മഴയില്‍ നിരവധി നാശം
എരുമപ്പെട്ടി: കനത്ത മഴയില്‍ വേലൂര്‍ പുലിയന്നൂര്‍ സെന്ററിലെ കെട്ടിടത്തിന്റെ ഒരു ഭാഗം ഇടിഞ്ഞു വീണു. റോഡിനോട് ചേര്‍ന്നു നില്‍ക്കുന്നതും വര്‍ഷങ്ങള്‍ക്ക് മുന്‍പ് വിവിധ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതുമായ കെട്ടിടമാണ് ഭാഗികമായി തകര്‍ന്ന് വീണത്. കാലപ്പഴക്കം കാരണം സ്ഥാപനങ്ങള്‍ ഒഴിഞ്ഞുപോയ കെട്ടിടം പൊളിച്ചുനീക്കാനിട്ടിരിക്കുകയായിരുന്നു.
തുടര്‍ച്ചയായുണ്ടായ ശക്തമായ കാറ്റിലും മഴയിലും കെട്ടിടം തകര്‍ന്ന് വീഴുകയായിരുന്നു.
മാള: പൊയ്യ പഞ്ചായത്തിലെ പൂപ്പത്തിയില്‍ കനത്ത മഴയില്‍ വീട് ഇടിഞ്ഞു വീണു. മാളിയേക്കല്‍ സുരേഷ് ബാബുവിന്റെ ഓട് മേഞ്ഞ വീടിന്റെ കിടപ്പുമുറിയുടെ ഭാഗമാണു പൂര്‍ണമായി വീണത്. ഇന്നലെ രാവിലെ എട്ടോടെയാണ് സംഭവം.
ഈ സമയത്തു മുറിയില്‍ ആരും ഇല്ലാതിരുന്നത് വലിയ അപകടം ഒഴിവാക്കി. സുരേഷ് ബാബുവും ഭാര്യയും മകളുമാണു സംഭവ സമയത്തു വീട്ടില്‍ ഉണ്ടായിരുന്നത്. വീടിന്റെ മറ്റു ഭാഗങ്ങള്‍ ഏറെക്കുറെ തകര്‍ന്നു അപകടാവസ്ഥയിലാണ്. വാര്‍ഡ് മെംബര്‍ സിജി വിനോദ് സംഭവസ്ഥലത്തെത്തി. വില്ലേജ് അധികൃതരെ അപകട വിവരം അറിയിച്ചു.
വടക്കാഞ്ചേരി: കനത്ത മഴയെ തുടര്‍ന്ന് ചിറ്റണ്ട തൃക്കണാപതിയാരം മേഖലയില്‍ വന്‍ കൃഷിനാശം. പാടശേഖരങ്ങളില്‍ വെള്ളം കയറി കൂര്‍ക്ക കൃഷിയും പച്ചക്കറികൃഷിയും ഒലിച്ചുപോയ നിലയിലാണ്. പാടത്ത് വെള്ളം നിറഞ്ഞു കിടക്കുകയാണ്. വെള്ളച്ചാലുകളില്‍ മണ്ണും മാലിന്യങ്ങളും നിറഞ്ഞു നീരൊഴുക്കു തടസപ്പെട്ടതാണ് വെള്ളക്കെട്ടിനു കാരണമായതെന്നു കര്‍ഷകര്‍ പരാതിപ്പെടുന്നു. ചിറ്റണ്ട സ്വദേശികളായ പട്ടച്ചാലില്‍ അബൂബക്കറിന്റെയും ചന്ദ്രന്റെയും കൃഷിയാണു നശിച്ചത്. രണ്ടുലക്ഷം രൂപ നഷ്ടം വന്നതായി കര്‍ഷകര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."