പൊലിസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി എ.ഡി.ജി.പിമാര്‍ മുതല്‍ കമ്മിഷണര്മാരെവരെ സ്ഥലം മാറ്റി കേരളാ പൊലിസില്‍ വീണ്ടും അഴിച്ചുപണി.
നേരത്തെ കേരളാ പൊലിസില്‍ നടപ്പാക്കാന്‍ തീരുമാനിച്ച ഘടനാമാറ്റം തല്കാലം മരവിപ്പിച്ചു. പുതിയ ഘടന തെരഞ്ഞെടുപ്പിന് ശേഷം നിലവില്‍ വരും. അതുവരെ നിലവിലെ ഘടന തുടരും. ഉത്തര-ദക്ഷിണ മേഖല എ.ഡി.ജി.പിമാരെ ഇതിന്റെ ഭാഗമായി മാറ്റി നിയമിച്ചു.
മനോജ് എബ്രഹാം ദക്ഷിണമേഖല എ.ഡി.ജി.പിയായി തുടരും. ഷെയ്ഖ് ദര്‍വേസ് സാഹിബ് ഉത്തരമേഖല എ.ഡി.ജി.പിയാകും. നിലവില്‍ ക്രൈംബ്രാഞ്ച് എ.ഡി.ജി.പിമാരാണ് ഇരുവരും. അശോക് യാദവ് ഐ.പി.എസിനെ തിരുവനന്തപുരം റെയ്ഞ്ച് ഐ.ജിയായും എം.ആര് അജിത്ത് കുമാറിനെ കണ്ണൂര്‍ റെയ്ഞ്ച് ഐ.ജിയായും, ബല്‍റാം കുമാര്‍ ഉപാധ്യായയെ തൃശ്ശൂര്‍ റെയ്ഞ്ച് ഐ.ജിയായും നിയമിച്ചു.
തിരുവനന്തപുരം കമ്മിഷണര്‍ സ്ഥാനത്ത്നിന്നും പൊലിസ് ആസ്ഥാനത്തേക്ക് മാറ്റിയ ഡി.ഐ.ജി എസ്.സുരേന്ദ്രനെ കൊച്ചി സിറ്റി പൊലിസ് കമ്മിഷണറായി നിയമിച്ചു. കോഴിക്കോട് സിറ്റി പൊലിസ് കമ്മിഷണര്‍ സഞ്ജയ് കുമാര്‍ ഗരുഡിനെ തിരുവനന്തപുരം സിറ്റി പൊലിസ് കമ്മിഷണറായി നിയമിച്ചു.
തിരുവനന്തപുരം നഗരത്തില്‍ രണ്ട് മാസത്തിനിടെ വരുന്ന മൂന്നാമത്തെ കമ്മിഷണറാണ് സഞ്ജയ് കുമാര്‍ ഗരുഡിന്. സഞ്ജയ് കുമാര്‍ ഗരുഡിന് പകരം എ.വി ജോര്‍ജിനെയാണ് പുതിയ കോഴിക്കോട് സിറ്റി പൊലിസ് കമ്മിഷണറായി നിയമിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."