കോസ്റ്റ റിക്ക ബ്രസീല്‍ മത്സരത്തിലൊരു മലയാളി ടച്ച്
മോസ്‌കോ: ബ്രസീലും കോസ്റ്റ റിക്കയും കളിനടക്കുന്ന മൈതാനത്ത് മലയാളിക്കെന്താ കാര്യമെന്ന് ചോദിക്കാന്‍ വരട്ടെ. ഈ മത്സരത്തിലെ ഒഫീഷ്യല്‍ ബോള്‍ ബിയറര്‍ ഒരു മലയാളി ടച്ചുള്ള കുട്ടിയായിരുന്നു. നിലവില്‍ തമിഴ്‌നാട്ടില്‍ താമസിക്കുകയും ആന്ധ്രാപ്രദേശിലെ സ്‌കൂളില്‍ പഠിക്കുകയും ചെയ്യുന്ന മാവേലിക്കര കണ്ടത്തില്‍ മാത്യു ജോണിന്റെ മകളായ നതാനിയയാണ് (11) ബ്രസീല്‍-കോസ്റ്റ റിക്ക മത്സരത്തിലെ ബോള്‍ ബിയററായത്. ആന്ധ്രാപ്രദേശ് മദനപ്പള്ളിയിലെ ഹൃഷിവാലാ ബോര്‍ഡിങ്ങ് സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയാണ് നതാനിയ. തമിഴ്‌നാട്ടിലെ കോട്ടഗിരി ഗ്രോസ്വിന്‍ റോഡിലാണ് നതാനിയയും കുടുംബവും താമസിക്കുന്നത്. ബോള്‍ ബിയറര്‍മാരായി രണ്ട് ഇന്ത്യന്‍ കുട്ടികളെ മാത്രമേ തിരഞ്ഞെടുത്തിട്ടുള്ളു.
കര്‍ണാടകയില്‍ നിന്നുള്ള ഹൃഷി തേജാണ് (10) മറ്റൊരു വിദ്യാര്‍ഥി. ആദ്യമായി ബോള്‍ ബിയററാകുന്ന കുട്ടിയാണ് തേജ്. കഴിഞ്ഞ ബെല്‍ജിയം-പാനമ മത്സരത്തില്‍ തേജായിരുന്നു ബോള്‍ ബിയറര്‍. വിവിധ രാജ്യങ്ങളില്‍ നടന്ന ഫിഫ ബോള്‍ ബിയറര്‍മാരാകാനുള്ള മത്സരത്തില്‍ 64 സ്‌കൂള്‍ വിദ്യാര്‍ഥികളേയാണ് തിരഞ്ഞെടുത്തിട്ടുള്ളത്. കഴിഞ്ഞ മാസം സുനില്‍ ഛേത്രിയും ഫിഫ സംഘവുമായിരുന്നു ബോള്‍ ബിയറര്‍മാരെ തിരഞ്ഞെടുത്ത്. മത്സരത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗത്തുനിന്നുള്ള 1600 വിദ്യാര്‍ഥികള്‍ പങ്കെടുത്തിരുന്നു. ഇതില്‍ നിന്നായിരുന്നു ഈ രണ്ട് വിദ്യാര്‍ഥികളെ തിരഞ്ഞെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."