പ്രാദേശിക ഭരണം ബാലസൗഹൃദമാക്കാന്‍ പദ്ധതി വരുന്നു
വടക്കാഞ്ചേരി: ലോകം മുഴുവന്‍ ശ്രദ്ധാപൂര്‍വം വീക്ഷിക്കുന്ന കേരളത്തിന്റെ ജനകീയാസൂത്രണ പ്രസ്ഥാനം രാജ്യം ഏറ്റെടുത്തതിന് പിന്നാലെ സംസ്ഥാനത്തിന്റെ മറ്റൊരു മാതൃകാ പദ്ധതി കൂടി ദേശീയ ശ്രദ്ധയാകര്‍ഷിക്കുന്നു. മുളങ്കുന്നത്ത് കാവ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കേരള ഇന്‍സ്റ്റിറ്റിയൂറ്റ് ഓഫ് ലോക്കല്‍ അഡ്മിനിസ്‌ട്രേഷന്‍ (കില) ആവിഷ്‌കരിച്ച് വിജയകരമായി നടപ്പിലാക്കിയ പ്രാദേശിക ഭരണം ബാല സൗഹൃദമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് രാജ്യം മുഴുവന്‍ വ്യാപിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതി തയാറാക്കിയത്.
ജനകീയാസൂത്രണത്തിന് പിന്നാലെ ബാലസൗഹൃദ പദ്ധതിയും കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുത്തതോടെ മറ്റൊരു കേരള മോഡല്‍ കൂടി രാജ്യത്തിന്റെ അഭിമാന പദ്ധതികളിലൊന്നാവുകയാണ് . ബാല സൗഹൃദ പഞ്ചായത്തീരാജ് എന്ന പേരിലാണ് ദേശീയ തലത്തില്‍ പദ്ധതി നടപ്പിലാക്കുക. ഇതിന് മുന്നോടിയായി കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ ഗ്വാളിയാറില്‍ ദ്വിദിന ദേശീയ ശില്‍പ്പശാല നടന്നു.
കിലയുടെ സാങ്കേതിക സഹായത്തോടെയായിരുന്നു ശില്‍പശാല. ഡയരക്ടര്‍ ജോയ് ഇളമണ്ണിന്റെ നേതൃത്വത്തില്‍ അസോസിയേറ്റ് പ്രൊഫസര്‍ ഡോ.പീറ്റര്‍ എം. രാജ്, പേരാവൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ജിജി ജോയ്, വെള്ളിയാമറ്റം പഞ്ചായത്ത് പ്രസിഡന്റ് ഷീബ രാജശേഖരന്‍ എന്നിവരടങ്ങുന്ന സംഘം ശില്‍പശാലയില്‍ പങ്കെടുക്കുകയും ചെയ്തു.
നേരത്തെ സംസ്ഥാന സര്‍ക്കാര്‍ കില പദ്ധതി നടത്തിപ്പിന് പദ്ധതി ആസൂത്രണ മാര്‍ഗരേഖയില്‍ അഞ്ച് വികസന ഫണ്ട് നിര്‍ബന്ധമായും വകയിരുത്തണമെന്ന് ത്രിതല പഞ്ചായത്തുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാരും ദേശീയ തല ജനകീയാസൂത്രണയഞ്ജ മാര്‍ഗരേഖയില്‍ ബാലസൗഹൃദ പ്രവര്‍ത്തനങ്ങളും ഉള്‍പ്പെടുത്തിയത്. ഇതോടെ കിലയും വലിയ അഭിമാന നിറവിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."