ദേശീയ കരുത്ത് ലക്ഷ്യമിട്ട് സി.പി.എമ്മിന്റെ സീറ്റ് വിഭജനം: എല്‍.ഡി.എഫില്‍ കലാപക്കൊടി
കോഴിക്കോട്: അടുത്തിടെ മുന്നണിയിലെടുത്തതുള്‍പ്പെടെ 11 ഘടകകക്ഷികള്‍ക്ക് സീറ്റു നല്‍കാതെ സി.പി.എമ്മും സി.പി.ഐയും ലോക്‌സഭാ സീറ്റുകള്‍ പങ്കിട്ടെടുത്തതില്‍ എല്‍.ഡി.എഫില്‍ കലാപക്കൊടി ഉയരുന്നു. പരമാവധി സീറ്റും വോട്ടും തങ്ങളുടെ അക്കൗണ്ടില്‍ മാത്രം എത്തിച്ച് ദേശീയ രാഷ്ട്രീയത്തിലെ പ്രസക്തി നിലനിര്‍ത്താനാണ് ഘടകകക്ഷികളുടെ സീറ്റുകളും പിടിച്ചുവാങ്ങി സി.പി.എം കേരളത്തില്‍ തെരഞ്ഞെടുപ്പിനിറങ്ങുന്നത്. ത്രിപുരയും പശ്ചിമബംഗാളും കൈവിട്ടതോടെ കേരളത്തില്‍നിന്നും കൂടുതല്‍ സീറ്റ് നേടാന്‍ സി.പി.എം തന്ത്രം മെനഞ്ഞപ്പോള്‍ ഇവിടെ രാഷ്ട്രീയ തിരിച്ചടി നേരിട്ടത് സി.പി.ഐ ഒഴികെയുള്ള ഘടകകക്ഷികള്‍ക്കാണ്.
തങ്ങള്‍ക്ക് അര്‍ഹതയുണ്ടായിരുന്ന സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പല കക്ഷികളും വേണമെങ്കില്‍ മുന്നണി വിടാന്‍പോലും ഒരുക്കമാണെന്ന നിലപാടിലാണുള്ളത്. പരസ്യമായ പ്രതിഷേധവുമായി ലോക് താന്ത്രിക് ജനതാദളും ജനതാദള്‍ എസുമാണ് രംഗത്തുവന്നിരിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് മുന്നണി വിപുലീകരിച്ചപ്പോള്‍ അകത്തായ ഐ.എന്‍.എല്ലിലും പ്രതിഷേധം ശക്തമാണ്.
വീരേന്ദ്രകുമാര്‍ നേതൃത്വം നല്‍കുന്ന ലോക് താന്ത്രിക് ജനതാദളില്‍ കലാപം ഉരുണ്ടുകൂടിയിട്ടുണ്ട്. വടകര തങ്ങള്‍ക്ക് തരാമെന്ന ഉറപ്പിലാണ് യു.ഡി.എഫ് വിട്ട് എല്‍.ഡി.എഫിലെത്തിയത്. എന്നാല്‍ സീറ്റു തരാതെ വഞ്ചിച്ചതിനാല്‍ മുന്നണി വിടണമെന്നാണ് ഒരു വിഭാഗം നേതാക്കളുടെ ആവശ്യം. കോഴിക്കോട് ലോക്‌സഭാ സീറ്റ് സി.പി.എം പിടിച്ചെടുത്തതില്‍ പ്രതിഷേധിച്ചാണ് 10 വര്‍ഷം മുന്‍പ് വീരേന്ദ്രകുമാര്‍ വിഭാഗം എല്‍.ഡി.എഫ് വിട്ടത്. വീരേന്ദ്രകുമാറിന്റെ പടിയിറക്കം ഇടതുമുന്നണിക്ക് കോഴിക്കോട്, വടകര ലോക്‌സഭാ സീറ്റുകള്‍ നഷ്ടപ്പെടാന്‍ ഇടയാക്കിയെന്നാണ് വിലയിരുത്തല്‍. വീരേന്ദ്രകുമാറും പാര്‍ട്ടിയും വീണ്ടും തിരിച്ചുവന്നത് എല്‍.ഡി.എഫിന് കോഴിക്കോടും വടകരയും തിരിച്ചുപിടിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയില്‍ ഇരിക്കുമ്പോഴാണ് വീണ്ടും സീറ്റ് തര്‍ക്കം കരിനിഴല്‍ വീഴ്ത്തിയത്.
തങ്ങള്‍ക്ക് കോഴിക്കോട്, വടകര ലോക്‌സഭാ മണ്ഡലങ്ങളില്‍ നിര്‍ണായക സ്വാധീനമുണ്ടെന്നാണ് എല്‍.ജെ.ഡിയുടെ ജില്ലാ നേതാക്കള്‍ പറയുന്നത്. ഇന്ന് കോഴിക്കോട് ചേരുന്ന ജില്ലാകമ്മിറ്റിയില്‍ ശക്തമായ പ്രതിഷേധവും തീരുമാനവും ഉണ്ടാകുമെന്നും നേതാക്കള്‍ വ്യക്തമാക്കുന്നു.
സി.പി.എമ്മും സി.പി.ഐയും കഴിഞ്ഞാല്‍ നിയമസഭയിലെ എല്‍.ഡി.എഫിലെ മൂന്നാമത്തെ കക്ഷിയാണ് ജനതാദള്‍ (എസ്). മൂന്ന് എം.എല്‍.എമാര്‍ ഉള്ള ഇവര്‍ക്കും ഇത്തവണ സി.പി.എം സീറ്റ് നല്‍കിയിട്ടില്ല. കഴിഞ്ഞ തവണ മത്സരിച്ച കോട്ടയം സീറ്റുകൂടി പിടിച്ചെടുത്തതോടെ പാര്‍ട്ടിക്കുള്ളില്‍ ശക്തമായ പ്രതിഷേധം നിലനില്‍ക്കുകയാണ്. കേരളത്തില്‍ മത്സരിക്കേണ്ടത് പാര്‍ട്ടിയുടെ ദേശീയ നേതൃത്വത്തിന്റെകൂടി ആവശ്യമായിരുന്നിട്ടും സി.പി.എം ചെവിക്കൊളളാത്തതിലാണ് നേതാക്കള്‍ക്ക് പ്രതിഷേധം. രണ്ട് നിയമസഭാ സീറ്റുള്ള എന്‍.സി.പിക്കും ലോക്‌സഭാ സീറ്റില്ല. ഒരു എം.എല്‍.എമാര്‍ വീതമുള്ള സി.എം.പി, കോണ്‍ഗ്രസ് (എസ്), കേരളാ കോണ്‍ഗ്രസ് (ബി) എന്നിവക്കും ഐ.എന്‍.എല്‍, ജനാധിപത്യ കേരളാ കോണ്‍ഗ്രസ് എന്നീ കക്ഷികള്‍ക്കും സീറ്റില്ല.
1998ല്‍ ആറ് ഘടക കക്ഷികളുടെ സ്ഥാനാര്‍ഥികള്‍ എല്‍.ഡി.എഫിന്റെ ഭാഗമായി ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കില്‍ ഇപ്പോള്‍ അത് സി.പി.എമ്മിലേക്കും സി.പി.ഐയിലേക്കും ചുരുങ്ങിയിരിക്കുകയാണ്. 98ല്‍ സി.പി.എം 11, സി.പി.ഐ 4, ജനതാദള്‍ 2, കോണ്‍ഗ്രസ് എസ് 1, ആര്‍.എസ്.പി 1, കേരളാ കോണ്‍ഗ്രസ് ജെ 1 എന്നിങ്ങനെയായിരുന്നു കക്ഷിനില. എന്നാല്‍ പിന്നീട് ഓരോ തെരഞ്ഞെടുപ്പിലും സി.പി.എം ഘടകകക്ഷികളില്‍നിന്നും സീറ്റുകള്‍ പിടിച്ചെടുക്കുകയായിരുന്നു. 2009ല്‍ എസ്.ജെ.ഡി പുറത്തുപോയതോടെ ആ സീറ്റും സി.പി.എം ഏറ്റെടുത്തു. 2014ല്‍ സി.പി.എം 15 സീറ്റിലും സി.പി.ഐ നാല് സീറ്റിലും ജെ.ഡി.എസ് ഒരു സീറ്റിലും മത്സരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."