അധികാരം ലഭിച്ചിട്ടും വികസനത്തില്‍ കണ്ണൂര്‍ പിന്നോക്കം: അബ്ദുല്ലക്കുട്ടി
കണ്ണൂര്‍: അധികാരകേന്ദ്രങ്ങളെല്ലാം ഇടത് പക്ഷത്തിന് ലഭിച്ചിട്ടും വികസനകാര്യത്തില്‍ കണ്ണൂര്‍ പിന്നോട്ടാണെന്ന് മുന്‍ എം.എല്‍.എ എ.പി അബ്ദുല്ലകുട്ടി.
തകര്‍ന്ന എളയാവൂര്‍ സൗത്ത്, മുണ്ടയാട്, ചോടേന്‍മെട്ട റോഡ് പുനര്‍നിര്‍മ്മിക്കണമെന്നും ശുചിത്വ ഫണ്ട് ജനോപകാര പ്രദമായി വിനിയോഗിക്കണമെന്നാവശ്യപ്പെട്ട് എളയാവൂര്‍ സൗത്ത് 22ാം ഡിവിഷന്‍ കോണ്‍ഗ്രസ് കമ്മിറ്റി കണ്ണൂര്‍ കോര്‍പറേഷന്‍ ഓഫിസിന് മുന്നില്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എം.എല്‍.എയും എം.പിയും കോര്‍പറേഷനും ഇടതു മുന്നണിക്കാരാണ്. വികസനമുണ്ടാക്കാന്‍ ഇവര്‍ക്ക് താല്‍പര്യമുണ്ടെങ്കില്‍ പദ്ധതികള്‍ തുടങ്ങട്ടെ. ആരും എതിര്‍ക്കാനില്ലല്ലോ പിന്നെ എന്തിനാണ് വികസനം നടത്താത്തതെന്നും അബ്ദുല്ലകുട്ടി ചോദിച്ചു. പാട്ടുപാടി നടക്കുന്നതല്ലാതെ കണ്ണൂരിന് വേണ്ടി ഒന്നും ചെയ്യാത്ത മന്ത്രിയാണ് ഇവിടെയുള്ളത്. കോര്‍പ്പറേഷനകത്ത് പല റോഡുകളും തകര്‍ന്ന് തരിപ്പണമായിട്ടുണ്ട്.
മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ അടിസ്ഥാന സൗകര്യം പോലുമുണ്ടാക്കാന്‍ ഭരണാധികാരികള്‍ക്ക് സാധിക്കാത്തത് ഗുരുതരമായ വിഷയമാണെന്നും അദ്ദേഹം പറഞ്ഞു.
രാജീവന്‍ എളയാവൂര്‍ അധ്യക്ഷനായി. കണ്ണൂര്‍ നിയോജക മണ്ഡലം യു.ഡി.എഫ് ചെയര്‍മാന്‍ സുരേഷ് ബാബു എളയാവൂര്‍, പി.കെ സജേഷ് കുമാര്‍, ഇ.പി മധുസൂദനന്‍, സുനില്‍ മണ്ടന്‍, സോമസുന്ദരന്‍, എന്‍.കെ നാരായണന്‍, ടി. ദേവദാസ്, പി. ഭരതന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."