സന്ദീപിന്റെ മൃതദേഹം സംസ്‌കരിച്ചു
കാഞ്ഞങ്ങാട്: പൊലിസ് കസ്റ്റഡിയിലിരിക്കെ മരണമടഞ്ഞ ബി.എം.എസ് പ്രവര്‍ത്തകന്‍ സന്ദീപിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ റീ പോസ്റ്റുമോര്‍ട്ടം നടത്തിയശേഷം സ്വദേശമായ കാഞ്ഞങ്ങാട്ടെത്തിച്ച് വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ സംസ്‌കരിച്ചു.
കഴിഞ്ഞ ദിവസം രാത്രിയോടെയാണ് മൃതദേഹം കാഞ്ഞങ്ങാട്ടെത്തിച്ചത്. മരണത്തില്‍ ആരോപണങ്ങള്‍ ഉയര്‍ന്നതോടെ മജിസ്‌ട്രേറ്റിന്റെയും ആര്‍.ഡി.ഒയുടെയും സാന്നിധ്യത്തില്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ഇന്‍ക്വസ്റ്റ് നടത്തിയശേഷമാണ് പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയത്.
മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് സര്‍ജന്മാരുടെ പാനല്‍ ആണ് സന്ദീപിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്തത്.
ഇതിന്റെ റിപ്പോര്‍ട്ട് നാളെയോടെ ലഭിക്കുമെന്നാണ് സൂചന. അതേ സമയം രക്തസമ്മര്‍ദത്തെ തുടര്‍ന്ന് തലച്ചോറില്‍ ഉണ്ടായ രക്തസ്രാവമാണ് മരണത്തിന് ഇടയാക്കിയതെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ സൂചനയെന്ന് പറയപ്പെടുന്നു. റിപ്പോര്‍ട്ട് രേഖാമൂലം ലഭിച്ചാലേ അന്തിമ നിഗമനത്തില്‍ എത്താന്‍ സാധിക്കുകയുള്ളൂവെന്നും പൊലിസ് വൃത്തങ്ങള്‍ പറഞ്ഞു. സന്ദീപിന്റെ മരണം പൊലിസ് മര്‍ദനത്തെ തുടര്‍ന്നാണെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം കാസര്‍കോട് മണ്ഡലത്തില്‍ ഹര്‍ത്താല്‍ നടന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."