2018ല്‍ ശ്രീലങ്കയിലെ മുസ്‌ലിം വിരുദ്ധ കലാപത്തിന് കാരണക്കാരായതില്‍ മാപ്പു പറഞ്ഞ് ഫേസ്ബുക്ക്
ഹോങ്കോങ്: 2018ല്‍ ശ്രീലങ്കയില്‍ നടന്ന മുസ്‌ലിം വിരുദ്ധ കലാപത്തിന് കാരണക്കാരായതില്‍ മാപ്പു പറഞ്ഞ് ഫേസ്ബുക്ക്. കലാപത്തിന് ഫേസ്ബുക്ക് കാരണക്കാരായെന്ന് കണ്ടെത്തിയ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് പരസ്യമായ മാപ്പപേക്ഷ. ഫേസ്ബുക്ക് വഴി പ്രചരിച്ച വിദ്വേഷ പ്രസംഗങ്ങളും വ്യാജ വാര്‍ത്തകളും മുസ്‌ലിംകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്ക് കാരണമായി എന്നായിരുന്നു കണ്ടെത്തല്‍. ശ്രീലങ്കയിലെ മുസ്‌ലിം വിരുദ്ധ വംശീയ അതിക്രമത്തിന് പുറമെ ഇന്തോന്യേഷയിലും കമ്പോഡിയയിലും നടന്ന മനുഷ്യാവകാശ വിഷയങ്ങളിലും ഫേസ്ബുക്ക് തിരുത്തുമായി രംഗത്തുവന്നിട്ടുണ്ട്.
2018ല്‍ ഒരു മുസ്‌ലിം റസ്റ്റോറന്റ് ജോലിക്കാരന്‍ സിംഹള-ബുദ്ധിസ്റ്റുക്കാരായ ആളുകള്‍ക്ക് വന്ധ്യംകരണ ഗുളികകള്‍ ഭക്ഷണത്തില്‍ കലക്കുന്നതായ വ്യാജ വൈറല്‍ വീഡിയോ രാജ്യത്ത് പ്രചരിച്ചിരുന്നു. ഈ വീഡിയോ വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ പ്രചരിക്കുകയും മുസ്‌ലിം വിരുദ്ധ കലാപത്തിലേക്ക് നയിക്കുകയും ചെയ്തതായി ഫേസ്ബുക്ക് നിയോഗിച്ച അന്വേഷണ കമ്മീഷന്‍ കണ്ടെത്തി. 2018ല്‍ ശ്രീലങ്കയില്‍ പൊട്ടിപുറപ്പെട്ട കലാപത്തില്‍ മൂന്നു പേര്‍ കൊല്ലപെടുകയും 20ന് മുകളില്‍ ആളുകള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കലാപത്തില്‍ സിംഹള-ബുദ്ധിസ്റ്റ് ഭൂരിപക്ഷ മേഖലകളിലെ നിരവധി മുസ്‌ലിം പള്ളികളും മുസ്‌ലിംകളായ വ്യക്തികളുടെ കടകളും അക്രമിക്കപ്പെടുകയും ചെയ്തു. രാജ്യത്തെ പല അക്രമസംഭവങ്ങളിലും പങ്കുവഹിച്ചിട്ടും കൃത്യമായി ഇടപെടാന്‍ കഴിയാതെ ഫേസ്ബുക്ക് പരാജയപ്പെട്ടതിനെക്കുറിച്ച് അന്വേഷണ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്.
കലാപം രൂക്ഷമായതോടെ 2019 മാര്‍ച്ചില്‍ ശ്രീലങ്കന്‍ സര്‍ക്കാര്‍ രാജ്യത്ത് ഫേസ്ബുക്ക് അടക്കമുള്ള സാമൂഹിക മാധ്യമങ്ങള്‍ നിരോധിച്ചിരുന്നു.
ഇന്ത്യയില്‍ സോഷ്യല്‍ മീഡിയ വഴിയുള്ള വ്യാജ വാര്‍ത്തകള്‍ അക്രമത്തിനും ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കും കാരണമായത് ഇതിന് മുമ്പ് വാര്‍ത്തയായിരുന്നു. പുതിയ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ രാജ്യങ്ങളില്‍ മനുഷ്യാവകാശ സംരക്ഷണ വിഷയങ്ങളില്‍ ഫേസ്ബുക്ക് അന്വേഷണം നടത്തിയേക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."