രോഗവ്യാപനത്തില്‍ ഇറ്റലിയെയും ബ്രിട്ടനെയും കടത്തിവെട്ടി റഷ്യ
മോസ്കോ: രോഗവ്യാപനം തുടങ്ങിയത് പതിയെയാണെങ്കിലും വൈറസ് വ്യാപിക്കുന്നതിന് വേഗം കൂടിയ റഷ്യയില്‍ ഔദ്യോഗിക കണക്കനുസരിച്ച് 2,21,344 പേര്‍ക്ക് ഇതിനകം വൈറസ് ബാധിച്ചിട്ടുണ്ട്. ഇതോടെ രോഗവ്യാപനത്തില്‍ റഷ്യ യു.എസിനും സ്പെയിനിനും പിന്നിലായി മൂന്നാം സ്ഥാനത്തെത്തി.
ഇന്നലെ മാത്രം 11,656 പേര്‍ക്കാണ് റഷ്യയില്‍ രോഗം പിടിപെട്ടത്. ഇറ്റലിയില്‍ 2,19,070 പേര്‍ക്കും ബ്രിട്ടനില്‍ 2,19,183 പേര്‍ക്കുമാണ് വൈറസ് ബാധിച്ചത്. അതേസമയം മരണനിരക്കില്‍ ബ്രിട്ടനാണ് മൂന്നാംസ്ഥാനത്ത്.
80,787 പേര് മരിച്ച യു.എസില്‍ 24 മണിക്കൂറിനുള്ളില്‍ പുതിയ കൊവിഡ് മരണമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍ സ്പെയിനില്‍ 123 പേരും റഷ്യയില്‍ 94 പേരും മരിച്ചു.
രോഗവ്യാപനത്തില്‍ മുന്നിലുള്ള യു.എസില്‍ 13,67,963 പേര്‍ക്കാണ് രോഗം ബാധിച്ചിരിക്കുന്നത്. ഫ്രാന്‍സ്, ജര്‍മനി എന്നിവയെ കൂടാതെ ലക്ഷത്തിലധികം പേര്‍ക്ക് കൊവിഡ് ബാധിച്ച രാജ്യങ്ങള്‍ ബ്രസീല്‍(1,63,427), തുര്‍ക്കി(1,38,657), ഇറാന്(1,09,286) എന്നിവയാണ്. റഷ്യയില്‍ കൊവിഡ് സാരമായി ബാധിച്ചത് തലസ്ഥാനമായ മോസ്കോയെയാണ്. രാജ്യത്തെ കൊവിഡ് മരണത്തില്‍ പകുതിയും ഇവിടെയാണ്.
ഇന്നലെ 6,169 പേര്‍ക്ക് രോഗം ബാധിച്ചതോടെ 1,15,909 പേര്‍ക്കാണ് മോസ്കോയില്‍ രോഗം പിടിപെട്ടത്.
രാജ്യത്ത് 2,009 പേരാണ് ഇതുവരെ മരിച്ചത്. 56 ലക്ഷം പേര്‍ക്ക് കൊവിഡ് പരിശോധന നടത്തിയിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."