വനിതാ ജീവനക്കാരോട് അപമര്യാദയായി പെരുമാറി; വടകരപ്പതി പഞ്ചായത്ത് സെക്രട്ടറിക്കും അസിസ്റ്റന്റ് സെക്രട്ടറിക്കും സസ്‌പെന്‍ഷന്‍
പാലക്കാട്: വടകരപ്പതി പഞ്ചായത്ത് സെക്രട്ടറിയേയും അസിസ്റ്റന്റ് സെക്രട്ടറിയേയും സസ്‌പെന്‍ഡ് ചെയ്തു. സെക്രട്ടറി കെ. സന്തോഷിനേയും അസിസ്റ്റന്റ് സെക്രട്ടറി ടി.പി വേണുഗോപാലനേയുമാണ് പാലക്കാട് പഞ്ചായത്ത് ഡയരക്ടര്‍ സസ്‌പെന്‍ഡ് ചെയ്തത്. വനിതാ ജീവനക്കാരോട് അപമര്യാദായായി പെരുമാറുകയും ജീവനക്കാരുടെ അന്തസിനെയും പഞ്ചായത്തിന്റെ സുഗമമായ നടത്തിപ്പിനെയും ബാധിക്കുന്ന രീതിയില്‍ പ്രവര്‍ത്തിക്കുകയും ചെയ്‌തെന്ന പരാതിയിന്‍മേലാണ് സസ്‌പെന്‍ഷന്‍.
തങ്ങളോട് അപമര്യാദാപരമായി പെരുമാറിയെന്ന് വനിതാ ജീവനക്കാര്‍ കഴിഞ്ഞ മാസം ആറിന് പാലക്കാട് പഞ്ചായത്ത് ഡെപ്യൂട്ടി ഡയരക്ടര്‍ക്ക് നേരിട്ട് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ 15ന് ഡെപ്യൂട്ടി ഡയരക്ടര്‍ പാലക്കാട് പഞ്ചായത്ത് ഡയരക്ടര്‍ക്ക് കത്തയക്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇരുവരേയും സസ്‌പെന്‍ഡ് ചെയ്ത് ഉത്തരവിറക്കിയത്. പഞ്ചായത്തില്‍ വരുന്നവരോട് മോശമായി പെരുമാറുകയും ജീവനക്കാര്‍ക്ക് മാനസിക അസ്വസ്ഥതയുണ്ടാകുന്ന തരത്തില്‍ പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നതായും, അധികാരം ഉപയോഗിച്ച് അനതികൃതമായി സ്വത്ത് വകകള്‍ സമ്പാദിച്ചിരുന്നതായും അഴിമതി കാണിച്ചിരുന്നതായും ഇവര്‍ക്കെതിരെ ആക്ഷേപമുണ്ട്.
അസിസ്റ്റന്റ് സെക്രട്ടറിയുടെ അനതികൃത സ്വത്ത് സമ്പാദ്യം കണ്ടുകെട്ടണമെന്നും അഴിമതി അന്വേഷികണമെന്നും 'അഴിമതി രഹിത സമൂഹം' ജനകീയ കൂട്ടായ്മ കണ്‍വീനര്‍ പ്രേംജിത്ത് വേലന്താവളം ആവശ്യപ്പെട്ടു. ഇതുസംബന്ധമായി മുഖ്യമന്ത്രിക്ക് പരാതിയും നല്‍കിയുട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."