അവിഷ്ണ കൂടുതല്‍ ക്ഷീണിത; മെഡിക്കല്‍ സംഘം വളയത്ത്
നാദാപുരം: ജിഷ്ണു പ്രണോയിയുടെ അമ്മയും കുടുംബവും തിരുവനന്തപുരത്ത് തുടരുന്ന സമരത്തിന് പിന്തുണയുമായി വളയത്ത് സഹോദരി അവിഷ്ണ നടത്തുന്ന നിരാഹാരസമരം നാലാം ദിവസത്തിലേക്ക് കടന്നു. ശാരീരികസ്ഥിതി മോശമായതിനെ തുടര്‍ന്ന് ഏതു സമയത്തും അറസ്റ്റ് ചെയ്തു നീക്കാനുള്ള ഒരുക്കത്തില്‍ ജില്ലാ ഭരണകൂടവും പൊലിസും തയാറായി നില്‍ക്കുകയാണ്. അവിഷ്ണയുടെ ആരോഗ്യസ്ഥിതി പരിശോധിക്കാന്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലെയും വടകര താലൂക്ക് ആശുപത്രിയിലെയും മെഡിക്കല്‍ സംഘത്തിന്റെ നേതൃത്വത്തില്‍ അടിയന്തര വൈദ്യസഹായ ടീം വീട്ടില്‍ ക്യാംപ് ചെയ്യുന്നുണ്ട്. വൈകിട്ടോടെയാണ് കോഴിക്കോട്ട് നിന്ന് മെഡിക്കല്‍ സംഘം വളയത്തെ വീട്ടിലെത്തിയത്. വള്ളിയാഴ്ച തന്നെ അവിഷ്ണയുടെ ആരോഗ്യസ്ഥിതി വഷളായിരുന്നു. ഇതേതുടര്‍ന്ന് പ്രാദേശിക മെഡിക്കല്‍ സംഘം നിര്‍ബന്ധപൂര്‍വം ഗ്ലൂക്കോസ് ലായനി കുത്തിവച്ചു.
നിരവധി പേരാണ് അവിഷ്ണയെ സന്ദര്‍ശിക്കാനായി വളയം പൂവംവയലില്‍ എത്തിയത്.
ഇന്നലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, വി.എം സുധീരന്‍ എന്നിവര്‍ വിഷ്ണയെ വീട്ടിലെത്തി സന്ദര്‍ശിച്ചു.
അവിഷ്ണയെ ഉത്തരമേഖലാ എ.ഡി.ജി.പി രാജേഷ് ദിവാന്‍ സന്ദര്‍ശിച്ചു. ഇന്നലെ രാത്രി ഒന്‍പതരയോടെയാണ് എ.ഡി.ജി.പി എത്തിയത്. അവിഷ്ണയെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിന്റെ ഭാഗമായാണ് എ.ഡി.ജി.പി എത്തിയതെന്ന സംശയത്തെ തുടര്‍ന്ന് ജനങ്ങള്‍ വീടിനുസമീപം സംഘടിച്ചു. വീട്ടിനുള്ളില്‍ വച്ച് അവിഷ്ണയുമായി ഏതാനും മിനുട്ട് സംസാരിച്ചതിനുശേഷം അദ്ദേഹം തിരിച്ചുപോയി. അവിഷ്ണയെ അറസ്റ്റ് ചെയ്യില്ലെന്നും ബന്ധുക്കളുമായി ആലോചിച്ച ശേഷമേ നടപടികള്‍ സ്വീകരിക്കുകയുള്ളുവെന്നും എ.ഡി.ജി.പി പറഞ്ഞതായി മഹിജയുടെ ബന്ധുക്കള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."