വൈദ്യുതോല്‍പാദനത്തില്‍ സ്വയംപര്യാപ്തത ലക്ഷ്യം: മന്ത്രി
പിണറായി: കേരളത്തില്‍ ദൈനംദിന ആവശ്യത്തിനുള്ള വൈദ്യുതിയുടെ 30 ശതമാനം മാത്രമാണ് ഉല്‍പാദിപ്പിക്കുന്നതെന്നും ബാക്കി ആവശ്യമുള്ള 70 ശതമാനം മറ്റ് പലയിടങ്ങളില്‍ നിന്നും അധികവില നല്‍കി വാങ്ങുകയാണ് ചെയ്യുന്നതെന്നും മന്ത്രി എം.എം മണി. പിണറായിയില്‍ നിര്‍മിച്ച ഇലക്ട്രിക്കല്‍ സെക്ഷന്‍ കം സബ് ഡിവിഷന്‍ ഓഫിസ് കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന സര്‍ക്കാറിന്റെ ലക്ഷ്യം വൈദ്യുതി ഉല്‍പാദനത്തില്‍ സ്വയം പര്യാപ്തതയാണ്. അതിനായി നിരവധി പദ്ധതികള്‍ നടപ്പാക്കി വരുന്നു. ചെറുകിട പദ്ധതികള്‍ എല്ലാം നഷ്ടത്തിലേക്ക് പോവുകയാണ്. അതിനാല്‍ വന്‍കിട വൈദ്യുതി ഉല്‍പാദന പദ്ധതികള്‍ രൂപീകരിക്കും. ഇടുക്കിയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന രണ്ടാമത്തെ പവര്‍ഹൗസ് സ്ഥാപിക്കും. അതിന്റെ നടപടിക്രമങ്ങള്‍ ആരംഭിച്ചു.
ഈ സര്‍ക്കാറിന്റെ കാലത്ത് തന്നെ അതിന്റെ നിര്‍മാണ ഉദ്ഘാടനം നടത്തുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. വൈദ്യുതിയുടെ ഉപയോഗം കുറക്കാന്‍ ഉപഭോക്താക്കള്‍ എല്‍.ഇ.ഡി ബള്‍ബുകളും ട്യൂബുകളും ഉപയോഗിക്കണം. സൗരോര്‍ജത്തെ കൂടുതലായി ആശ്രയിക്കുന്നതിന് സംവിധാനമൊരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പിണറായി 110 കെ.വി സബ്‌സ്റ്റേഷന്‍ കോമ്പൗണ്ടില്‍ 61 ലക്ഷം രൂപ ചെലവഴിച്ച് 200 ചതുരശ്ര മീറ്ററിലാണ് കെട്ടിടം നിര്‍മിച്ചത്. പിണറായി ഇലക്ട്രിക്കല്‍ സെക്ഷന്‍, ഇലക്ട്രിക്കല്‍ സബ് ഡിവിഷന്‍ എന്നീ ഓഫിസുകള്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കും.
എ.എന്‍ ഷംസീര്‍ എം.എല്‍.എ അധ്യക്ഷനായി. കെ. ബാലകൃഷ്ണന്‍, പി. ബാലന്‍, തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ രാജീവന്‍, വേങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് സി.പി അനിത, പി. വിനീത, പി.കെ മണി, അഗസ്റ്റിന്‍ തോമസ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."