HOME
DETAILS

ഒരനുഭവകഥ -എനിക്കുണ്ട് ഒരു ക്വാറന്റൈന്‍ കൂട്ട്

  
backup
May 12 2020 | 10:05 AM

a-quarantine-story-puthoor-rahman-2020


കോവിഡ് കാലം വീട്ടിനുള്ളിലെ എന്റെ കൂട്ടുകെട്ട് ഒരു പൂച്ചയുമായിട്ടാണ്. ക്വാറന്റൈനില്‍ കൂട്ടിനായി എനിക്കു ക്യാറ്റുണ്ടെന്നു പലരോടും പറഞ്ഞു. അപ്പോഴവര്‍ക്കു ചെടികളും കിളികളും തുടങ്ങി പല വളര്‍ത്തുമൃഗങ്ങള്‍ ഉണ്ടെന്നു പറയുന്നു. എന്നാല്‍ എന്റെ കൂട്ടുകാരനിപ്പോള്‍ ഒരു വളര്‍ത്തുമൃഗമല്ലാതായി. അവനിപ്പോള്‍ എന്റെ വീട്ടുകാരനാണ്. ചിലനേരത്തു ഗൃഹനാഥന്‍ തന്നെയാണ്. ഞാനതു ചിലരോടൊക്കെ പറഞ്ഞു. അതു കേട്ടിട്ടെന്ന പോലെ അവനെന്നെ നോക്കിയും ചുറ്റിപ്പറ്റിയും കൂടെത്തന്നെയുണ്ട്.

നാലു വര്‍ഷങ്ങള്‍ക്കു മുമ്പേ മകളാണ് വഴിയില്‍ നിന്നും കിട്ടിയ പൂച്ചക്കുഞ്ഞുമായി വീട്ടിലെത്തിയത്. ഈ പൂച്ചകുഞ്ഞ് ആദ്യമായി വീട്ടില്‍ വന്ന ദിവസം ഞാന്‍ വളരെ അസ്വസ്ഥനായിരുന്നു. ഈ ജീവിയെ എന്തിനിവിടെ കൊണ്ടു വന്നു എന്നു ഞാന്‍ കയര്‍ത്തു. പൂച്ചയുടെ രോമം ആയിരുന്നു എന്റെ പേടി. പൂച്ചരോമം അലര്‍ജിയുണ്ടാക്കും എന്നൊരു കേട്ടുകേള്‍വിയോ അറിവോ എന്റെ മനസ്സിലുണ്ടായിരുന്നു. അതുകൊണ്ടായിരിക്കാം ആ ഭയം ഉള്ളിലുണ്ടായത്. എനിക്കിതിനെ വീട്ടിനുള്ളില്‍ പൊറുപ്പിക്കാനാവില്ലെന്നൊരു വികാരമായിരുന്നു.
മകള്‍ പക്ഷേ, എന്റെ ഇഷ്ടക്കേടു കാര്യമാക്കിയില്ല. എനിക്കതൊരു അന്യജീവി ആയിരുന്നപ്പോള്‍ അവള്‍ക്കതൊരു വീട്ടിലെ അംഗമായിരുന്നു. അവളതിനൊരു പേരും ഇട്ടു. ഷെല്‍ബി. അവള്‍ക്കു പ്രിയമുള്ള പീക്കി ബ്ലൈന്‍ഡേഴ്‌സ് എന്ന സീരീസിലെ ബര്‍മിംഹാം ക്രിമിനല്‍ ഗാങിലെ നായകന്റെ പേരാണേത്. തോമസ് ഷെല്‍ബി. പൂച്ചക്കൊരു പേരുകൂടി വന്നതോടെ വീട്ടില്‍ അത്, അതിനെ എന്നിങ്ങനെയുള്ള പരാമര്‍ശങ്ങള്‍ നിശിദ്ധമായി. അവന്‍ വീട്ടുകാരില്‍ ഒരു പ്രധാനിയായി പതുക്കേ മാറി.

കോവിഡ് ഭീതിയില്‍ വീട്ടിനുള്ളില്‍പെട്ട മനുഷ്യര്‍ക്കൊക്കെ തങ്ങളുടെ വീട്ടിനുള്ളില്‍ തന്നെ ഇരുപത്തിനാലു മണിക്കൂര്‍ ജീവിതത്തിനു വേണ്ട സന്നാഹങ്ങള്‍ ഒരുക്കേണ്ടി വന്നു. വീട്ടിനകമായി ആകെയുള്ള ലോകം. ഏകാന്തത മടുത്തവര്‍ക്കു സൗഹൃദത്തിനു ജീവനുള്ള വല്ലതിനെയും കണ്ടെത്തേണ്ടി വന്നു. ഒറ്റക്കു മേല്‍പോട്ടു നോക്കി കിടക്കുമ്പോള്‍ നാട്ടിലെ വീട്ടിലാണെങ്കില്‍ ചുമരിലെ ചിലന്തിയെങ്കിലും കാണും. ഇവിടെ ആരുമില്ലാത്ത സമയങ്ങളില്‍ ഞാന്‍ ഒരു സുഹൃത്തിനെ തിരഞ്ഞു. അവസാനം ഷെല്‍ബിയെ തെരഞ്ഞെടുത്തു. വായനാമുറിയുടെ കടുപ്പമുള്ള വെളിച്ചത്തില്‍ പൂച്ചയുടെ കണ്ണുകളിലേക്കു തന്നെ നോക്കിയിരുന്നപ്പോള്‍ അവന്‍ ഇംഗ്ലീഷ് സീരിയലിലെ ക്രൂരനായ നായകകഥാപാത്രത്തിന്റെ രൂപഭാവങ്ങള്‍ പ്രകടിപ്പിക്കുന്നത് ഞാനും തിരിച്ചറിഞ്ഞു. മകളവനിട്ട പേര് ശരിയാണല്ലോ എന്നു വിചാരിച്ചു. മിസ്റ്റര്‍ തോമസ് ഷെല്‍വി; ഞാനവനെ വിളിച്ചു. അവന്‍ വിളി കേട്ടു.

ഞാന്‍ അത്രം അടുപ്പമൊന്നും കാണിക്കാതിരുന്ന ഒരാളായിട്ടും ഷെല്‍വി ഇപ്പോള്‍ എന്നെ വിട്ടു പോവുന്നില്ല. ഞാന്‍ അകലം പാലിക്കുമ്പോഴും അവന്‍ അടുത്തു തന്നെ നില്‍ക്കുന്നു. ഷെല്‍വിക്കു എന്നോട് സ്‌നേഹമാണെന്നു എനിക്കു മനസ്സിലായി. വായിക്കുമ്പോള്‍, ടീവിയില്‍ വാര്‍ത്ത കാണുമ്പോള്‍, ഭക്ഷണം കഴിക്കാനിരിക്കുമ്പോഴെല്ലാം അവനെന്നെ വലംവെക്കുന്നു. അവന്റെ മൃദുവായ രോമവാലു കൊണ്ട് ഇടക്കെന്നെ തലോടുന്നു. അവനെന്നെ സ്‌നേഹിക്കുന്നു എന്ന അറിവില്‍ എന്റെ ഉള്ളിലുണ്ടായിരുന്ന ആശങ്ക ഇല്ലാതാവുകയും ഞങ്ങള്‍ കൂടുതല്‍ സ്‌നേഹത്തിലാവുകയും ചെയ്തു.

അവനും ഞാനും തമ്മില്‍ അകന്നു കഴിഞ്ഞ കാലത്തെ സംഭവങ്ങള്‍ ഓര്‍ക്കുമ്പോള്‍ എനിക്കിപ്പോള്‍ അവനോട് കുറച്ചു വാല്‍സല്യം തോന്നുന്നു. ഞാന്‍ നേരത്തെത്തന്നെ അവനെ ശ്രദ്ധിക്കാഞ്ഞതു മോശമായെന്നു തോന്നുന്നു. ഒരു ദിവസം കിടപ്പുമുറിയില്‍ ഞാനറിയാതെ കയറിയ അവന്‍ അതിന്റെ വാതിലു പൂട്ടിക്കളഞ്ഞു. വാതിലിലേക്കു ചാടി അവന്‍ ചില അഭ്യാസങ്ങള്‍ കാണിക്കുന്നതു ഞാന്‍ കണ്ടിട്ടുണ്ട്. പക്ഷേ, ഇങ്ങനെയൊരു നീക്കം പ്രതീക്ഷിച്ചതല്ല. ഞാന്‍ ഊണു കഴിക്കുകയായിരുന്നു. അതു കഴിഞ്ഞു വന്നപ്പോഴാണ് വാതിലു പൂട്ടിയതായി കാണുന്നത്. ഇതാരു പൂട്ടി, ഞാന്‍ മകളോടും ജോലിക്കാരിയോടും തിരക്കി. ഇവിടെ ആരെങ്കിലും വന്നോ..? ആരാണിതു പൂട്ടിയത്. നമ്മളൊക്കെ ഇവിടെ ഉള്ള ഇന്നേരത്ത് ഇവിടെ ആരെങ്കിലും വന്നോ... ഞങ്ങള്‍ പലതും സംശയിച്ചു. സംശയം കാരണം
സി.സി.ടി.വി ചെക്കു ചെയ്തു. ആരും വന്നിട്ടില്ല. ഒടുവില്‍ ഒരു കാര്‍പന്ററെ വിളിച്ചു പൂട്ടുപൊളിച്ചു വാതില്‍ തുറന്നു അകത്തു കയറിയ ഞങ്ങളെ നോക്കി നില്‍ക്കുന്നു തോമസ് ഷെല്‍ബി. വാതിലിന്റെ താക്കോല്‍തുളയില്‍ തന്നെയുണ്ടായിരുന്നു കീയിലെക്കു ചാടിക്കടിച്ചു വാതിലു പൂട്ടിയത് ഷെല്‍വി തോംസാണ്..! കാര്‍പന്റര്‍ ഉറപ്പിച്ചു.

കിടപ്പു മുറിയില്‍ കയറരുതെന്നു ആജ്ഞാപിക്കുകയും കയറിയപ്പോഴെല്ലാം അവനെ ശകാരിക്കുകയും ചെറിയൊരു വടികൊണ്ട് അവനെ അടിക്കുമെന്നു ഭീണണിപ്പെടുത്തുകയും ചെയ്തിട്ടുണ്ട് ഞാന്‍. അതിനിങ്ങനെ ഒരു പ്രതികാരം അവന്‍ ചെയ്യുമെന്നു ഞങ്ങള്‍ കരുതിയില്ല. വീട്ടില്‍ അതിഥികള്‍ ഉണ്ടായിരുന്ന ഒരു ദിവസം ഷെല്‍ബിയെ കാണാതായി. വീടാകെ തിരഞ്ഞു. വീട്ടില്‍ വന്നവരും തെരച്ചിലില്‍ പങ്കുചേര്‍ന്നു. മകള്‍ പുറത്തുപോയ സമയവുമായിരുന്നു. അവളില്ലാത്ത നേരത്ത് അവനെ കാണാതായത് ഞങ്ങളുടെ അശ്രദ്ധ കൊണ്ടാണെന്ന പരാതി കൂടി കേള്‍ക്കേണ്ടി വരുമല്ലോ. ഞാന്‍ മകനെ വിളിച്ചു പൂച്ചയെ കാണാനില്ലെന്ന വിവരം പറഞ്ഞു. ഞങ്ങളുടെ വീടുള്ള കെട്ടിടമാകെ എല്ലാവരും അരിച്ചു പെറുക്കി. ആളുകള്‍ ഒന്നടങ്കം പൂച്ചയെ അന്വേഷിച്ചു. മകളും പൂച്ചയും തമ്മിലുള്ള സ്‌നേഹബന്ധം അറിയുന്ന എല്ലാവരും സങ്കടപ്പെട്ടു. ഒരിടത്തും അവനില്ല. എങ്ങോട്ടേക്കെങ്കിലും ഉള്ള അവന്റെ പൂച്ചനടത്തം ആരും കണ്ടിട്ടില്ല. മകനാവട്ടെ, മുമ്പ് പൂച്ച പോയിട്ടുള്ള ഒരു ഫഌറ്റില്‍ പോയി വാതിലില്‍ മുട്ടി. അവിടെ ആളില്ലായിരുന്നു. മകള്‍ എത്തും മുമ്പേ പൂച്ചയെ കണ്ടുകിട്ടിയില്ലെങ്കില്‍ ഉള്ള ശകാരം അവനറിയാം. ഫഌറ്റുകാര്‍ വാതില്‍ തുറക്കാത്തതാവും എന്നു കരുതി അവന്‍ വാതിലില്‍ ആഞ്ഞടിച്ചു. കലികൊണ്ടു പറ്റിയ അബദ്ധമാണ്. ഫഌറ്റിന്റെ വാതിലു ഒരു ഭാഗം പൊട്ടിപ്പോയി. അതൊരു വലിയ കുലുമാലായി. വീട്ടിലേക്കു അതിക്രമിച്ചു കയറി എന്നു പറഞ്ഞു ഫഌറ്റ് ഉടമ പോലീസില്‍ പരാതി നല്‍കി. പൂച്ചയെ കിട്ടിയില്ല എന്നു മാത്രമല്ല, വീട്ടിലെ അഥിതികളും ഈ ബഹളത്തില്‍ പെട്ടു. അവര്‍ വളരെ ദൂരെ നിന്നും വന്നവരായിരുന്നു. അതിനെല്ലാം പുറമെ മകനെ അന്വേഷിച്ചു പോലീസ് വരാതെ നോക്കുകയും വേണം. ഒരു പൂച്ചയുണ്ടാക്കുന്ന പുകിലു കുറച്ചൊന്നുമല്ലല്ലോ എന്ന കോപവും എനിക്കുണ്ടായി. അഥിതികള്‍ പോയി, മകനോട് ദുബായിലേക്കു പോകാന്‍ പറഞ്ഞു. ഞാനൊറ്റക്കു അസ്വസ്ഥനായി ഇരിക്കുമ്പോള്‍ ഉണ്ട് പിറകില്‍ നിന്നൊരു വിളി. മ്യാവൂ. അവനപ്പോള്‍ മാവോയുടെ ക്രൗര്യം, ഗാന്ധിയുടെ ശാന്തത.

ഇപ്പോള്‍ അവനെ ഇഷ്ടമായപ്പോഴാണ് ഞാനിതെല്ലാം തിരിച്ചറിയുന്നത്. ഇഷ്ടമാണല്ലോ നമ്മുടെ കണ്ണു തുറക്കുക. അപ്പോഴാണല്ലോ, കാണാതെ വിട്ടുപോയതെല്ലാം നമ്മള്‍ കണ്ടു തുടങ്ങുക. ഞാന്‍ ഇഷ്ടപ്പെടാതിരുന്നപ്പോഴും അവനെന്നെ ഇഷ്ടപ്പെട്ടിരുന്നു. ഞാന്‍ സ്‌നേഹിക്കാതിരുന്നപ്പോഴും അവനെന്നെ സ്‌നേഹിച്ചിരുന്നു. സ്‌നേഹത്തിന്റെ കാര്യത്തിലും നമ്മള്‍ മനുഷ്യര്‍ക്കു മുന്‍വിധികളും അവിശ്വാസങ്ങളും ഉണ്ട്. ഓഫീസില്‍ നിന്നും വൈകി വരുമ്പോഴെല്ലാം ഷെല്‍ബി വാതില്‍ക്കല്‍ നിന്നിരുന്നത് ഞാന്‍ ഓര്‍മ്മിക്കുന്നു. എന്താ കുറച്ചു നേരത്തെ വന്നാല്‍, ഞാന്‍ എത്രനേരമായി കാത്തു നില്‍ക്കുന്നു എന്നൊരു മട്ടിലാവും അവന്റെ നില്പ്. അതു കാണുമ്പോള്‍ പൂമുഖവാതില്‍ക്കല്‍ സ്‌നേഹം വിടര്‍ത്തുന്ന പൂന്തിങ്കളാകുന്നു പൂച്ച എന്നു മാറ്റിപ്പാടാന്‍ യേശുദാസിനോടു ഇനി കാണുമ്പോള്‍ പറയണമെന്നു ഞാന്‍ വിചാരിക്കും.

ടീവിയില്‍ ന്യൂസ് കാണാനിരിക്കുന്ന എന്റെയടുത്തു വന്നിരുന്നു ഒരു കാരണവരുടെ ഭാവത്തിലുള്ള അവന്റെ ടീവിയിലേക്കു നോക്കിയുള്ള ഒരിരിപ്പുണ്ട്. ഇത്രക്ക് അങ്കാരം വെണ്ട കേട്ടോ, ഞാന്‍ പറയും. അപ്പോഴൊന്നും ഞാനവനെ തീരെ വകവച്ചില്ല. ഇപ്പോള്‍ കാണാനാവാത്ത ഒരണു ഞങ്ങളെ വല്ലാതെ ഇണക്കിയിരിക്കുന്നു. അവനെന്നെ നോക്കുന്ന പോലെ ഞാന്‍ അവനെയും നോക്കുന്നു. ഞാന്‍ വല്ലതും വായിക്കുന്നേരം പുറത്തു കടലോരക്കാഴ്ചകളിലേക്കു നോക്കി അവനിരിക്കും. മുഖത്തു ആരെയോ നഷ്ടപ്പെട്ടതിന്റെ നൊമ്പരവും ആരെയോ കാത്തിരിക്കുന്നതിന്റെ നിഴലും കാണാം. പക്ഷേ, അവന്റെ കണ്ണുകളിലൊരിക്കലും അതൊന്നും തെളിയില്ല. രാത്രിയില്‍ അവന്റെ കണ്ണുകളിലെ തിളക്കത്തിനു എന്തോ പ്രത്യേകത ഉണ്ട്. അതു കണ്ടു ഞാന്‍ ഇപ്പോഴും ചകിതനാകുന്നു. മൂര്‍ച്ചയേറിയ കണ്ണുകള്‍. അത്രക്കു മൂര്‍ച്ചയുണ്ടോ അവന്റെ കണ്ണുകള്‍ക്ക്. ഒരു വൈദ്യുതി പ്രവാഹം, മിന്നല്‍ വെളിച്ചം. കണ്ണുകളില്‍ നിന്നുതിരുന്ന ഈ മിന്നല്പിണര്‍ ഞാന്‍ മുമ്പും കണ്ടിട്ടുണ്ടല്ലോ.. അകാലത്ത് എന്നെ വിട്ടുപോയ എന്റെ മകന്റെ കണ്ണുകളിലായിരുന്നല്ലോ അത്..!



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നവീൻ ബാബുവിന്‍റെ മരണം; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുളള ഹരജി ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും.

Kerala
  •  8 days ago
No Image

സംസ്ഥാനത്തെ വൈദ്യുതി നിരക്ക് വര്‍ധനയിൽ പ്രഖ്യാപനം ഇന്നറിയാം

Kerala
  •  8 days ago
No Image

ശബരിമല ദർശനത്തിനെത്തിയ 2 തീർഥാടകർ കുഴഞ്ഞുവീണു മരിച്ചു

Kerala
  •  8 days ago
No Image

ക്രിസ്റ്റ്യാനോ റൊണാൾഡോ ഇസ്ലാം മതം സ്വീകരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് മുൻ സഹതാരം വലീദ് അബ്ദുള്ള

Football
  •  8 days ago
No Image

ട്രോളി ബാ​ഗിൽ 8 കിലോ കഞ്ചാവുമായി അസം സ്വദേശികൾ പിടിയിൽ

Kerala
  •  8 days ago
No Image

സ്വിമ്മിങ് പൂളിൽ നീന്തുന്നതിനിടെ ദേഹാസ്വാസ്ഥ്യം; റാസൽഖൈമയിൽ മലയാളി വിദ്യാർഥി മരിച്ചു

uae
  •  8 days ago
No Image

തമിഴ്നാട്ടിൽ മലിനജലം കലർന്ന വെള്ളം കുടിച്ച് 3 പേർ മരിച്ചു, 23 പേർ ആശുപത്രിയിൽ

Kerala
  •  8 days ago
No Image

സ്വിസ് ബാങ്കിന്റെ കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ ശതകോടീശ്വരൻമാരുള്ള അറബ് രാജ്യമായി യു.എ.ഇ

uae
  •  8 days ago
No Image

കെഎസ്ഇബി എൻജിനീയറുടെ വാഹനം മോഷ്ടിച്ച് പൊളിച്ച് ആക്രിക്ക് വിറ്റു; പ്രതികൾ പിടിയിൽ

Kerala
  •  8 days ago
No Image

ഇനി വിമാന ടിക്കറ്റ് നിരക്കിൽ തോന്നുന്നത് പോലെ ഉള്ള വർദ്ധന വേണ്ട; കടിഞ്ഞാണിടാൻ കേന്ദ്രം

latest
  •  8 days ago