പ്രതിദിനമെത്തുന്നത് 4000 കോളുകള്‍; ജാഗ്രതയോടെ സെക്രട്ടേറിയറ്റ് വാര്‍ റൂം
തിരുവനന്തപുരം: കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ജാഗ്രതയോടെ 24 മണിക്കൂറും പ്രവര്‍ത്തന സജ്ജമായി സെക്രട്ടേറിയറ്റിലെ വാര്‍ റൂം.പ്രതിദിനം 4000ത്തില്‍ അധികം കോളുകളാണ് വാര്‍ റൂമിലേക്കെത്തുന്നത്. അതത് വകുപ്പുകളുമായി ഏകോപിപ്പിച്ച് പരിഹാരം കണ്ടും സംശയങ്ങള്‍ക്ക് മറുപടി നല്‍കിയും കോവിഡിനെതിരെ പൊരുതാന്‍ ജനങ്ങള്‍ക്ക് കരുത്തേകുകയാണ് വാര്‍ റൂമും. കേരളത്തിനകത്തുള്ളവര്‍ക്ക് പുറമെ മറ്റു സംസ്ഥാനങ്ങളിലകപ്പെട്ടവര്‍ക്കും വിദേശത്തുള്ളവര്‍ക്കും വാര്‍ റൂം പ്രതിനിധികള്‍ പൂര്‍ണ പിന്തുണയേകുന്നു. മാനസിക പിന്തുണ ആവശ്യമുണ്ടെന്നു തോന്നുന്നവരുടെ വിവരങ്ങള്‍ ദിശയ്ക്ക് കൈമാറുന്നുണ്ട്.
അന്തര്‍ സംസ്ഥാന ചരക്കുനീക്കം, അവശ്യ വസ്തുക്കളുടെ ലഭ്യത, അതിഥി തൊഴിലാളികളുടെ ക്ഷേമം, ഇതര സംസ്ഥാനങ്ങളിലേയും വിദേശ മലയാളികളെയും ബന്ധപ്പെടല്‍ തുടങ്ങി നിരവധി പ്രവര്‍ത്തങ്ങളാണ് വാര്‍ റൂം കേന്ദ്രീകരിച്ച് നടക്കുന്നത്.
മൂന്ന് ഷിഫ്റ്റുകളായാണ് പ്രവര്‍ത്തനം. ഓരോ ഷിഫ്റ്റിലും രണ്ട് ഐ.എ.എസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളിലെ 25 ജീവനക്കാരാണ് പ്രവര്‍ത്തിക്കുന്നത്. വീഡിയോ കോണ്‍ഫറന്‍സിങ്, ന്യൂസ് മോണിറ്ററിങ് സംവിധാനങ്ങളും സി ഡിറ്റിന്റെ സഹായത്തോടെ കോള്‍ സെന്ററും വാര്‍ റൂമില്‍ ക്രമീകരിച്ചിട്ടുണ്ട്
പൊലിസ്, അഗ്നിരക്ഷാ സേന, ഗതാഗതം, തദ്ദേശ സ്വയംഭരണം, റവന്യൂ, തൊഴില്‍, ആരോഗ്യം, ഭക്ഷ്യപൊതുവിതരണം, നോര്‍ക്ക തുടങ്ങിയ വകുപ്പുകളുടെ പ്രത്യക ഡെസ്‌കുകള്‍ വാര്‍ റൂമില്‍ ക്രമീകരിച്ചിട്ടുണ്ട്.
0471-2517225, 2781100, 2781101 എന്നീ നമ്പറുകളില്‍ വാര്‍ റൂമുമായി ബന്ധപ്പെടാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."