തിരുവനന്തപുരത്ത് പ്രതീക്ഷിച്ചപോലെ എളുപ്പമാകില്ല; ബി.ജെ.പി പൊതുസമ്മതനെയും തേടുന്നു
തിരുവനന്തപുരം: ബി.ജെ.പിക്ക് വിജയപ്രതീക്ഷയുണ്ടായിരുന്ന തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ എം.എല്‍.എയും മുന്‍ മന്ത്രിയുമായ സി. ദിവാകരനെ മത്സരിപ്പിക്കാന്‍ സി.പി.ഐ തീരുമാനിച്ചതോടെ ബി.ജെ.പി വെട്ടിലായി. ശക്തനായ സ്ഥാനാര്‍ഥിയെ നിര്‍ത്താനായി ബി.ജെ.പി ഇപ്പോള്‍ നെട്ടോട്ടത്തിലാണ്.
കുമ്മനം രാജശേഖരന്‍ തിരിച്ചുവരണമെന്ന് മുതിര്‍ന്ന നേതാവ് ഒ. രാജഗോപാല്‍ എം.എല്‍.എ ഉള്‍പെടെയുള്ളവര്‍ ആവശ്യപ്പെടുകയാണെങ്കിലും ജയിക്കാനായില്ലെങ്കിലോ എന്ന ചോദ്യമാണ് ആര്‍.എസ്.എസ് ഉയര്‍ത്തുന്നത്. ഇതിനു കൃത്യമായ മറുപടി പറയാന്‍ ഇവര്‍ക്കാകുന്നുമില്ല. കുമ്മനം ഗവര്‍ണര്‍ സ്ഥാനം രാജിവച്ച് എത്തില്ലെന്ന് ഉറപ്പായ സാഹചര്യത്തില്‍ ഇനിയെന്തെന്നാണ് സംസ്ഥാന നേതൃത്വം ആലോചിക്കുന്നത്.
തിരുവനന്തപുരത്തു മത്സരിക്കണമെന്ന ആഗ്രഹത്തിലാണ് സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍പിള്ള. പക്ഷേ പിള്ള മത്സരിക്കുന്നതിലൂടെ ബി.ജെ.പിക്ക് തിരുവനന്തപുരത്ത് ഒന്നും ചെയ്യാനാവില്ലെന്ന് പാര്‍ട്ടി തന്നെ വിലയിരുത്തുന്നുണ്ട്. തിരുവനന്തപുരത്തു മത്സരിക്കാന്‍ സുരേഷ് ഗോപി താല്‍പര്യം പ്രകടിപ്പിച്ചെങ്കിലും കൊല്ലത്തു മത്സരിക്കണമെന്നാണ് പാര്‍ട്ടി പറയുന്നത്. ഈ സാഹചര്യത്തില്‍ ബി.ജെ.പിക്ക് എപ്പോഴും തിരിച്ചടിയേല്‍ക്കുന്ന തീരദേശത്തിനുകൂടി സ്വീകാര്യനാകുന്ന പൊതുസമ്മതനായ ഒരു സ്ഥാനാര്‍ഥിയെ തിരക്കുകയാണ്. പക്ഷേ ശശി തരൂരിനെയും സി. ദിവാകരനെയും ഒരുമിച്ച് നേരിടാന്‍ കഴിയുന്ന കരുത്തുള്ള സ്ഥാനാര്‍ഥിയെ കണ്ടെത്താനാവാതെ കുഴങ്ങുകയാണ് ബി.ജെ.പി.
അനുകൂലമായ സാഹചര്യത്തിലും മറ്റിടങ്ങളിലും സ്ഥാനാര്‍ഥി നിര്‍ണയത്തിന് കഴിയാതെ ബി.ജെ.പി മുന്നോട്ടുപോകുകയാണ്. മറ്റു മുന്നണികള്‍ ജാഥകള്‍ അവസാനിപ്പിച്ച് സ്ഥാനാര്‍ഥി നിര്‍ണയത്തിലേക്ക് കടന്നപ്പോഴാണ് ബി.ജെ.പി ജാഥ ആരംഭിച്ചത്. 10ന് ജാഥകള്‍ അവസാനിച്ചതിനു ശേഷമേ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുന്നതിലേക്ക് ബി.ജെ.പി കടക്കൂ. 11നോ 12നോ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനാണ് ബി.ജെ.പിയുടെ ഇപ്പോഴത്തെ ലക്ഷ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."