13 വര്‍ഷം നാട്ടില്‍ പോകാതെ പ്രവാസം, മൃതദേഹം അഞ്ചു മാസം ഫ്രീസറില്‍; ഒടുവില്‍ മലയാളിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാന്‍ വഴിയൊരുങ്ങി
റിയാദ്: അഞ്ചു മാസത്തിനു മുന്‍പ് മരിച്ച മലയാളിയുടെ മൃതുദേഹം ഒടുവില്‍ നാട്ടിലേക്ക് കൊണ്ടുപോകാന്‍ വഴിയൊരുങ്ങി. കൊല്ലം ആര്യങ്കാവ് സ്വദേശി അയ്യപ്പ മുത്തുവിന്റെ മൃതദേഹമാണ് സാമൂഹ്യ പ്രവര്‍ത്തകരുടെ കഠിന പരിശ്രമങ്ങള്‍ക്കൊടുവില്‍ നാട്ടിലേക്ക് കൊണ്ട് പോകാന്‍ സാധ്യമാക്കുന്നത്. വിവിധ കടമ്പകള്‍ കഴിഞ്ഞു അനുമതി കിട്ടിയതോടെ ഈ ആഴ്ച അവസാനത്തോടെ നാട്ടിലേക്കു കൊണ്ട് പോയി അടക്കം ചെയ്യാനാകുമെന്ന പ്രതീക്ഷയിലാണ് കുടുംബവും സാമൂഹ്യ പ്രവര്‍ത്തകരും.
പതിമൂന്നു വര്‍ഷങ്ങക്ക് മുന്‍പ് സഊദിയിലെത്തിയ അയ്യപ്പ മുത്തു ഇതുവരെയായി നാട്ടില്‍ പോയിട്ടില്ല. വീട്ടിലെ കനത്ത ദുരിതത്തില്‍ നിന്നും കര കയറാനാകുമെന്ന പ്രതീക്ഷയില്‍ ബാങ്ക് ലോണെടുത്ത് വിസക്ക് പണം നല്‍കിയാണ് ദമാമിലെ സ്വകാര്യ മാന്‍പവര്‍ സപ്ലൈ കമ്പനിയില്‍ ജോലിക്കെത്തിയത്. എന്നാല്‍, വിവിധ കാരണങ്ങളാല്‍ സാമ്പത്തിക ബാധ്യതതയില്‍ പെട്ട സ്ഥാപനം അടച്ചു പൂട്ടിയതോടെയാണ് ഇദേഹത്തിന്റെ പരിപൂര്‍ണ്ണ കഷ്ടകാലം തുടങ്ങിയത്. ഇതിനിടെ സ്‌പോണ്‍സര്‍ മുത്തുവിനെ വിവിധ സ്ഥലങ്ങളില്‍ ജോലിക്കായി അയച്ചെങ്കിലും ശമ്പളമൊന്നും നല്‍കാതായതോടെ നിരന്തരം ശമ്പളം ചോദിച്ചു പിന്നില്‍ നടന്നപ്പോള്‍ സ്‌പോണ്‍സര്‍ കള്ളകേസില്‍ കുടുക്കി.
എന്നാല്‍, നാട്ടിലെ പ്രാരാബ്ദങ്ങളും ബാങ്ക് വായ്പയുടെ തിരിച്ചടവും ബാക്കി നില്‍ക്കെ നാട്ടില്‍ പോകാന്‍ അയ്യപ്പ മുത്തു തയ്യാറായില്ല. കേസ് നിലനില്‍ക്കെ വീണ്ടും തൊഴില്‍ തേടി പ്രവാസത്തില്‍ തുടര്‍ന്നു. കോടതി കേസിനു വിളിക്കുമ്പോള്‍ അയ്യപ്പ മുത്തുവിന് ഹാജരാകാന്‍ കഴിയാതായതോടെ കേസ് എതിരാകുകയും പോലീസ് പിടികൂടി നാടുകടത്തല്‍ കേന്ദ്രത്തിലാക്കുകയും ചെയ്തു. സാമൂഹ്യ പ്രവര്‍ത്തകന്‍ ഇടപെട്ടു പുറത്തിറക്കി ആറു വര്‍ഷക്കാലം പിന്നീട് സെക്യൂരിറ്റിയായി ജോലി നോക്കുന്നതിടെ കുഴഞ്ഞു വീണു നാല് മാസം ആശുപത്രിയിലായി . അസുഖം ബേധമായി നാട്ടിലേക്കയക്കാന്‍ വീണ്ടും ശ്രമങ്ങള്‍ നടത്തുന്നതിടെ വീണ്ടും കുഴഞ്ഞു വീണു കോമ അവസ്ഥയില്‍ വെന്റിലേറ്ററില്‍ ചികിത്സയിലുമായി. ആറു മാസത്തോളം വെന്റിലേറ്ററില്‍ കഴിഞ്ഞാണ് മാരിമുത്തു മരണപ്പെട്ടത്. എങ്കിലും കേസ് നിലവിലുള്ളതിനാല്‍ മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകാനുള്ള നടപടികള്‍ നീണ്ടു പോയി. ഒടുവിലാണ് അഞ്ചു മാസത്തെ പരിശ്രമങ്ങള്‍ക്കൊടുവില്‍ നാട്ടിലേക്ക് കൊണ്ട് പോകാന്‍ വഴിയൊരുങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."