സ്മാര്‍ട്ട് ഫോണ്‍ നിര്‍മാണരംഗത്ത് സഊദിക്ക് നേട്ടം
ജിദ്ദ: സ്മാര്‍ട്ട് ഫോണ്‍ നിര്‍മാണരംഗത്ത് ശ്രദ്ധേയമായ ചുവടുവയ്പ്പുമായി സഊദി. സ്മാര്‍ട്ട് ഫോണുകളുടെ നാല്‍പ്പത് ശതമാനം ഭാഗങ്ങളും സഊദിയില്‍ നിര്‍മിക്കുന്നുണ്ടെന്നും ടെക്‌നോളജി മേഖലയില്‍ ലോകത്തിലെ ഏറ്റവും വലിയ നിക്ഷേപ ശക്തിയാവുകയാണ് ലക്ഷ്യമെന്നും കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ഐ.ടി മന്ത്രി പറഞ്ഞു.
സ്‌പെയിനില്‍ നടന്ന വേള്‍ഡ് മൊബൈല്‍ കോണ്‍ഗ്രസ് 2019 എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി. പരിപാടി നടക്കുന്ന സമ്മേളന ഹാളില്‍ ഉപയോഗിക്കുന്ന 95 ശതമാനം സ്മാര്‍ട്ട് ഫോണുകളിലും പ്രവര്‍ത്തിച്ചുവരുന്ന എ.ആര്‍.എം പ്രൊസസ്സറുകള്‍ പങ്കാളിത്ത വ്യവസ്ഥയില്‍ സഊദി അറേബ്യയില്‍ നിര്‍മിച്ചതാണ്. സോഫ്റ്റ് ബാങ്കിന്റേയും സഊദി വിഷന്‍ ഫണ്ടിന്റേയും ഉടമസ്ഥതയിലുള്ളതാണ് എ.ആര്‍.എം പ്രൊസസര്‍ കമ്പനി.
സര്‍ക്കാര്‍, വ്യാപാര, വാണിജ്യ, ആരോഗ്യ മേഖലകളിലെ ഡിജിറ്റല്‍വത്കരണങ്ങളിലൂടെ രാജ്യം അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുകയാണ്. മിനുറ്റുകള്‍ക്കകം വാണിജ്യ ലൈസന്‍സുകള്‍ക്ക് അപേക്ഷിക്കുവാനും ഒരു ദിവസത്തിനകം തന്നെ ലൈസന്‍സ് കൈപ്പറ്റുവാനും സാധിക്കും വിധം സാങ്കേതികവിദ്യാ രംഗത്ത് രാജ്യം മാറി കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."