കാട്ടാനയാക്രമണത്തില്‍ പ്രതിഷേധിച്ച് നടത്തിയ ഹര്‍ത്താല്‍ പൂര്‍ണം
മുണ്ടൂര്‍: മുണ്ടൂര്‍ മേഖലയില്‍ നാളുകളായി സൈ്വര വിഹാരം നടത്തിയിരുന്ന കാട്ടാനയുടെ ആക്രമണത്തില്‍ വാളേക്കട് പ്രഭാകരന്‍ മരണപ്പെട്ടതില്‍ മുണ്ടൂര്‍, പുതുപ്പരിയാരം പഞ്ചായത്തുകളില്‍ നടത്തിയ ഹര്‍ത്താല്‍ പൂര്‍ണ്ണം. പുതുപ്പരിയാരം മുട്ടിക്കുളങ്ങര, വള്ളിക്കോട്, മുണ്ടൂര്‍ ഭാഗങ്ങളില്‍ കടകള്‍ പൂര്‍ണ്ണമായും അടഞ്ഞുകിടന്നത് ഒരു ദേശീയ ഹര്‍ത്താലിന്റെ പ്രതീതിയായിരുന്നു. വാഹനങ്ങള്‍ ഓടിയിരുന്നെങ്കിലും വഴിയില്‍ തടയാതിരുന്നത് അക്രമ സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ കാരണമായി. മരിച്ച പ്രഭാകരന്റെ മൃതദേഹം ഇന്നലെ രാവിലെ പത്തരമണിക്ക് ജില്ലാശുപത്രിയില്‍ പോസ്റ്റ്മാര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. വീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ച മൃതദേഹം പിന്നീട് ചന്ദ്രനഗര്‍ വൈദ്യുത ശ്മശാനത്തില്‍ സംസ്‌കരിച്ചു.
എന്നാല്‍ പ്രഭാകരന്റെ മരണത്തില്‍ പ്രതിഷേധിച്ച് സി.പി,എം. ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ അപഹാസ്യമെന്ന് ബിജെപി ആരോപിച്ചു. പ്രഭാകരന്റെ കുത്തിയശേഷം കാട്ടാനകള്‍ കമ്പഭാഗത്തേക്ക് നീങ്ങി. റേഷന്‍ കടയും തകര്‍ത്താണ് കലിപ്പടക്കിയത്. പ്രഭാകരന്റെ ഭൗതിക ശരീരത്തില്‍ ആദരാജ്ഞലികളര്‍പ്പിക്കാന്‍ ആയിരക്കണക്കിനാളുകളാണെത്തിയത്. കഴിഞ്ഞ ഒരു വര്‍ഷത്തെ കാലയളവില്‍ വാളയാര്‍, മലമ്പുഴ, മുണ്ടൂര്‍ മേഖലകളിലായി ആറോളം ജീവനുകളാണ് പൊലിഞ്ഞത്.
എന്നിട്ടും വനംവകുപ്പോ ജില്ലാ ഭരണകൂടമോ കാര്യമായ നടപടികള്‍ കൈക്കൊള്ളാത്തതാണ് വീണ്ടും കാട്ടാനയാക്രമണത്തില്‍ നിരപരാധിയുടെ ജിവന്‍ പൊലിഞ്ഞത്. സംസ്ഥാന വനം മന്ത്രിയും സ്ഥലം എംഎല്‍എ.യും നിരവധി പ്രഖ്യാപനങ്ങള്‍ നടത്തിയിട്ടും എല്ലാം കടലാസിലൊതുങ്ങുകയാണെന്നും ജനങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ ഒരു നടപടിയും ഉണ്ടാകാത്തതായാണ് ആരോപണങ്ങളുയരുന്നത്.
സൗരോര്‍ജ്ജ വേലിയും കിടങ്ങുകളും പോലുള്ള പ്രതിരോധ മാര്‍ഗ്ഗങ്ങളെല്ലാം ജലരേഖയാകുമ്പോഴും ജില്ലയില്‍ കാലങ്ങളായി തുടരുന്ന കാട്ടാനയാക്രമണം തുടര്‍ക്കഥയാവുകയാണ്. ജീവനും സ്വത്തിനും ഭീഷണിയായി ഓരോ നാളുകളും ഭീതിയോടെയാണ് ജനവാസമേഖലകളിലെ ജനങ്ങള്‍ തള്ളിനീക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."