എസ്.എസ്.എല്‍.സി: ജില്ലയില്‍ പരീക്ഷയെഴുതാന്‍ 12167 വിദ്യാര്‍ഥികള്‍
തൊടുപുഴ: ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷയില്‍ ജില്ലയിലെ 154 പരീക്ഷാകേന്ദ്രങ്ങളിലായി 12167 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതും. അതില്‍ 6333 ആണ്‍കുട്ടികളും 5834 പെണ്‍കുട്ടികളുമാണ്. തൊടുപുഴ വിദ്യാഭ്യാസ ജില്ലയില്‍ 33 സര്‍ക്കാര്‍ സ്‌കൂളുകളിലും 34 എയ്ഡഡ് സ്‌കൂളുകളിലും മൂന്ന് ടെക്‌നിക്കല്‍ സ്‌കൂളുകളിലും ഒരു ഐ.എച്ച്.ആര്‍.ഡി യിലുമായി ആകെ 71 പരീക്ഷാകേന്ദ്രങ്ങളിലും കട്ടപ്പന വിദ്യാഭ്യസ ജില്ലയില്‍ 42 സര്‍ക്കാര്‍
സ്‌കൂളുകളും 36 എയ്ഡഡ് സ്‌കൂളുകളും അഞ്ച് അണ്‍ എയ്ഡഡ് സ്‌കൂളുകളിലുമായി 83 പരീക്ഷാകേന്ദ്രങ്ങളില്‍ 12167 പേരാണ് പരീക്ഷയെഴുതുന്നത്.
തൊടുപുഴ വിദ്യാഭ്യാസ ജില്ലയില്‍ 34 സര്‍ക്കാര്‍ സ്‌കൂളുകളിലായി 1249 വിദ്യാര്‍ഥികളും 34 എയ്ഡഡ് സ്‌കൂളുകളില്‍ 3925 വിദ്യാര്‍ഥികളും മൂന്ന് അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ പരീക്ഷയെഴുതുന്ന 204 വിദ്യാര്‍ഥികളും ഉള്‍പ്പെടെ 5378 പേരാണ് പരീക്ഷയെഴുതുന്നത്.
കട്ടപ്പന വിദ്യാഭ്യാസ ജില്ലയിലെ 42 സര്‍ക്കാര്‍ സ്‌കൂളുകളില്‍ 2737ഉം 36 എയ്ഡഡ് സ്‌കൂളുകളില്‍ 3399ഉം അഞ്ച് അണ്‍ എയ്ഡഡ് സ്‌കൂളുകളിലായി 534 ഉം വിദ്യാര്‍ഥികളുള്‍പ്പെടെ 6789 പേരാണ് പരീക്ഷയെഴുതുന്നത്. രണ്ടു വിദ്യാഭ്യാസ ജില്ലകളിലായി സര്‍ക്കാര്‍ സ്‌കൂളില്‍ 3986 വിദ്യാര്‍ഥികളും എയ്ഡഡ് സ്‌കൂളില്‍ 7324 വിദ്യാര്‍ഥികളും അണ്‍ എയ്ഡഡ് സ്‌കൂളില്‍ 738 വിദ്യാര്‍ഥികളുമാണ് പരീക്ഷയെഴുതുന്നത്. ആകെയുള്ള 12167 വിദ്യാര്‍ത്ഥികളില്‍ 6333 പേര്‍ ആണ്‍കുട്ടികളും 5834 പേര്‍ പെണ്‍കുട്ടികളുമാണ്.
കൂടുതല്‍ പേര്‍ കല്ലാറില്‍, കുറവ് പെരിഞ്ചാംകുട്ടിയില്‍
ഏറ്റവും കൂടുതല്‍ പേര്‍ പരീക്ഷയെഴുതുന്നത് കല്ലാര്‍ ജി.എച്ച്.എസിലാണ്, 342 പേര്‍. ഏറ്റവും കുറവ് പേര്‍ പരീക്ഷയെഴുതുന്നത് പെരിഞ്ചാംകുട്ടി ജി.എച്ച്.എസിലുമാണ്, ഏഴ് പേര്‍.
തൊടുപുഴ വിദ്യാഭ്യാസ ജില്ലയില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതുന്ന സര്‍ക്കാര്‍ സ്‌കൂള്‍, 136 പേര്‍ പരീക്ഷയെഴുതുന്ന ജി.എച്ച്.എസ് രാജാക്കാടാണ്. എയ്ഡഡ് മേഖലയില്‍ കരിമണ്ണൂര്‍ എസ്.ജെ.എച്ച്.എസ്.എസില്‍ നിന്നും 305 പേര്‍ പരീക്ഷയെഴുതും. അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ 71 പേരെ പരീക്ഷയ്ക്കിരുത്തുന്ന തൊടുപുഴ ജയ്‌റാണി ഇംഗ്ലീഷ് മീഡിയം സ്‌കൂളാണ് മുന്നില്‍.
കട്ടപ്പന വിദ്യാഭ്യാസ ജില്ലയില്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ കല്ലാര്‍ ഗവ. എച്ച്.എസില്‍ 342 വിദ്യാര്‍ത്ഥികളും എയ്ഡഡ് സ്‌കൂളില്‍ കട്ടപ്പന സെന്റ്‌ജോര്‍ജ്ജ് എച്ച്.എസില്‍ 170 പേരും പരീക്ഷയെഴുതും. അണ്‍ എയ്ഡഡ് മേഖലയില്‍ കട്ടപ്പന ഒ.ഇ.എം.എച്ച്.എസില്‍ 170 വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതും.
കട്ടപ്പന വിദ്യാഭ്യാസ ജില്ലയില്‍ ഏറ്റവും കുറവ് വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതുന്ന സര്‍ക്കാര്‍ സ്‌കൂള്‍ പെരിഞ്ചാംകുട്ടി ജി.എച്ച്.എസാണ്ഏഴ് പേര്‍. എയ്ഡഡ് മേഖലയില്‍ മുക്കുളം എസ്.ജി.എച്ച്.എസ്.എസ് 15 പേര്‍. അണ്‍എയ്ഡഡ് മേഖലയില്‍ നെടുങ്കണ്ടം എസ്.ഡി.എ.എച്ച്.എസില്‍ 10 പേര്‍ പരീക്ഷയെഴുതും.
തൊടുപുഴ വിദ്യാഭ്യാസ ജില്ലയില്‍ കാഞ്ഞിരമറ്റം ജി.എച്ച്.എസിലാണ് ഏറ്റവും കുറവ് വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതുന്നത് 13 പേര്‍. എയ്ഡഡ് മേഖലയില്‍ കൂവപ്പള്ളി സി.എം.എച്ച്.എസില്‍ 18 പേരും അണ്‍ എയ്ഡഡ് മേഖലയില്‍ തൊടുപുഴ ഡിപോള്‍ ഇ.എം.എച്ച്.എസ്.എസിലെ 33 പേരും പരീക്ഷയെഴുതും.
കലക്ടര്‍ അവലോകനം ചെയ്തു
ജില്ലയിലെ എസ്.എസ്.എല്‍.സി പരീക്ഷയുടെ ക്രമീകരണങ്ങള്‍ അവലോകനം ചെയ്യുന്നതിന് കലക്‌ട്രേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കലക്ടര്‍ എച്ച്. ദിനേശന്‍ അധ്യക്ഷത വഹിച്ചു.
ചോദ്യപേപ്പര്‍ ജില്ലാ വിദ്യാഭ്യാസ ഓഫിസുകളില്‍ എണ്ണലും തരംതിരിക്കലും ഇന്ന് പൂര്‍ത്തിയാകും. ചോദ്യപേപ്പര്‍ ക്ലസ്റ്റര്‍ അടിസ്ഥാനത്തില്‍ ബാങ്ക് ട്രഷറി ലോക്കറുകളിലേക്ക് മാറ്റും. ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ നിയോഗിക്കുന്ന ഡെലിവറി ഓഫിസര്‍മാര്‍ പൊലിസ് അകമ്പടിയോടെ പ്രത്യേക വാഹനത്തില്‍ ചോദ്യപേപ്പര്‍ പായ്ക്കറ്റുകള്‍ അതത് പരീക്ഷാദിവസം രാവിലെ ബന്ധപ്പെട്ട പരീക്ഷാകേന്ദ്രങ്ങളില്‍ എത്തിക്കും.
ഉത്തരകടലാസുകള്‍ അതേ ദിവസം തന്നെ മൂല്യനിര്‍ണയ ക്യാംപുകളിലേക്ക് അയക്കും. പരീക്ഷ മാര്‍ച്ച് 13ന് തുടങ്ങി 28ന് അവസാനിക്കും.
ഉച്ചക്ക് ശേഷമാണ് പരീക്ഷാസമയം. ഉച്ചക്ക് 1.30ന് വിദ്യാര്‍ഥികള്‍ പരീക്ഷഹാളില്‍ ഹാജരാകണം. 1.45 മുതല്‍ രണ്ടുവരെ കൂള്‍ ഓഫ് ടൈം ആണ്. രണ്ടണ്ടിന് പരീക്ഷ തുടങ്ങും. കണക്ക്, സാമൂഹ്യശാസ്ത്രം. ഇംഗ്ലീഷ് വിഷയങ്ങള്‍ക്ക് രണ്ടണ്ടര മണിക്കൂറും മറ്റു വിഷയങ്ങള്‍ക്ക് ഒന്നര മണിക്കൂറുമാണ് പരീക്ഷാസമയം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."