കരിപ്പൂരില്‍ രാത്രി 10.30ന്
കൊണ്ടോട്ടി: പ്രവാസികളുമായി ദുബൈയില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ പ്രത്യേക വിമാനം ഇന്ന് രാത്രി 10.30 ന് കരിപ്പൂരിലെത്തും. മലപ്പുറം ജില്ലയുള്‍പ്പെടെ ഒന്‍പത് ജില്ലകളിലെ യാത്രക്കാരാണ് ആദ്യ വിമാനത്തിലുണ്ടാകുക. ഇതില്‍ മലപ്പുറം ജില്ലയില്‍ നിന്ന് 82 യാത്രക്കാരാണുളളത്. പാലക്കാട് എട്ട്, കോഴിക്കോട് 70, വയനാട് 15, കണ്ണൂര്‍ ആറ്, കാസര്‍കോട് നാല്, കോട്ടയം ഒന്ന്, ആലപ്പുഴ രണ്ട്, തിരുവനന്തപുരം ഒന്ന് എന്നിങ്ങനെയാണ് യാത്രക്കാര്‍.
വിമാനത്തില്‍ നിന്ന് പുറത്തിറങ്ങുന്ന യാത്രക്കാരെ കര്‍ശനമായ ആരോഗ്യ പരിശോധനയ്ക്ക് വിധേയരാക്കും. പ്രകടമായ ആരോഗ്യ പ്രശ്‌നങ്ങളുള്ളവരെ ആംബുലന്‍സില്‍ മെഡിക്കല്‍ കോളജ് ആശുപത്രികളിലെ ഐസൊലേഷന്‍ കേന്ദ്രങ്ങളിലേക്ക് മാറ്റും.
ശേഷിക്കുന്നവരെ പ്രത്യേക നിരീക്ഷണാര്‍ഥം ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ പ്രവാസികള്‍ക്കായി സജ്ജമാക്കിയ കൊവിഡ് കെയര്‍ സെന്ററുകളിലേയ്ക്ക് മാറ്റും. പ്രവാസികളെ ആശുപത്രികള്‍, കൊവിഡ് കെയര്‍ സെന്ററുകള്‍ എന്നിവിടങ്ങളിലേയ്ക്കു മാറ്റാന്‍ ആവശ്യമായ ക്രമീകരണങ്ങള്‍ വിമാനത്താവളത്തില്‍ തന്നെ ഒരുക്കിയിട്ടുണ്ട്. കെ.എസ്.ആര്‍.ടി.സി ബസുകളില്‍ മതിയായ ആരോഗ്യ ജാഗ്രത ഉറപ്പാക്കി ഇവരെ ജില്ലാ ഭരണകൂടം ഒരുക്കിയ വിവിധ കോവിഡ് കെയര്‍ സെന്ററുകളിലേക്ക് കൊണ്ടുപോകും. ഇന്ന് അബുദാബിയില്‍ നിന്ന് കൊച്ചിയിലെത്തുന്ന വിമാനത്തിലുള്ള 23 മലപ്പുറം സ്വദേശികളെ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിച്ച് ജില്ലയിലെത്തിക്കാനുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.
പ്രവാസികളെത്തുമ്പോള്‍ സ്വീകരിക്കേണ്ട നടപടിക്രമങ്ങള്‍ സംബന്ധിച്ച് ജില്ലാ കലക്ടര്‍ ജാഫര്‍ മലിക്, ജില്ലാ പൊലിസ് മേധാവി യു. അബ്ദുല്‍കരീം, ആരോഗ്യ വകുപ്പ് അധികൃതര്‍ എന്നിവര്‍ വിമാനത്താവളത്തിലെത്തി എയര്‍പോര്‍ട്ട് ഡയറക്ടര്‍ കെ. ശ്രീനിവാസറാവുമായി ചര്‍ച്ച നടത്തി. ആരോഗ്യ ജാഗ്രത ഉറപ്പാക്കിയുള്ള ക്രമീകരണങ്ങളാണ് വിമാനത്താവളത്തില്‍ ഒരുക്കിയിട്ടുള്ളതെന്ന് ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് പറഞ്ഞു. മറ്റു ജില്ലകളിലേക്കുള്ളവരില്‍ പ്രത്യേകിച്ച് രോഗ ലക്ഷണങ്ങളില്ലാത്തവരെ ടാക്‌സി വാഹനങ്ങളിലോ കെ.എസ്.ആര്‍.ടി.സി ബസുകളിലോ അതത് ജില്ലാ അധികൃതര്‍ക്ക് മുന്‍കൂട്ടി വിവരങ്ങള്‍ നല്‍കിയ ശേഷം കൊണ്ടുപോകും. എം.പിമാരായ പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീര്‍, എം.എല്‍.എമാരായ ടി.വി ഇബ്രാഹീം, അബ്ദുള്‍ഹമീദ് തുടങ്ങിയവര്‍ വിമാനത്താവളത്തിലെത്തി കാര്യങ്ങള്‍ വിലയിരുത്തി.
സുരക്ഷയ്ക്ക്
ഡി.ഐ.ജിമാര്‍
തിരുവനന്തപുരം: വിവിധ വിമാനത്താവളങ്ങളുടെ സുരക്ഷയ്ക്ക് ഡി.ഐ.ജി തലത്തിലെ ഉദ്യോഗസ്ഥരെ നിയോഗിച്ചു. തിരുവനന്തപുരം വിമാനത്താവളത്തില്‍ സഞ്ജയ്കുമാര്‍ ഗുരുഡിനും നെടുമ്പാശേരിയില്‍ മഹേഷ്‌കുമാര്‍ കാളിരാജിനും കരിപ്പൂരില്‍ എസ്.സുരേന്ദ്രനുമാണ് ചുമതല. കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇപ്പോള്‍ വിമാനങ്ങള്‍ വരുന്നത് ഷെഡ്യൂള്‍ ചെയ്തിട്ടില്ലെങ്കിലും ചുമതല കെ. സേതുരാമന് നല്‍കിയിട്ടുണ്ട്. കൊച്ചി തുറമുഖത്തിന്റെ ചുമതല കൊച്ചി സിറ്റി പൊലിസ് കമ്മിഷണര്‍ വിജയ് സാക്കറേയ്ക്കും നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."