കടലാക്രമണം ശക്തമായി തുടരുന്നു; പാലപ്പെട്ടി അജ്മീര്‍ നഗര്‍ റോഡ് തകര്‍ന്നു
പൊന്നാനി: ആഴ്ചകളായി തുടരുന്ന കടലാക്രമണത്തില്‍ പാലപ്പെട്ടി അജ്മീര്‍ നഗര്‍ റോഡ് പൂര്‍ണമായും തകര്‍ന്നു. പാലപ്പെട്ടി, പതിയിരുത്തി എന്നിവിടങ്ങളിലേക്കുള്ള റോഡാണ് ഇതോടെ ഇല്ലാതായത്.
പാലപ്പെട്ടിയിലും വെളിയങ്കോടും നിരവധി കുടുംബങ്ങളാണ് കടലാക്രമണത്തെത്തുടര്‍ന്ന് ബന്ധുവീടുകളിലേക്കു താമസം മാറിയത്. വെളിയങ്കോട് കുരുവാളകത്ത് ഹംസ, തണ്ണിത്തുറക്കല്‍ മൊയ്തു, വടക്കേപ്പുറത്ത് അഷറഫ്, പൊന്നാക്കാരന്‍ ഖാലിദ്, നിലമ്പൂര്‍ ഫാത്തിമ, കിഴക്കേതില്‍ ബീവാത്തു, ഹസന്‍ പുരക്കല്‍ ബീവി, ഹാജിയാരകത്ത് ഫൗസിയ, മുടക്കിയകത്ത് കമ്മു, മുക്രിയകത്ത് യൂസഫ്, കിഴക്കേതില്‍ മുഹമ്മദുണ്ണി, പൊന്നാക്കാരന്‍ സുബൈദ, മുക്രിയകത്ത് ഹസന്‍, പൊന്നാക്കാരന്‍ അഷറഫ് എന്നിവരുടെ വീടുകളാണ് കടലാക്രമണ ഭീഷണി നേരിടുന്നത്. ഇവരുടെ വീടുകളിലേക്ക് കടല്‍വെള്ളവും മണലും അടിച്ച് കയറുന്നുണ്ട്.
കടലോരത്തുള്ള മുപ്പതോളം വീടുകള്‍ കടലാക്രമണ ഭീഷണിയിലാണ്. അജ്മീര്‍ നഗര്‍, പത്തുമുറി എന്നിവിടങ്ങളിലാണ് വീടുകള്‍ തകര്‍ന്നത്. വെളിയങ്കോടുള്ള ചെമ്മീന്‍ ഹാച്ചറിയുടെ കെട്ടിടത്തിലേക്കും വെള്ളം കയറി. ഹാച്ചറിക്ക് സമീപത്തെ കടല്‍ഭിത്തികളും തകര്‍ന്നു. തകര്‍ന്നു പോയ പാലപ്പെട്ടി അജ്മീര്‍ നഗര്‍ റോഡിന്റെ കൂടുതല്‍ പ്രദേശങ്ങളും കടലെടുത്തു. കടല്‍ കര കവരുന്നത് രൂക്ഷമായതോടെ പലരും തെങ്ങുകള്‍ വെട്ടിയൊഴിവാക്കുകയാണ്. നിരവധി തെങ്ങുകളാണ് രണ്ടാഴ്ചക്കിടയില്‍ കടലെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."