റാഫേല്‍ യുദ്ധവിമാന ഇടപാട് വൈകിപ്പിച്ചത് ബി.ജെ.പി: ആന്റണി
ന്യൂഡല്‍ഹി: റാഫേല്‍ യുദ്ധവിമാന ഇടപാട് വൈകിപ്പിച്ചത് ബി.ജെ.പി സര്‍ക്കാരെന്ന് മുന്‍ പ്രതിരോധമന്ത്രിയും കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗവുമായ എ.കെ ആന്റണി.
റാഫേല്‍ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യം മുഴുവന്‍ നുണ പ്രചരിപ്പിക്കുകയാണ്. 2002ലാണ് വ്യോമസേന ബി.ജെ.പി സര്‍ക്കാരിനോട് വിമാനം വേണമെന്ന ആവശ്യം ഉന്നയിച്ചത്. റാഫേല്‍ ഇടപാടു സംബന്ധിച്ച് ബി.ജെ.പിയിലെ മുതിര്‍ന്ന എം.പിമാരും കോണ്‍ട്രാക്ട് നെഗോഷ്യേറ്റിങ് കമ്മിറ്റിയും ഉന്നയിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ മൂന്നംഗ സമിതിയെ കൊണ്ട് അന്വേഷിപ്പിക്കുകയാണ് താന്‍ ചെയ്തത്. രാജ്യതാല്‍പര്യം മുന്‍നിര്‍ത്തിയും വിശ്വാസ്യത ഉറപ്പാക്കാനുമായിരുന്നു ഇത്.
ബി.ജെ.പിയിലെ തന്നെ സുബ്രഹ്മണ്യന്‍ സ്വാമിയും യശ്വന്ത് സിന്‍ഹയും അടക്കമുള്ളവരുടെ പരാതി ഗൗരവമായിക്കണ്ട് അന്വേഷിച്ചത് അതുകൊണ്ടാണ്. പ്രതിരോധ മന്ത്രിയെന്ന നിലയില്‍ തന്റെ കടമയാണ് അതിലൂടെ നിര്‍വഹിച്ചത്. മൂന്നംഗ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് എന്‍.ഡി.എ ഭരണകാലത്താണ്. അതു നിരസിക്കുകയോ അംഗീകരിക്കുകയോ ചെയ്യാമായിരുന്നിട്ടും ഇതു പാടെ അവഗണിച്ചാണ് മോദി ഫ്രഞ്ച് കമ്പനിയുമായുള്ള ഇടപാടുമായി മുന്നോട്ടുപോയത്. ഇക്കാര്യങ്ങളെല്ലാം സി.എ.ജി റിപ്പോര്‍ട്ടില്‍ വ്യക്തമാണ്. ഇതിനു പുറമെ നിയമമന്ത്രാലയം നല്‍കിയ ശുപാര്‍ശകളും ബി.ജെ.പി സര്‍ക്കാര്‍ അവഗണിച്ചു. ഇക്കാര്യങ്ങളില്‍ മോദി രാജ്യത്തോടു മറുപടി പറയണമെന്ന് ആന്റണി ആവശ്യപ്പെട്ടു.
കോണ്‍ഗ്രസ് ഭരണകാലത്തു സേനയിലെ കാര്യങ്ങള്‍ വിശദീകരിച്ചിരുന്നതു സേനകളിലെ ഔദ്യോഗിക വക്താക്കളായിരുന്നുവെന്നും ഇപ്പോഴതു ചെയ്യുന്നത് ബി.ജെ.പിയുടെ പ്രസിഡന്റാണെന്നും ആന്റണി പറഞ്ഞു. സേനയുടെ ഉന്നത ഉദ്യോഗസ്ഥര്‍ പോലും പറയാന്‍ കഴിയില്ലെന്നു പറഞ്ഞ മരണസംഖ്യ അടക്കമാണ് അമിത് ഷാ പറയുന്നത്. ഇക്കാര്യത്തില്‍ വ്യക്തത വരുത്തണം.
സേനയില്‍ രാഷ്ട്രീയം കലര്‍ത്തരുത്. അവര്‍ രാജ്യതാല്‍പര്യത്തിനായി ജനാധിപത്യപരമായി പ്രവര്‍ത്തിക്കുന്നവരാണെന്നും ആന്റണി പറഞ്ഞു. പ്രതിസന്ധി ഘട്ടങ്ങളില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് മണിക്കൂറുകളോളം സര്‍വകക്ഷി സംഘവുമായി ചര്‍ച്ച നടത്തിയ മാതൃകയുണ്ടായിട്ടും മോദി ഇതില്‍നിന്നു പിന്മാറുകയാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യ സുരക്ഷ മുന്‍നിര്‍ത്തി സര്‍വകക്ഷി യോഗം വിളിക്കണമെന്നും ആന്റണി ആവശ്യപ്പെട്ടു.
നിരവധി വെല്ലുവിളികളാണ് സൈന്യം അതിര്‍ത്തിയില്‍ നേരിടുന്നത്. അവരുടെ ധൈര്യത്തിനും ത്യാഗത്തിനും അഭിനന്ദനം. കഴിഞ്ഞ ഏതാനും ദിവസങ്ങളായി അവര്‍ കാണിക്കുന്ന രാജ്യസ്‌നേഹത്തെ അഭിവാദ്യം ചെയ്യുന്നു.
വിങ് കമാന്‍ഡര്‍ വി. അഭിനന്ദനും അഭിവാദ്യം അര്‍പ്പിക്കുന്നു. നിര്‍ണായകമായ ഈ നിമിഷത്തില്‍ സൈന്യത്തിന് ഒപ്പം എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."