കാരാപ്പുഴ ടൂറിസം കേന്ദ്രത്തില്‍ ലക്ഷങ്ങള്‍ പാഴാക്കിയെന്ന് പരാതി
കല്‍പ്പറ്റ: കാരാപ്പുഴ മെഗാ ടൂറിസം പ്രൊജക്ടില്‍ ഭരണാധികാരികളുടെ ആസൂത്രണത്തിലെ പാളിച്ചകള്‍ കാരണം ലക്ഷങ്ങള്‍ പാഴായിപ്പോയെന്ന് മലനാട് ഇക്കോ ടൂറിസം ഓര്‍ഗനൈസേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
ടൂറിസം കേന്ദ്രത്തില്‍ റോസ് ഗാര്‍ഡനും മറ്റും കാണുന്നതിന് സന്ദര്‍ശകര്‍ക്ക് ടിക്കറ്റ് നല്‍കുന്നതിന് വേണ്ടി അത്യാധുനിക സൗകര്യങ്ങളോടുകൂടി അരക്കോടിയിലധികം രൂപ ചെലവഴിച്ച് പണിതീര്‍ത്ത കെട്ടിടങ്ങള്‍ അനാഥമായി കിടക്കുകയാണ്. കാരാപ്പുഴ മെഗാ ടൂറിസം പദ്ധതിയുടെ ആസൂത്രണത്തിലെ പാളിച്ചയും രൂപരേഖ ടൂറിസം പ്രവര്‍ത്തകരില്‍ നിന്നും ജനങ്ങളില്‍ നിന്നും മറച്ചുവെച്ചതുമാണ് ധനഷ്ടത്തിന് കാരണമെന്ന് ഇവര്‍ ആരോപിക്കുന്നു. ആദ്യഘട്ടത്തിലെ പാളിച്ചകള്‍ തിരുത്താനും രണ്ടാംഘട്ടത്തിലെ നാലുകോടി രൂപയുടെ രൂപ രേഖ പരസ്യപ്പെടുത്തി ജനപ്രതിനിധികളും ടൂറിസം പ്രവര്‍ത്തകരുമായി ചര്‍ച്ചചെയ്ത് മാത്രമേ നടപ്പാക്കാവൂ എന്നുമാണ് ഇവരുടെ ആവശ്യം. കാരാപ്പുഴ ടൂറിസം കേന്ദ്രം സന്ദര്‍ശിക്കാന്‍ വരുന്നവര്‍ക്ക് ഇപ്പോള്‍ ടിക്കറ്റ് നല്‍കുന്നത് പ്രവേശനകവാടത്തില്‍ സെക്യൂരിറ്റി ജീവനക്കാര്‍ക്ക് ഇരിക്കാന്‍ നിര്‍മിച്ച റൂമിലാണ്.
ഇതിന് അടിയന്തരമായി പരിഹാരം കാണണം. ഡാമിന് മുകളിലൂടെ നടന്നുവരുന്നവരെ തൊട്ടടുത്തുള്ള അക്വേറിയം സന്ദര്‍ശിക്കാന്‍ കടത്തിവിടാതെ ഗതാഗത യോഗ്യമല്ലാത്ത റോഡിലൂടെ കിലോമീറ്റര്‍ ചുറ്റി വരാന്‍ നിര്‍ദേശിക്കുകയാണ്. ഇതുമൂലും ഭൂരിഭാഗം പേരും അക്വേറിയം സന്ദര്‍ശിക്കാതെ പോകുകയാണ്. കാരാപ്പുഴ ടൂറിസം പദ്ധതിയുടെ ഉദ്ഘാടനം കഴിഞ്ഞ് സന്ദര്‍ശകരെ പ്രവേശിപ്പിക്കുവാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. മുതിര്‍ന്നവര്‍ക്ക് 30 രൂപയും കുട്ടികള്‍ക്ക് 10 രൂപയുമാണ് ഫീസായി വാങ്ങുന്നത്. പ്രവേശന ഫീസായി ഇത്ര രൂപ വാങ്ങിയിട്ടും ഒരു ഇരിപ്പിടം ഉണ്ടാക്കുവാന്‍ പോലും ടൂറിസം മാനേജ്‌മെന്റ് കമ്മറ്റിക്ക് കഴിഞ്ഞിട്ടില്ല. അഞ്ചുകോടി മുടക്കി പണിത കെട്ടിടങ്ങള്‍ ഒന്നുപോലും പ്രവര്‍ത്തിക്കുന്നില്ല. രണ്ട് വിശാലമായ ഹാള്‍ സന്ദര്‍ശകര്‍ക്ക് വിശ്രമിക്കാനായി നിര്‍മിച്ചിരുന്നു.
ഇവിടെ സന്ദര്‍ശകര്‍ക്ക് ഇരിക്കാനുള്ള കസേരയോ കുടിവെള്ളമോ ഒരുക്കിയിട്ടില്ല. സ്‌പൈസസ്ഹാള്‍, സുവനീര്‍ ഹാള്‍ എന്നിവയുടെ പ്രവര്‍ത്തനം ആരംഭിക്കാത്തത് മൂലം ലക്ഷങ്ങളുടെ വരുമാനമാണ് സര്‍ക്കാരിന് നഷ്ടമാകുന്നത്. കാക്കവയലില്‍ നിന്നും കാരാപ്പുഴയിലേക്കുളള റോഡിന്റെ അവസ്ഥയും പരിതാപകരമാണ്.
ദിവസേന നൂറുകണക്കിനാളുകള്‍ സന്ദര്‍ശിക്കുന്ന കാരാപ്പുഴയില്‍ കുടിവെള്ളവും സന്ദര്‍ശകര്‍ക്ക് ഇരിക്കാന്‍ ഇരിപ്പിടങ്ങളടക്കമുള്ളവയും സജ്ജീകരിക്കണമെന്നും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത മലനാ ഇക്കോടൂറിസം ഓര്‍ഗനൈസേഷന്‍ ഭാരവാഹികളായ വി.എ അഗസ്റ്റി, സണ്ണി കൊറ്റോടം, ഷിബി കെ.ജെ, ജെയ്‌സണ്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."