴിഞ്ഞുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. തൊഴിലാളികള്‍ അസത്യ പ്രചാരണങ്ങള്‍ വിശ്വസിക്കരുതെന്നും അനാവശ്യ യാത്ര ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ, കര്‍ണാടകത്തിലെയും ഗുജറാത്തിലെയും വ്യവസായ ലോബി കുടിയേറ്റ തൊഴിലാളികളുടെ യാത്ര തടസപ്പെടുത്തുന്നുവെന്ന ആരോപണവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍ രംഗത്തെത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."