ഡെങ്കിഭീഷണിയിലും അലംഭാവവുമായി ആരോഗ്യവകുപ്പും പഞ്ചായത്തും
വെഞ്ഞാറമൂട്: നെല്ലനാട് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ മാലിന്യനിക്ഷേപത്തിനോട് അനുബന്ധിച്ച് കൊതുകുവളര്‍ത്തല്‍ കേന്ദ്രങ്ങള്‍ രൂപപ്പെട്ടിട്ടും അധികൃതര്‍ തിരിഞ്ഞ് നോക്കാത്തതിനെതിരേ പ്രതിഷേധം ഉയരുന്നു.
കനത്തമഴയെ പിന്‍പറ്റി പനിയും മറ്റ് പര്‍ച്ച വ്യാധികളും വ്യാപകമായി തലപൊക്കുമ്പോഴാണ് പഞ്ചായത്തിന്റെയും ആരോഗ്യവകുപ്പിന്റെയും നിസംഗത. കഴിഞ്ഞ ദിവസം വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കല്‍ കോളജിന് സമീപം നിര്‍മാണജോലിക്കെത്തിയ ഇതരസംസ്ഥാന തൊഴിലാളി മരിച്ചത് ഡെങ്കിപ്പനിബാധിച്ചാണെന്ന വിവരം പുറത്ത് വന്നിരിക്കുകയാണ്.
ആദ്യം ഈ മരണവിവരം മറച്ച് വയ്ക്കുന്ന സമീപനമാണ് അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടായത്ത്. ഒടുവില്‍ ഇന്നലെയോടെ ചിലസ്ഥലങ്ങളില്‍ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളുമായി ആരോഗ്യ പ്രവര്‍ത്തകരെത്തി. എന്നാല്‍ ഇത് പ്രഹസനമായി മാറിയതായും ആരോപണമുണ്ട്.
വെഞ്ഞാറമൂട് ടൗണിനോട് ചേര്‍ന്നുള്ള പ്രെവറ്റ് ബസ് സ്റ്റാന്‍ഡിനായുള്ള സ്ഥലം വലിയൊരു മാലിന്യക്കളമായി മാറിയ അവസ്ഥയാണ്. ഇവിടെ പഞ്ചായത്തിന്റെ മത്സ്യലേലം നടക്കുന്ന ഇടമായാണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്. മത്സ്യാവശിഷ്ടങ്ങളും മാലിന്യങ്ങളും നിരഞ്ഞ് കൊതുകുകളുടെയും മറ്റും താവളമായിരിക്കുകയാണ് പഞ്ചായത്ത് കാര്യാലയത്തില്‍ നിന്നും വിളിപ്പാടകലെയുള്ള ഇവിടം. സമീപത്തെ മാര്‍ക്കറ്റിന്റെ അവസ്ഥയും വിഭിന്നമല്ല. ജങ്ഷനിലും മറ്റ് പ്രാന്തപ്രദേശങ്ങളിലും മാലിന്യക്കൂമ്പാരങ്ങളും വെള്ളക്കെട്ടുകളും ഉയരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."