ചൂടുകാലത്ത് കഞ്ഞി വെറും 'കഞ്ഞി'യല്ല
കൊച്ചി: ചൂടിനു കാഠിന്യം കൂടിയതോടെ കഞ്ഞിക്ക് സുവര്‍ണകാലം. മുന്‍പൊക്കെ കഞ്ഞി എന്ന പദം അല്‍പം തരംതാഴ്ത്തുന്ന രീതിയിലായിരുന്നു ഉപയോഗിച്ചിരുന്നതെങ്കില്‍ ചൂടുകാലം കഞ്ഞിക്ക് പുതിയമുഖം നല്‍കിയിരിക്കുകയാണ്. നാടെങ്ങും ഇപ്പോള്‍ കഞ്ഞിക്കടകളാണ്. പൊടിയരി കഞ്ഞി, ഉണ്ടയരി കഞ്ഞി, കുത്തരികഞ്ഞി, മട്ടയരികഞ്ഞി .... അങ്ങനെ നീളുന്നു കഞ്ഞി പെരുമ. ചുട്ടുപൊള്ളുന്ന രീതിയില്‍ താപനില ഉര്‍ന്നതും ഹ്യുമിഡിറ്റി 80 ശതമാനം ആയി ഉയര്‍ന്നതുമാണ് മലയാളിയുടെ ജീവിത ശൈലിക്ക് തന്നെ മാറ്റം വരുത്തിയത്. മീന്‍ വറുത്തതും ഉപ്പേരിയുമൊക്കെ കൂട്ടി ഊണ് കഴിച്ചിരുന്നവരില്‍ വലിയൊരു പങ്ക് കഞ്ഞികുടിക്കാന്‍ തീരുമാനിച്ചതാണ് കഞ്ഞിക്ക് ഡിമാന്‍ഡ് കൂടാന്‍ കാരണം. നഗരങ്ങളിലും ഗ്രാമങ്ങളിലും ഒരുപോലെയാണ് കഞ്ഞിക്കടകള്‍ തുറന്നിരിക്കുന്നത്. അധികം മുടക്കുമുതലില്ലാത്തതിനാല്‍ പലര്‍ക്കും ചൂടുകാലം പുതിയ ജീവിതമാര്‍ഗവുമായി.
മിക്ക നഗരങ്ങളിലും ഹൈടെക് കഞ്ഞിക്കടകളാണ്. 30-35 രൂപയാണ് ഒരു കഞ്ഞിയുടെ വില. കഞ്ഞിക്കൊപ്പം വന്‍പയര്‍, ചെറുപയര്‍, കടല എന്നിവയില്‍ ഏതെങ്കിലും ഒന്നിന്റെ ഉപ്പേരി, പപ്പടം, ചമ്മന്തി, അച്ചാര്‍ തുടങ്ങിയവയുമുണ്ടാകും. ആവശ്യക്കാര്‍ക്ക് സ്‌പെഷലായി ഓംലറ്റും കിട്ടും. ഉണ്ടയരി കഞ്ഞിക്കാണ് ആവശ്യക്കാര്‍ ഏറെ. കഞ്ഞിക്കും കറിക്കും നിയന്ത്രണമില്ല; ആവശ്യംപോലെ കിട്ടും. പൊള്ളുന്ന ചൂടില്‍ കഞ്ഞികുടിക്കുമ്പോള്‍ ശരീരത്തിന് ഏറെ ആശ്വാസം ലഭിക്കുന്നുണ്ടെന്ന് ആവശ്യക്കാര്‍ പറയുന്നു. ഊണിന് ചെലവാകുന്നതിന്റെ പകുതിക്കാശിന് ഉച്ചഭക്ഷണം നടക്കുമെന്ന് മാത്രമല്ല, വിശപ്പിനൊപ്പം ദാഹത്തിനും ശമനമാകുന്നു എന്നതാണ് 'കഞ്ഞിയുടെ പ്രത്യേകത. ആവശ്യക്കാര്‍ക്ക് കഞ്ഞിയില്‍ മോരൊഴിച്ച് കൊടുക്കുന്ന കച്ചവടക്കാരുമുണ്ട്.
ചൂട് കൂടിയതോടെ കഞ്ഞിക്ക് ആവശ്യക്കാര്‍ ഇരട്ടിയായതായി നഗരത്തില്‍ കഞ്ഞിക്കട നടത്തുന്ന റോയി പറയുന്നു. നേരത്തെ 50 പേരാണ് എത്തിയിരുന്നതെങ്കില്‍ ഇപ്പോഴത് ഇരട്ടിയായി. കഞ്ഞി ബാക്കിയാവുന്നില്ലെന്ന് മാത്രമല്ല, പല ദിവസങ്ങളിലും തികയാത്ത സ്ഥിതിയുമാണ്. സ്ത്രീകളും വിദ്യാര്‍ഥികളുമുള്‍പ്പെടെയുള്ളവരും ആവശ്യക്കാരായി എത്തുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."