വിഷു വിപണി: തെരുവുകച്ചവടം പൊടിപൊടിക്കുന്നു
കോഴിക്കോട്: വിഷുവിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ വിപണിയില്‍ തിരക്കു വര്‍ദ്ധിച്ചു. നഗരത്തിലെ പ്രധാന മാര്‍ക്കറ്റുകളായ മാനാഞ്ചിറ പരിസരം,മിഠായിത്തെരുവ് എന്നിവിടങ്ങളിലാണ് കച്ചവടം പൊടിപൊടിക്കുന്നത്. കനത്ത വെയിലില്‍പോലും സ്ത്രീകളും കുട്ടികളുമുള്ള കുടുംബാംഗങ്ങള്‍ ഒന്നിച്ചാണ് വിഷുക്കോടിക്കായി നഗരത്തിലെത്തുന്നത്. വിഷു ആഘോഷത്തിന്റെ ഭാഗമായി സര്‍ക്കാരിന്റെ വിഷു കൈത്തറി മേളയും കമ്മിഷണര്‍ ഓഫിസ് പരിസരത്ത് നടന്നുവരുന്നു.
കൈത്തറി വസ്ത്രങ്ങള്‍ കുറഞ്ഞ വിലയ്ക്ക് പ്രത്യേക ഡിസ്‌കൗണ്ടുകളും മേളയിലുണ്ട്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള വിവിധ വസ്ത്രങ്ങളുടെ വലിയ ശേഖരമാണ് മേളയില്‍ ഒരുക്കിയിരിക്കുന്നത്. പുതിയ സ്റ്റാന്‍ഡ് പരിസരംവരെ തെരുവ് കച്ചവടം നീളുന്നുണ്ട്. തിരക്കുവര്‍ദ്ധിച്ചതോടെ വേനല്‍ചൂടിനേക്കാള്‍ വലുതായി കച്ചവടചൂട് മാറുന്ന അവസ്ഥയാണ് നിലവില്‍. കുട്ടികള്‍ക്കായുള്ള വസ്ത്രങ്ങളും സ്ത്രികള്‍ക്കുള്ള വസ്ത്രങ്ങളുമാണ് തെരുവ് വിപണി ഇത്തവണ കീഴടക്കിയിരിക്കുന്നത്. മാനാഞ്ചിറ ബി.ഇ.എം സ്‌കൂള്‍ പരിസരത്തെ മരങ്ങള്‍ മുറിച്ചുമാറ്റിയതോടെ ഇതുവഴിയുള്ള തെരുവ്കച്ചവടത്തിന് തിരക്കു കുറഞ്ഞിട്ടുണ്ട്. വിഷു ആഘോഷത്തിന്റെ അവസാന ഞായറാഴ്ച ഇന്നാണ്. അതുകൊണ്ടു തന്നെ പതിവില്‍ നിന്നു വ്യത്യസ്തമായി ഞായാറാഴ്ച കച്ചവടത്തിന്റെ പകല്‍പൂരമായി മാറുമെന്നതില്‍ സംശയമില്ല. മിഠായിത്തെരുവിലും സമാനമായ തിരക്കാണ് അനുഭവപ്പെടുന്നത്. കണിവെള്ളരിക്കയും കണിക്കൊന്നയ്ക്കുമായി പാളയം മാര്‍ക്കറ്റിലും കച്ചവടമാരംഭിച്ചു. പച്ചക്കറി വിപണിയിലും പഴ വിപണിയിലും സമാനമായ തിരക്കാണ് അനുഭവപ്പെടുന്നത്. വിഷു അടുത്തതോടെ നഗരത്തിലെ പ്രധാന ഹോട്ടലുകളിലും വിഷു സദ്യയും വസ്ത്ര വിപണിയും ഒരുക്കുന്നുണ്ട്. പടക്ക കച്ചവട വിപണി തയാെറടുപ്പുകള്‍ അവസാന ഘട്ടത്തിലാണ്. ഇത്തവണയും ചൈനീസ് പടക്കങ്ങളാണ് വിഷുവിന്റെ താരം.
ശബ്ദങ്ങള്‍ക്കപ്പുറം വര്‍ണങ്ങള്‍ക്കാണ് കൂടുതല്‍ ആവശ്യക്കാര്‍ ഉള്ളതുകൊണ്ടുതന്നെ അത്തരത്തിലുള്ള വിപണിയാണ് കൂടുതലും.പതിവില്‍ നിന്നു വ്യത്യസ്തമായി വിഷു വിപണിയില്‍ വിലക്കയറ്റം വലിയ ചര്‍ച്ചയാകുന്നില്ല. സര്‍ക്കാരിന്റെ അവശ്യസാധന മാര്‍ക്കറ്റുകളും സജീവമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."