ബാബരി: കേസ് വിധി പറയാനായി മാറ്റി
ന്യൂഡല്‍ഹി: അയോധ്യയില്‍ ബാബരി മസ്ജിദ് നിലനിന്ന സ്ഥലത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച തര്‍ക്കം മധ്യസ്ഥചര്‍ച്ചയിലൂടെ പരിഹരിക്കുന്നതു സംബന്ധിച്ച് ഇന്നു വിധിയുണ്ടായില്ല. ഒന്നരമണിക്കൂറോളം നീണ്ടുനിന്ന വാദത്തിനൊടുവില്‍ കേസ് വിധിപറയാനായി മാറ്റിവച്ചു. ചീഫ്ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, ജഡ്ജിമാരായ എസ്.എ ബോബ്‌ഡെ, ഡി.വൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍, എസ്. അബ്ദുല്‍ നസീര്‍ എന്നിവരടങ്ങുന്ന അഞ്ചംഗ ബെഞ്ചാണ് ഇന്നു കേസ് പരിഗണിച്ചത്. മധ്യസ്ഥരുടെ പേരുകള്‍ നിര്‍ദേശിക്കാന്‍ കോടതി കക്ഷികള്‍ക്ക് നിര്‍ദേശം നല്‍കി. ഇക്കാര്യം എഴുതി നല്‍കാമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു.
രാവിലെ 10.30ന് വാദം തുടങ്ങിയ ഉടന്‍ തന്നെ ഹരജിക്കാര്‍ മധ്യസ്ഥ ചര്‍ച്ച സംബന്ധിച്ച തങ്ങളുടെ കക്ഷികളുടെ നിലപാട് അറിയിക്കുകയായിരുന്നു. സുന്നി വഖ്ഫ് ബോര്‍ഡും ഹൈന്ദവ ട്രസ്റ്റ് നിര്‍മോഹി അഖാഡയും മധ്യസ്ഥ ചര്‍ച്ചയ്ക്ക് അനുകൂലമാണെന്ന് അറിയിച്ചപ്പോള്‍ സംഘ്പരിവാര്‍ നിയന്ത്രണത്തിലുള്ള കേസിലെ പ്രധാനകക്ഷി രാംലല്ല മധ്യസ്ഥചര്‍ച്ചയെ എതിര്‍ത്തു. മധ്യസ്ഥ ചര്‍ച്ചക്ക് കക്ഷികളുടെ അനുമതി നിര്‍ബന്ധമില്ലെന്നും വഖ്ഫ് ബോര്‍ഡിനു വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ രാജീവ് ധവാന്‍ വാദിച്ചു.
മധ്യസ്ഥചര്‍ച്ചയെ എതിര്‍ത്ത സംഘ്പരിവാര്‍ അഭിഭാഷകന്റെയും ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെയും നിലപാടുകളോട് ബെഞ്ചിലെ ജസ്റ്റിസ് ബെബ്‌ഡെ വിയോജിച്ചു. മധ്യസ്ഥ ചര്‍ച്ചയുടെ അന്തിമ ഫലം എന്തായിരിക്കുമെന്ന് ഇപ്പാള്‍ തന്നെ എങ്ങനെ പറയാന്‍ കഴിയുമെന്നും ചില വിവാഹതര്‍ക്കങ്ങള്‍ മധ്യസ്ഥ ചര്‍ച്ചക്ക് വിട്ടാലും വിവാഹ മോചനത്തില്‍ കലാശിക്കാറുണ്ടോന്നും അതിനാല്‍ ചര്‍ച്ച ഉപേക്ഷിക്കാനാവുമോയെന്നും ജഡ്ജി ചോദിച്ചു. ഈ വിഷയത്തിന്റെ ഗൗരവം കോടതിക്ക് അറിയാം. ഇത് ഭൂമിയുടെ ഉടമസ്ഥാവകാശതര്‍ക്കം മാത്രമല്ല, വികാരത്തിന്റെയും വിശ്വാസത്തിന്റെയും വിഷയമാണ്. മുഗള്‍ ചക്രവര്‍ത്തി ബാബര്‍ പള്ളി പിടിച്ചോ അമ്പലം തകര്‍ത്തോ തുടങ്ങിയ വിഷയങ്ങള്‍ അല്ല ഇപ്പോള്‍ പരിഗണിക്കുന്നത്. ഈ വിഷയം എങ്ങനെ പരിഹരിക്കാനാവും എന്നതാണ്. മധ്യസ്ഥത്തിന് വിടുകയാണെങ്കില്‍ മധ്യസ്ഥന്‍ ആയിരിക്കില്ല. ഒരുകൂട്ടം മധ്യസ്ഥര്‍ ആയിരിക്കും. മധ്യസ്ഥ ചര്‍ച്ചകള്‍ ഏതെങ്കിലും ഒരു കക്ഷി മാധ്യങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയാല്‍ എന്ത് ചെയ്യാന്‍ കഴിയും ? മാധ്യമങ്ങള്‍ അത് റിപ്പോര്‍ട്ട് ചെയ്യുന്നത് ഞങ്ങള്‍ക്ക് തടയാന്‍ സാധിക്കുമോ ? യെന്നും ബോബ്‌ഡെ ചോദിച്ചു. മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് സംബന്ധിച്ച് പ്രത്യേക ഉത്തരവ് ആവശ്യമാണെന്ന് സുന്നി വഖ്ഫ് ബോര്‍ഡ് ആവശ്യപ്പെട്ടു.
ഒരു സംഘടനയ്‌ക്കോ സമുദായത്തിനോ വേണ്ടി ഹാജരാകുന്ന അഭിഭാഷകര്‍ മധ്യസ്ഥം അംഗീകരിച്ചാല്‍ അത് എല്ലാ കക്ഷികള്‍ക്കും ബാധകം ആയിരിക്കണമെന്നില്ലെന്നു ചീഫ്ജസ്റ്റിസ് വ്യക്തമാക്കി. ചിലര്‍ക്ക് സ്വീകാര്യമാകുന്നത് മറ്റു ചിലര്‍ക്ക് സ്വീകാര്യമാകില്ല. ചര്‍ച്ചകളിലൂടെ അനുരഞ്ചന ഫോര്‍മുല ഉണ്ടാകുകയും അതു കോടതി അംഗീകരിക്കുകയും ചെയ്താല്‍ എല്ലാവരും അത് അനുസരിക്കാന്‍ ബാധ്യസ്ഥര്‍ ആയിരിക്കുമെന്നും കോടതി അറിയിച്ചു.
മധ്യസ്ഥ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ പൊതുജനങ്ങള്‍ക്കും അവസരം ഉണ്ടാകണമെന്ന് സംഘ്പരിവാര്‍ സംഘടനകള്‍ക്കു വേണ്ടി ഹാജരായ സി.എസ് വൈദ്യനാഥന്‍ ആവശ്യപ്പെട്ടു. മധ്യസ്ഥ ചര്‍ച്ചകളിലൂടെ പ്രശ്‌നം പരിഹരിക്കാന്‍ മുമ്പ് നിരവധി തവണ ശ്രമിച്ചതാണെന്നും എന്നാല്‍ അത് പരാജയപ്പെടുകയാണ് ഉണ്ടായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മധ്യസ്ഥ ചര്‍ച്ചക്കു സമ്മതമാണെന്നും ഏതു തീരുമാനവും അംഗീകരിക്കാന്‍ കക്ഷികള്‍ ബാധ്യസ്ഥരാണെന്നും രാജീവ് ധവാന്‍ അറിയിച്ചു. വാദത്തിനൊടുവില്‍ 12 മണിയോടെ കേസ് വിധിപറയാനായി മാറ്റിവയ്ക്കുകയാണെന്ന് ചീഫ്ജസ്റ്റിസ് അറിയിക്കുകയായിരുന്നു. അയോധ്യയില്‍ ബാബരി മസ്ജിദ് നിലനിന്നിരുന്ന 2.77 ഏക്കര്‍ ഭൂമിയുടെ മേലുള്ള തര്‍ക്കത്തിലാണ് സുപ്രിംകോടതിയുടെ മധ്യസ്ഥ ശ്രമം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."