വയനാട് പഴയപടി തന്നെ; ഇടതിന് 'ഈച്ചക്കോപ്പി' പ്രചാരണ നോട്ടിസ് മതിയാകും
#ഷഫീഖ് മുണ്ടക്കൈ
കല്‍പ്പറ്റ: വയനാടന്‍ തെരഞ്ഞെടുപ്പ് ചൂടിലേക്ക് ചുരം കയറിയെത്തുന്ന പി.പി സുനീറിനും ഇടതുപക്ഷത്തിനും ഇത്തവണ പ്രചാര നോട്ടിസുകളൊരുക്കാന്‍ തലപുകയ്‌ക്കേണ്ടി വരില്ല.
2014ല്‍ സത്യന്‍ മൊകേരിക്കായി തയാറാക്കിയ നോട്ടിസുകളുടെ ഈച്ചക്കോപ്പി പകര്‍ത്തിയാല്‍ മതിയാകും. വിജയിച്ച മുന്നണിക്ക് മണ്ഡലം സംബന്ധിച്ച് ഇപ്പോഴും എപ്പോഴുമുള്ള അമിത ആത്മവിശ്വാസം കാരണം അന്നത്തെ തെരഞ്ഞെടുപ്പ് പ്രചാരണ വിഷയങ്ങള്‍ ഇന്നും പ്രാധാന്യത്തോടെ മണ്ഡലത്തില്‍ അവശേഷിക്കുന്നതാണ് ഇടതുപക്ഷത്തിന് സമയലാഭമുണ്ടാക്കുന്നത്.
മണ്ഡല രൂപീകരണത്തിനു ശേഷമുള്ള രണ്ടു തെരഞ്ഞെടുപ്പുകളിലും പ്രചാരണ വിഷയമായ ചുരത്തിനു മുകളിലെ മനുഷ്യരുടെ ചിരകാല സ്വപ്നങ്ങളായ തീവണ്ടിപ്പാത, സര്‍ക്കാര്‍ മെഡിക്കല്‍ കോളജ്, ചുരം ബദല്‍പാതകള്‍, രാത്രിയാത്രാ നിരോധനം, തോട്ടംതൊഴിലാളികളുടെ ദുരിതജീവിതം, കാര്‍ഷിക മേഖലയിലെ പ്രതിസന്ധി, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്, ഭൂരഹിതരായ ആദിവാസികള്‍ക്കു ഭൂമി തുടങ്ങിയവതന്നെയാകും ഇക്കുറിയും പ്രധാന തെരഞ്ഞെടുപ്പ് പ്രചാരണ വിഷയങ്ങള്‍. ഇടതിനു പകര്‍ത്തിയെഴുത്ത് പണി മാത്രം മതിയാകുമ്പോള്‍ യു.ഡി.എഫിന് മുന്‍പ്രഖ്യാപനങ്ങളുടെ നിലവിലെ പുരോഗതി തിരഞ്ഞുപിടിക്കേണ്ട പണിയാണുണ്ടാകുക.
മൂന്നു ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന മണ്ഡലത്തില്‍ വയനാട്ടിലെ മൂന്നു നിയമസഭാ മണ്ഡലങ്ങളിലൊഴിച്ച് മലപ്പുറത്തെ മൂന്നും കോഴിക്കോട്ടെ ഒരു മണ്ഡലങ്ങള്‍ക്കുമായി പ്രത്യേക 'പ്രഖ്യാപന പാക്കേജ്' ഒരുക്കേണ്ടിവരുമെന്നത് മാത്രമാണ് വ്യത്യാസം. സിറ്റിങ് സീറ്റുകളില്‍ കോണ്‍ഗ്രസിന് ഏറ്റവും ആത്മവിശ്വാസമുള്ള ലോക്‌സഭാ മണ്ഡലമാണ് വയനാട്. 2009ല്‍ 1,53,439 വോട്ടുകളുടെ ഭൂരിപക്ഷമുണ്ടായിരുന്നത് 2014ല്‍ 20,870 എന്നതിലേക്ക് കൂപ്പുകുത്തിയെങ്കിലും ആത്മവിശ്വാസത്തിന് കോട്ടമൊന്നുമുണ്ടായിട്ടില്ല. മുന്നണിയുടെ ഈ അമിത ആത്മവിശ്വാസം മണ്ഡലത്തിന്റെ വികസനത്തെ കാര്യമായി ബാധിക്കുന്നുണ്ടെന്നു വിലയിരുത്തുന്ന വോട്ടര്‍മാര്‍ ധാരാളമുണ്ട് മണ്ഡലത്തില്‍.
സംസ്ഥാന സര്‍ക്കാര്‍ മണ്ഡലത്തില്‍ നടപ്പാക്കിയ വികസനങ്ങള്‍ ജയം ഉറപ്പിക്കുമെന്ന വിശ്വാസത്തിലാണ് ഇടതുപക്ഷം. മണ്ഡലത്തിലെ ഏഴു നിയോജക മണ്ഡലങ്ങളില്‍ നാലെണ്ണം കൈവശമുള്ളതും ആറു നഗരസഭകളില്‍ അഞ്ചിലും ഭരണമുള്ളതും ഭരിക്കുന്ന ഗ്രാമപഞ്ചായത്തുകളുടെ എണ്ണക്കൂടുതലും ഇടതിന്റെ പ്രതീക്ഷകളാണ്. ഒന്നും ചെയ്തില്ലെങ്കിലും മൃഗീയ ഭൂരിപക്ഷം കനിഞ്ഞു നല്‍കുന്നവര്‍ ഇത്തവണയും പതിവു തെറ്റിക്കില്ലെന്ന ആത്മവിശ്വാസത്തിലാണ് യുഡി.എഫ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."