കൊവിഡുമായി പൊരുത്തപ്പെടല്‍ പ്രായോഗികമോ?
കൊവിഡ് -19 നെതിരേ ലോക്ക് ഡൗണ്‍ കൊണ്ട് വലിയ പ്രയോജനം കിട്ടുകയില്ലെന്നാണ് പുതുതായി വരുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. ഇളവുകള്‍ക്കു പിന്നാലെ വീണ്ടും കൊവിഡ് പടരുകയാണെന്ന് രോഗവ്യാപനത്തെ തടഞ്ഞുനിര്‍ത്തിയ ദക്ഷിണ കൊറിയയും ജര്‍മനിയും ഇറാനും കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരിക്കുകയാണ്. കൊറോണ വൈറസ് വ്യാപിക്കാന്‍ തുടങ്ങുന്നതിനു മുമ്പു തന്നെ മുന്‍കരുതലെടുത്ത ഈ രാഷ്ട്രങ്ങളില്‍ രോഗത്തെ ഒരു പരിധിവരെ തടഞ്ഞുനിര്‍ത്താന്‍ കഴിഞ്ഞിരുന്നു. ചൈനയിലെ വുഹാനില്‍ രോഗം തുടങ്ങിയപ്പോള്‍ തന്നെ മുന്‍കരുതലെടുത്ത രാജ്യമാണ് ചൈനയുടെ തൊട്ടടുത്തുള്ള തായ്‌വാന്‍. മാസ്‌ക് എല്ലാവരും ധരിക്കണമെന്നു നിര്‍ബന്ധമില്ലെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞപ്പോഴും മാസ്‌ക് ധരിക്കുകയും സാമൂഹ്യ അകലം പാലിക്കുകയും കൈകള്‍ സോപ്പുപയോഗിച്ചു വൃത്തിയാക്കുകയുമൊക്കെ ചെയ്യുന്നതില്‍ അവര്‍ ബദ്ധശ്രദ്ധരായി.
ലോക്ക് ഡൗണില്‍ നിര്‍ബന്ധം പിടിക്കാതെ അകലം പാലിക്കാനും ശുചിത്വം നിലനിര്‍ത്താനും വ്യക്തികള്‍ സ്വയം തീരുമാനമെടുത്തതിന്റെ ഫലമായാണ് അവര്‍ക്കു വലിയൊരളവോളം കൊവിഡിനെ തടഞ്ഞുനിര്‍ത്താന്‍ കഴിഞ്ഞതെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. ചൈനയില്‍ ആയിരങ്ങള്‍ മരിച്ചപ്പോള്‍ തായ്‌വാനില്‍ മരണം അഞ്ഞൂറിനു താഴെയായിരുന്നു. അപ്പോഴും തായ്‌വാനില്‍ നിന്ന് ചൈനയിലേക്കും തിരിച്ചും ആളുകള്‍ യാത്ര ചെയ്തുകൊണ്ടിരിക്കുന്നുണ്ടായിരുന്നു.
തായ്‌വാനൊപ്പം കൊവിഡിനെ ഫലപ്രദമായി തടഞ്ഞുനിര്‍ത്തിയ രാഷ്ട്രങ്ങളായിരുന്നു ദക്ഷിണ കൊറിയയും വിയറ്റ്‌നാമും. കൊവിഡിനെ തടഞ്ഞുനിര്‍ത്തുന്നതില്‍ ഈ രാഷ്ട്രങ്ങളെല്ലാം അന്താരാഷ്ട്ര തലത്തില്‍ പ്രകീര്‍ത്തിക്കപ്പെട്ടപ്പോള്‍ കേരളവും അക്കൂട്ടത്തില്‍ പ്രശംസിക്കപ്പെട്ടു. ആരംഭത്തില്‍ തന്നെ രോഗത്തെ പ്രതിരോധിച്ചുനിര്‍ത്തുന്നതില്‍ നാം കൈവരിച്ച നേട്ടം പരിഗണിച്ചായിരുന്നു ആ പ്രശംസകളൊക്കെയും. രോഗത്തിന്റെ ആരംഭത്തില്‍ തന്നെ രോഗിയെ കണ്ടെത്തി ചികിത്സിക്കുന്നതിലും ലോക്ക് ഡൗണ്‍ കര്‍ശനമായി പാലിക്കുന്നതിലും നമ്മള്‍ പുലര്‍ത്തിയ കണിശത തന്നെയായിരുന്നു രോഗവ്യാപനത്തെ തടഞ്ഞുനിര്‍ത്തിയത്.
എന്നാല്‍ എത്രകാലമെന്നു കരുതിയാണ് ലോക്ക് ഡൗണില്‍ കഴിയുക എന്ന ചിന്ത സമൂഹത്തിലും ഭരണകൂടങ്ങളിലും ബലപ്പെടുകയും രാജ്യങ്ങള്‍ സാമ്പത്തികത്തകര്‍ച്ചയിലേക്കു കൂപ്പുകുത്താന്‍ തുടങ്ങുകയും ചെയ്തപ്പോഴാണ് പല രാഷ്ട്രങ്ങളും ലോക്ക് ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിക്കാന്‍ തുടങ്ങിയത്. സിംഗപ്പൂരും ചൈനയുമാണ് ആദ്യം ഇളവു പ്രഖ്യാപിച്ചത്. പിന്നീട് ദക്ഷിണ കൊറിയയും.
എന്നാല്‍ ആ രാജ്യങ്ങളിലെല്ലാം കൊവിഡ് വീണ്ടും പടര്‍ന്നുപിടിക്കാന്‍ തുടങ്ങിയ വാര്‍ത്തകള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നു. രോഗത്തെ പടികടത്തി എന്നവകാശപ്പെട്ട ചൈനയില്‍ നിന്ന് വീണ്ടും കൊവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നു. പത്തിലധികം പേര്‍ക്ക് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചു. രോഗമുക്തമായെന്ന് പ്രഖ്യാപിച്ചു സ്‌കൂളുകളും മാര്‍ക്കറ്റുകളും ചൈനയില്‍ തുറന്നിരുന്നു. ദക്ഷിണ കൊറിയയില്‍ വീണ്ടും രോഗം വ്യാപിച്ചതായി ഭരണകൂടം വെളിപ്പെടുത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം 34 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗത്തെ തടഞ്ഞുനിര്‍ത്തിയ സിംഗപ്പൂരില്‍ ഇളവുകള്‍ പ്രഖ്യാപിച്ചപ്പോള്‍ രോഗം വീണ്ടും പടര്‍ന്നുപിടിച്ചിരുന്നു.
ഈ സംഭവങ്ങളുടെയെല്ലാം പശ്ചാത്തലത്തിലാണ് അനന്തമായ അടച്ചിടല്‍ കൊണ്ടൊന്നും രോഗത്തെ എന്നെന്നേക്കുമായി തടഞ്ഞു നിര്‍ത്താനാവില്ലെന്ന് ഇപ്പോള്‍ ഈ രംഗത്തെ വിദഗ്ദ്ധര്‍ പറയുന്നത്. അടച്ചുപൂട്ടലില്ലെങ്കില്‍ മരിക്കാന്‍ തീരുമാനിക്കുക എന്നതു മാത്രമാണ് മുന്നിലുള്ള വഴിയെന്ന് അഭിപ്രായപ്പെട്ട വിദഗ്ദ്ധര്‍ തന്നെയാണിപ്പോള്‍ ലോക്ക് ഡൗണ്‍ കൊണ്ട് വലിയ പ്രയോജനമില്ലെന്ന് അഭിപ്രായപ്പെടുന്നത്. അതിനാലാണിപ്പോള്‍ ജീവനോടൊപ്പം ജീവിതവും എന്ന ചിന്തയ്ക്ക് ശക്തിയേറിവരുന്നത്. അതിനര്‍ഥം ഇളവുകള്‍ നടപ്പിലാക്കുക എന്നതു തന്നെയാണ്. ഇങ്ങനെ വരുമ്പോള്‍ രോഗപ്പകര്‍ച്ച എങ്ങനെ തടഞ്ഞുനിര്‍ത്താമെന്നതിനെക്കുറിച്ചാണ് വിദഗ്ദ്ധര്‍ ഇപ്പോള്‍ തലപുകച്ചുകൊണ്ടിരിക്കുന്നത്. വൈറസിനോടൊപ്പം ജീവിക്കുക എന്നതാണ് ചിലര്‍ ഇതിനു പരിഹാരമായി നിര്‍ദേശിക്കുന്നത്.
ഫലപ്രദമായ വാക്‌സിന്‍ കണ്ടുപിടിക്കുന്നതു വരെ കൊറോണ വൈറസ് ഇവിടെത്തന്നെയുണ്ടാകും. വൈറസിനെതിരേയുള്ള വാക്‌സിന്‍ കണ്ടുപിടിക്കാന്‍ സെപ്റ്റംബര്‍ വരെയെങ്കിലും കാത്തിരിക്കേണ്ടിവരുമെന്നും അതുവരെ എല്ലാം അടച്ചുപൂട്ടിക്കഴിയുക എന്നത് പ്രായോഗികമല്ലെന്നും കൊവിഡുമായി പൊരുത്തപ്പെട്ടു മുന്നോട്ടുപോകുക എന്നതാണ് മുന്നിലുള്ള ഏക മാര്‍ഗമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചിരിക്കുകയാണ്. നിലവില്‍ കൊറോണയെ പ്രതിരോധിക്കാന്‍ നല്‍കപ്പെട്ട മാര്‍ഗനിര്‍ദേശങ്ങള്‍ പൊതുജീവിത രീതിയാക്കി മാറ്റുക എന്നതു മാത്രമാണ് ഇനി മുന്നിലുള്ള ഏക പോംവഴിയെന്നാണ് ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലാവ് അഗര്‍വാളും കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. അതായത് രോഗം ഇനിയും വ്യാപിക്കും. അതുമായി സമരസപ്പെട്ടുപോകുക. അതെത്രമാത്രം പ്രായോഗികമാകുമെന്നും ഫലപ്രദമാകുമെന്നും കണ്ടറിയേണ്ടിയിരിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."