സര്‍ക്കാരിനെതിരേ ജേക്കബ് തോമസ്; 'തണലാകേണ്ടവര്‍ താണ്ഡവമാടുന്നു'
കൊല്ലം: സംസ്ഥാന സര്‍ക്കാരിന് പരോക്ഷ വിമര്‍ശനവുമായി മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്. പൊലിസിനെതിരേ നിരവധി വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. ജിഷ്ണുവിന്റെ മാതാവിനു പോലും നീതി ലഭിക്കുന്നില്ലല്ലോ എന്ന ചോദ്യത്തിന് തണലാകേണ്ടവര്‍ താണ്ഡവമാടുകയാണെന്ന് അദ്ദേഹം മറുപടി നല്‍കി. അധികാരത്തിലെത്തിയാല്‍ സ്വന്തക്കാര്‍ക്ക് കസേര ഉറപ്പാക്കുകയാണ്. ബജറ്റ് വില്‍പനയും സ്വജനപക്ഷപാതവും അഴിമതിയല്ലെന്നാണ് പുതിയ നിര്‍വചനം. ഉന്നതരുടെ അഴിമതി ചോദ്യം ചെയ്താല്‍ അതിനെ വിജിലന്‍സ് രാജ് എന്ന് വിളിക്കും. വിജിലന്‍സ് രാജ് എന്ന് ആക്ഷേപിക്കുന്നവര്‍ പറയുന്നത് മുകളിലുള്ളവരുടെ അഴിമതി നോക്കേണ്ടെന്നാണ്.
അഴിമതി തടയാന്‍ നമ്മള്‍ ഓരോരുത്തരും നിരീക്ഷണം നടത്തിക്കൊണ്ടിരിക്കണം. നമ്മുടെ ചുറ്റുവട്ടത്ത് ആരും കൈയിട്ടുവാരുന്നില്ലെന്ന് ഉറപ്പുവരുത്തണം. അക്രമങ്ങള്‍ ഉണ്ടാകാന്‍ പാടില്ല. വിജിലന്‍സ് എന്നത് നമ്മുടെ ഓരോരുത്തരുടെയും ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു.
ഇനി വിജിലന്‍സ് ഡയറക്ടറാവാനില്ലെന്ന സൂചനയും അദ്ദേഹം നല്‍കി. തിരിച്ചുവരാന്‍ സാധ്യതയുണ്ടോ എന്ന ചോദ്യത്തിന് താനിപ്പോള്‍ തിരുവനന്തപുരത്തു നിന്ന് കുറെ അകലെയല്ലേ എന്നും നമ്മള്‍ മുന്നോട്ടല്ലേ നടക്കേണ്ടതെന്നും തിരിച്ചുപോകുന്നത് നല്ലതാണോ എന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. മാര്‍ച്ച് 31നാണ് വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് മാറി നില്‍ക്കാന്‍ ജേക്കബ് തോമസിനോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടതായി വാര്‍ത്ത പുറത്തുവന്നത്. ഇതിനെ തുടര്‍ന്ന് അദ്ദേഹം അവധിയില്‍ പ്രവേശിക്കുകയായിരുന്നു. ഹൈക്കോടതിയുടെ രൂക്ഷമായ വിമര്‍ശനങ്ങളുണ്ടായ സാഹചര്യത്തിലായിരുന്നു ഇത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."