പൊതുശൗച്യാലയം: സര്‍ക്കാര്‍ നിര്‍ദേശം നടപ്പായില്ല
കുന്നുംകൈ: ജില്ലയിലെ സ്‌കൂളുകളിലെയും പൊതുസ്ഥലങ്ങളിലെയും ശൗചാലയങ്ങളുടെ ശോചനീയാവസ്ഥ സംബന്ധിച്ച് സര്‍ക്കാര്‍ രണ്ടു വര്‍ഷം മുമ്പ് തയാറാക്കിയ പദ്ധതി പ്രാവര്‍ത്തികമായില്ല. പെണ്‍കുട്ടികള്‍ക്കു സ്‌കൂളുകളില്‍ ആവശ്യത്തിന് വെള്ളവും വൃത്തിയും സ്വകാര്യതയുമുള്ള ശൗചാലയങ്ങള്‍ വേണമെന്ന സര്‍ക്കാരിന്റെ നിര്‍ദേശം നടപ്പിലാക്കുന്നതില്‍ അധികൃതര്‍ തന്നെ വിമുഖത കാട്ടുകയാണെന്ന ആക്ഷേപമാണ് ഉയരുന്നത്.
ജില്ലയിലെ പല സ്‌കൂളുകളിലും പൊതുസ്ഥലങ്ങളിലും ശൗചാലയങ്ങള്‍ പേരിനു പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും പലതും വൃത്തി ഹീനവും ദുര്‍ഗന്ധപൂര്‍ണവുമാണ്. പൊതുസ്ഥലങ്ങള്‍ വൃത്തിയും വെടിപ്പുമുള്ളതായി തുടരണമെങ്കില്‍ പൊതു ശൗചാലയങ്ങള്‍ ഒഴിച്ചുകൂടാനാവാത്തതാണന്നും പൊതുസ്ഥലത്ത് ശൗചാലയം നിര്‍മിക്കാത്ത പഞ്ചായത്തുകളുടെ പദ്ധതികള്‍ക്ക് ഇനി അംഗീകാരം നല്‍കുന്നില്ലെന്നുമാണ് സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നത്.
ഇതിനായി വിദ്യാലയങ്ങളിലും പൊതുസ്ഥലങ്ങളിലും തദ്ദേശസ്ഥാപനങ്ങള്‍ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍ബന്ധമായും ശൗചാലയം നിര്‍മിക്കണമെന്നു സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ്.
ഈ വര്‍ഷം ശൗചാലയങ്ങള്‍ നിര്‍മിച്ചതായി സാക്ഷ്യപത്രം നല്‍കിയാലേ അടുത്തവര്‍ഷം പദ്ധതികള്‍ക്ക് അംഗീകാരം നല്‍കൂ എന്നാണ് സര്‍ക്കാറിന്റെ തീരുമാനം.
എന്നാല്‍ മലയോരത്തെ പ്രധാന സ്ഥലങ്ങളില്‍ ഇപ്പോഴും ശൗചാലയങ്ങള്‍ നിര്‍മിക്കാത്ത പഞ്ചായത്തുകള്‍ ഉണ്ട്. വിദ്യാര്‍ഥികളില്‍ മൂത്രാശയ രോഗങ്ങള്‍ വര്‍ധിച്ചുവരുന്നതായി ആരോഗ്യ വകുപ്പ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ കര്‍ശന നിര്‍ദേശം നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."