ഭാരതപ്പുഴ, ബിയ്യംകായല്‍ സംയോജന പദ്ധതി ഇഴയുന്നു
എടപ്പാള്‍: മലപ്പുറം, തൃശൂര്‍ ജില്ലകളിലെ രണ്ട് ലക്ഷം കുടുംബങ്ങള്‍ക്കും പൊന്നാനി കോളജിലെ കൃഷിയ്ക്കും ജലമെത്തിക്കുന്ന ഭാരതപ്പുഴ, ബിയ്യംകായല്‍ സംയോജന പദ്ധതി ഇഴയുന്നു.
ചമ്രവട്ടം റഗുലേറ്ററിന്റെ സഹായത്തോടെ സംഭരിക്കപെടുന്ന ജലം നരിപ്പറബില്‍ നിന്നും ബിയ്യത്തെ വലിയ പാലത്തിനടിയിലൂടെ വരുന്ന കനാല്‍ വഴി ബിയ്യം കായലില്‍ എത്തിക്കുന്ന തരത്തിലാണ് പദ്ധതി രൂപരേഖ തയ്യാറാക്കിയിരിക്കുന്നത്.
നരിപ്പറബില്‍ നിന്ന് വരുന്ന ജലസേചന വകുപ്പിന്റെ കനാല്‍ നവീകരിച്ചും 400 മീറ്ററോളം പുതിയ കനാല്‍ നിര്‍മിച്ചും പദ്ധതി നടപ്പാക്കാന്‍ രണ്ട് വര്‍ഷം മുന്‍പ് സര്‍ക്കാര്‍ മേജര്‍ ഇറിഗേഷനെ ചുമതലപ്പെടുത്തിയിരുന്നു. 20കോടിയോളം രൂപയാണ് പദ്ധതിക്ക് ചിലവ് പ്രതീക്ഷിക്കുന്നത്. പദ്ധതി രൂപരേഖ പ്രകാരം പൊന്നാനി ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ കനാലിന്റെ സര്‍വേയും ഇന്‍വെസ്റ്റിഗേഷന്‍ റിപ്പോര്‍ട്ടും സമര്‍പ്പിച്ചിട്ടുണ്ട്.
ഉയര്‍ന്ന തലത്തില്‍ നിന്നുള്ള പദ്ധതിയുടെ ഡിസൈനിങ്ങും വിശദമായ പ്രോജക്ട് റിപ്പോര്‍ട്ടും സര്‍ക്കാറിലേക്ക് നല്‍കാത്തത് മൂലം ജലമെത്തിക്കുന്ന പദ്ധതി നീണ്ട് പോകുകയാണ്. പൊന്നാനി മേഖലയിലെ കോളിലെ 12000 ഏക്കര്‍ കൃഷിക്കും കോള്‍ മേഖലയോട് ചേര്‍ന്ന് കിടക്കുന്ന പൊന്നാനി, തലപ്പിള്ളി, ചാവക്കാട് താലൂക്കുകളിലെ രണ്ട് ലക്ഷത്തോളം കുടുംബങ്ങള്‍ക്കും ഭാരതപ്പുഴയില്‍ നിന്നും ബിയ്യം കായലിലേക്ക് എത്തിക്കുന്ന ജലം കൊണ്ട് പ്രയോജനം ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."